Thursday September 21, 2017
Latest Updates

വീരന്മാരുടെ ഗ്രീസ്! ജയിച്ചത് ജനാധിപത്യം,യൂറോപ്പ് ഞെട്ടി വിറയ്ക്കുന്നു 

വീരന്മാരുടെ ഗ്രീസ്! ജയിച്ചത് ജനാധിപത്യം,യൂറോപ്പ് ഞെട്ടി വിറയ്ക്കുന്നു 

ഏതന്‍സ് :ഗ്രീസിലെ ഹിത പരിശോധനയുടെ ഫലം അക്ഷര്‍ഥത്തില്‍ യൂറോപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.100 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ 61.31 % വോട്ടു നേടി യൂറോപ്യന്‍ നിബന്ധനകള്‍ക്ക് നേരെ വിജയം ഉറപ്പിച്ച ഗ്രീസിലെ സാധാരണക്കാരുടെ ജനകീയ മുന്നേറ്റം വിശ്വസിക്കാനാവാതെ പരിഭ്രാന്തിയിലാണ് യൂറോപ്യന്‍ നേതാക്കള്‍.

വിശ്വ വിഖ്യാതനായ ഷേക്‌സ്പിയറിന്റെ ഒരു കഥയായ വെനീസിലെ വ്യാപാരിയിലെ ദുഷ്ട്ടനായ ഒരു പലിശക്കാരന്‍ കഥാപാത്രമുണ്ട്.ഷൈലോക്ക്.അന്യായ പലിശയ്ക്ക് പണം കടം കൊടുത്ത ശേഷം തിരിച്ചു തരാത്തവരുടെ ശരീരത്തിലെ മാംസം മുറിച്ചെടുത്ത് നല്‍കണം എന്നവശ്യപ്പെടുന്ന ഒരു ക്രൂരന്‍.ഷൈലോക്കിന്റെ കെണിയില്‍ പെട്ട് കടം വാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന അന്റോണിയാ എന്ന വ്യാപാരിയെ പിടിച്ച പിടിയാലെ കുരുക്കിലാക്കി ഇറച്ചി മുറിച്ചു വാങ്ങാന്‍ ഒരുങ്ങിയ ഷൈലോക്കിനെ പോര്‍ഷ്യാ എന്നൊരു അഭിഭാഷക വന്നു രക്ഷിച്ച കഥ ആരും മറക്കാന്‍ ഇടയില്ല.

പോര്‍ഷ്യ കരാര്‍ അംഗീകരിക്കാന്‍ സമ്മതിച്ചെങ്കിലും അന്റോണിയായുടെ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും വീഴാന്‍ അനുവദിക്കില്ല എന്ന നിലപാടെടുത്തതോടെ ഷൈലോക്ക് അടങ്ങി.ക്രൂരത തോറ്റു തൊപ്പിയിട്ടു.

പോര്‍ഷ്യ എന്ന അഭിഭാഷകയ്ക്ക് തുല്യമായ നിലപാടുകളാണ് അലക്‌സിസ് സിപ്രാസ് എന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള നാല്‍പ്പതുകാരന്‍ ഗ്രീസിന് വേണ്ടി എടുത്തത്.ഒപ്പം കാരിരുമ്പിന്റെ കരുത്തുള്ള 
ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാക്കീസും ചേര്‍ന്നപ്പോള്‍ യൂറോപ്യന്‍ കള്ളത്തരങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകരുന്ന കാഴ്ച്ചയാണ് ഗ്രീസിലെ ഹിതപരിശോധനാ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ കണ്ടത്.മുതലാളിത്വ തന്ത്രങ്ങള്‍ പൊളിഞ്ഞു പോയി.

