Thursday November 23, 2017
Latest Updates

കാറ്ററിംഗ് ,ഫാസ്റ്റ് ഫുഡ് മേഖലയില്‍ അനധികൃത തൊഴിലാളികള്‍ പെരുകുന്നതിനെതിരെ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ സമിതി 

കാറ്ററിംഗ് ,ഫാസ്റ്റ് ഫുഡ് മേഖലയില്‍ അനധികൃത തൊഴിലാളികള്‍ പെരുകുന്നതിനെതിരെ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ സമിതി 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ അനധികൃത തൊഴിലാളികള്‍ പെരുകുന്നതായി പഠനറിപ്പോര്‍ട്ട്.തീരെ കുറഞ്ഞ വേതനത്തില്‍ അടിമപ്പണിയ്ക്ക് സമാനമായ ജോലികള്‍ ചെയ്യുന്നവരില്‍ അധികവും ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള തൊഴിലാളികളെന്നു പഠനം തെളിയിക്കുന്നു.

ഇന്ത്യക്കാര്‍ ഏറെപ്പേരും ജോലി ചെയ്യുന്ന കാറ്ററിംഗ് രംഗത്താണ് ഇത്തരക്കാരേറെയുള്ളത് .ഇഎസ്ആര്‍ഐ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് അനധികൃത ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.നികുതി വെട്ടിപ്പിന്റെയും തൊഴില്‍ ചൂഷണത്തിന്റെയും പുതിയ മുഖങ്ങളാണ് റിപോര്‍ട്ടിലൂടെ വെളിപ്പെടുന്നത്.നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികളായെത്തി ഇവിടെ തുടരുന്നവരും കണക്കില്‍പ്പെടാത്ത കുടിയേറ്റക്കാരുമാണ് ഈ രംഗത്തുള്ളവരിലേറെയുമെന്നാണ് റിപോര്‍ട് സ്ഥിരീകരിക്കുന്നത്.

അനധികൃത കുടിയേറ്റക്കാരാണ് തൊഴില്‍രംഗത്ത് മാരകമായ ചൂഷണത്തിനിരയാകുന്നതെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ അയര്‍ലണ്ട്(എംസിആര്‍ഐ) റിസേര്‍ച് റിപോര്‍ട്ടില്‍ പറയുന്നു.ഇവരുടെ താമസം തുടങ്ങിയ സംഗതികള്‍ അറിയാത്തതിനാല്‍ ഇവരുടെ ജീവിത ദുരിതം പുറം ലോകത്തെ അറിയിക്കാന്‍ പരിശോധകര്‍ക്കും കഴിയുന്നില്ല.മണിക്കൂറിന് രണ്ട് യൂറോ നിരക്കില്‍ ആഴ്ചയില്‍ 70മണിക്കൂര്‍ ജോലിചെയ്തു ജീവിക്കുന്ന ബ്രസില്‍ ജോഡികളെ റിസേര്‍ച്ചിനിടെ കണ്ടെത്തിയിരുന്നു.

കാറ്ററിംഗ്,ഫാസ്റ്റ്ഫുഡ് രംഗത്താണ് അനധികൃത തൊഴില്‍ദാനം നിലനില്‍ക്കുന്നതെന്ന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനും കണ്ടെത്തിയിരുന്നു. 2016ല്‍ 404 കേസുകള്‍ ഇത്തരത്തിലുള്ളത് പിടികൂടിയിരുന്നു.നിയമവിരുദ്ധമായി ജോലിചെയ്യിക്കുന്നതിനുള്ള വിചാരണനടപടികളുടെ പോരായ്മകളും പഠനം വെളിപ്പെടുത്തുന്നു. അനധികൃത ജോലി കണ്ടെത്തിയാല്‍ തൊഴിലുടമയെയും ജോലിക്കാരേയും പ്രോസിക്യൂട് ചെയ്യാന്‍ ഡബ്ല്യു.ആര്‍.സിക്ക് അധികാരമുണ്ട്. എന്നാല്‍ മിക്കപ്പോഴും തൊഴിലുടമയെ കേന്ദ്രീകരിച്ചായിരിക്കും വിചാരണ നടക്കുക. അതിലാകട്ടെ തൊഴിലുടമയ്ക്ക് തെറ്റുതിരുത്താനുള്ള അവസരവും ലഭിക്കും.ഫലത്തില്‍ ജീവനക്കാര്‍ക്ക് ജോലി പോകുമെന്നതു മാത്രമാണ് സംഭവിക്കുന്നതെന്ന് എംസിആര്‍ഐ സ്ഥിരീകരിക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എംപ്ലോയ്മെന്റ് പെര്‍മിറ്റില്ലാതെ അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവില്ല.അല്ലെങ്കില്‍ അവരുടെ റസിഡന്‍സ് പെര്‍മിറ്റ് അത് അനുവദിച്ചിരിക്കണം.നോണ്‍ ഇ.യു. വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇളവുള്ളു.ടേം പീരിയഡില്‍ ആഴ്ചയില്‍ 20മണിക്കൂറും അവധികളില്‍ 40 മണിക്കൂറും എംപ്ലോയ്മെന്റ് പെര്‍മിറ്റില്ലാതെ ജോലിചെയ്യാന്‍ ഇവര്‍ക്ക് അനുമതിയുണ്ട്.

Scroll To Top