രാജ്യം കടുത്ത പ്രതിസന്ധിയെ നേരിട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനും ഐ എം എഫും ഗ്രീസിനെ സഹായിച്ചു എന്നത് നേരു തന്നെ.പക്ഷെ അത് വെറുതെ ദാനം കൊടുത്തത് ഒന്നുമല്ലായിരുന്നു.ഐ എം എഫി ന്റെ വായ്പയുടെ പലിശ 3.6%,മാണ്.ഇത് കൊള്ള പലിശയെന്ന് പറയാന്‍ ആവാത്തതാണെങ്കിലും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്കിന്റെ പലമടങ്ങുകള്‍ കൂടുതലാണിത്.ജര്‍മ്മിനിയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങളും വന്‍ തോതില്‍ ഗ്രീസിന് സഹായമെത്തിച്ചത് മറ്റു വ്യാപാരങ്ങള്‍ ചെയ്യുന്ന ലാഭത്തെക്കാള്‍ ലഭിക്കും എന്നത് മാത്രമായിരുന്നില്ല,ഗ്രീസിനെ പോലെയുള്ള സാംസ്‌കാരിക സമൃദ്ധിയുള്ള രാജ്യത്തിന് മേല്‍ ആധിപത്യം നേടുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു എന്ന് പറയാതെ വയ്യ.

ഇവിടെയാണ് അഭിമാനികളായ ഗ്രീക്കുകാര്‍ പ്രതീകരിച്ചത്.വായ്പ്പ വാങ്ങി ധൂര്‍ത്തടിച്ച മുന്‍ സര്‍ക്കാരുകളെ പിഴുതെറിഞ്ഞ ഗ്രീക്ക് ജനത ജനാഭിലാഷത്തിനോപ്പം നില്‍ക്കുന്ന സിപ്രാസിയുടെ കക്ഷിയെ വിജയത്തേരിലേറ്റി. അപ്രാപ്യമായ ബിസിനസ് തന്ത്രങ്ങളും,കുത്തക മാധ്യമ മുതലാളിത്വ സിണ്ടിക്കേറ്റും ചേര്‍ന്ന് നടത്തിയ ഉപജാപങ്ങളും ഒത്തുകളിയും തിരിച്ചറിഞ്ഞ ഗ്രീസിലെ ജനങ്ങള്‍ യൂറോപ്യന്‍ യൂണിയന് പിന്നീട് പുല്ലിന്റെ വിലയെ കൊടുത്തുള്ളൂ.

കുടുക്കില്‍ പെടുത്തി തങ്ങളെ അടിച്ചേല്‍പ്പിച്ച യൂറോയെ തള്ളിക്കളഞ്ഞു പഴയ നാണയവും,സ്വാതന്ത്ര്യവും തിരിച്ചു കൊണ്ടുവരാന്‍ പോലും സിപ്രാസി തയാറായേക്കുമെന്ന പ്രത്യാശ സാധാരണക്കാരായ ഗ്രീക്കുകാരുടെ പിന്തുണ അദ്ദേഹത്തിനു ലഭിക്കാന്‍ ഇടയാക്കി.
ആത്മാഭിമാനികളുടെ ഗ്രീസ് 
വായ്പ്പ നീട്ടികൊടുക്കാന്‍ യൂറോപ്യന്‍ യൂണിയനോട് സമയം ചോദിച്ച ഗ്രീസിന് മുമ്പിലായി നിബന്ധനകളുടെ ഒരു കൂബാരം വെച്ച് അവര്‍ വില പേശി.ഗ്രീസിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളെ മാനസികവും സാമ്പത്തികവുമായ കൂടുതല്‍ അടിമത്വത്തിലേയ്ക്ക് കൊണ്ട് പോകാന്‍ പക്ഷെ ഇടതുപക്ഷ സര്‍ക്കാര്‍ തയാറായില്ല. നിബന്ധന അംഗീകരിക്കാന്‍ ജനങ്ങളോട് ചോദിക്കണം എന്നായിരുന്നു സിപ്രാസിയുടെ സര്‍ക്കാര്‍ നിലപാടെടുത്തത്.ഷേക്ക്‌സ്പിയര്‍ കഥയിലെ പാര്‍ഷ്യോയുടെ റോള്‍ തന്നെ !
‘ഗ്രീസിലെ ജനങ്ങളെ മുറിവേല്‍പ്പിക്കാന്‍ പാടില്ല,നിലവിലുള്ള സ്വാതന്ത്ര്യവും,വിനിയോഗ ശേഷിയും റദ്ദ് ചെയ്യാന്‍ പാടില്ല,അനാവശ്യ സാമ്പത്തിക നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ല’.ഒരു കടക്കാരനെ വരച്ച വരയില്‍ നിര്‍ത്തി ഡിമാന്‍ഡ് ചെയ്ത യൂറോപ്യന്‍ യൂണിയനോട് ഗ്രീസ് പ്രധാനമന്ത്രി തുറന്നു പറഞ്ഞു.

ജനങ്ങളാവട്ടെ തങ്ങളുടെ രാജ്യത്തെ നിരന്തരം ഭീഷണിപ്പെടുത്തുന്ന യൂറോപ്യന്‍ നേതാക്കളെ ഭീകരവാദികള്‍ എന്നാണു വിളിച്ചത്.ഇപ്പോഴിതാ ഹിത പരിശോധനയിലൂടെ ഗ്രീക്കുകാര്‍ ആത്മാഭിമാനം സംരക്ഷിച്ചിരിക്കുന്നു.

ഇനി യൂറോപ്പിന് ഒരു വഴിയേ കരണീയമായുള്ളു.ഗ്രീസിന് കൊടുത്തിരിക്കുന്ന വായ്പ ആ രാജ്യത്തിനെ പരമാധികാരം അംഗീകരിച്ച് ,പ്രത്യേക ഡിമാന്‍ഡൂകളൊന്നും വെയ്ക്കാതെ നീട്ടി കൊടുക്കണം,അതാണ് ഹിത പരിശോധന പ്രഖ്യാപിക്കും മുമ്പേ ഗ്രീസ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുമ്പില്‍ ചോദിച്ചു കൊണ്ടിരുന്നത്.

അഥവാ ,ഗ്രീസിനെ യൂറോ ബെല്‍റ്റില്‍ നിന്നും തള്ളി കളഞ്ഞ് കൊടുത്ത പണം ഉപേക്ഷിക്കണം.അതി ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് ലോകത്തെ തള്ളിയിടാനുള്ള അത്തരം ഒരു ഉദ്യമത്തിന് യൂറോപ്പ് തയാറാവുമോ എന്ന് കാത്തിരുന്നു കാണണം.
ലോക മുതലാളിത്വത്തിന് ഭീഷണി 
എന്തായാലും ഒരു കാര്യം ശുഭോദാര്‍ക്കമാണ്.ലോക മുതലാളിത്വത്തിന് ഗ്രീസിലെ ജനത കൊടുത്ത അടി ഇനിയുള്ള കാലം സാധാരണക്കാരന്റെ മേല്‍ കുതിര കയറാതിരിക്കാനുള്ള ഒരു മുന്നറിയിപ്പാണ്. അയര്‍ലണ്ട് അടക്കമുള്ള യൂറോപ്പിലെ പല രാജ്യങ്ങളിലും അധികാരവര്‍ഗം കെട്ടിയാടുന്ന വേഷങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സഹികെടുമ്പോള്‍ അവര്‍ പ്രതീകരിക്കുമെന്നും ഗ്രീസിലെ ഹിത പരിശോധാനാഫലം വെളിവാക്കുന്നു.

ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നാണ് ഗ്രീക്ക് സംസ്‌കാരത്തെ ലോകം വിളിച്ചത്.അവിടുത്തെ ജനങ്ങള്‍ ആ വിളിപ്പേര് കളഞ്ഞു കുളിച്ചില്ല.അന്തസോടെ മനുഷ്യന്റെ ആത്മ ഗൌരവം ഉയര്‍ത്തി കാട്ടാന്‍ ഗ്രീസിന് കഴിഞ്ഞിരിക്കുന്നു.ജനാധിപത്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അഭിമാനിക്കാനുള്ള വിജയമാണ് ഗ്രീസിലെ സാധാരണക്കാരുടെ വിജയം.
റെജി സി ജേക്കബ് (എഡിറ്റര്‍,ഐറിഷ് മലയാളി)

Scroll To Top