Thursday July 27, 2017
Latest Updates

വൈദീകരെ കിട്ടാനില്ല,ലീമെറിക്ക് രൂപതയില്‍ ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാന മുടങ്ങും

വൈദീകരെ കിട്ടാനില്ല,ലീമെറിക്ക് രൂപതയില്‍ ചൊവ്വാഴ്ച വിശുദ്ധ കുര്‍ബാന മുടങ്ങും

ലീമെറിക്ക് :വൈദീകരില്ലാത്തതിനെ തുടര്‍ന്ന് ലീമെറിക്ക് രൂപതയിലെ എല്ലാ പള്ളികളിലും അടുത്ത ചൊവ്വാഴ്ച്ച വിശുദ്ധ കുര്‍ബാന മുടങ്ങും.ഐറീഷ് സഭയുടെ 1829മുതലുള്ള ചരിത്രത്തിലെ ആദ്യ അനുഭവമാണ് ഇത്. പള്ളികളില്‍ അന്ന് ബൈബിള്‍ പാരായണവും പ്രാര്‍ഥനയും മാത്രമേയുണ്ടാകൂ.

കുര്‍ബാന സ്വീകരണവും ഉണ്ടാകില്ല.വൈദീകരുടെ കുറവുമൂലമാണ് ഇതൊക്കെ വേണ്ടി വന്നത്.നിലവിലുള്ളവരെക്കൊണ്ട് പരമാവധി ശ്രമിച്ചിട്ടും ഫലവത്താകാത്തതിനാലാണ് ഇങ്ങനെയൊരു നിയന്ത്രണം വേണ്ടിവന്നത്.

കഴിഞ്ഞ നവംബറില്‍ ബിഷപ്പ് ബ്രണ്ടന്‍ ലീഹി വൈദീകരുടെ ഭീതിതമായ കുറവിനെക്കുറിച്ച് സംസാരിച്ചിരുന്നു.ഇക്കാരണത്താല്‍ പള്ളികളില്‍ കുര്‍ബാനകളുടെ എണ്ണത്തില്‍ കുറവുവരുത്തേണ്ടി വരുമെന്നും ബിഷപ്പ് സൂചിപ്പിച്ചു. ചില പള്ളികളില്‍ ഒന്നിടവിട്ട ഞായറാഴ്ചകളിവും ചിലയിടത്ത് മാസത്തില്‍ ഒരു ഞായറാഴ്ചയുമായി കുര്‍ബാനകള്‍ പരിമിതപ്പെടുത്തുമെന്നും ബിഷപ്പ് അറിയിച്ചിരുന്നു.

ലിമറിക്കില്‍ 20 ഇടവകകളിലായി 184,340 കത്തോലിക്കരാണുള്ളത്.94 പള്ളികളുണ്ട്.45 ഇടവക വികാരിമാരും 38 സഹായികളുമായി 85 വൈദീകരുമുണ്ട്.ഇവരില്‍ പത്തുപേര്‍ മാത്രമാണ് 50 വയസ്സില്‍ താഴെ പ്രായമുള്ളര്‍ .ആഴ്ചയിലൊരിക്കല്‍ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യം പോലും നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

മൂന്ന് ഇടവകകളില്‍ വൈദീകരില്ലാത്ത സ്ഥിതിയുണ്ട്.അയര്‍ലണ്ടിലെ മൂന്നിലൊന്ന് പുരോഹിതരും 45നും 74നും ഇടയില്‍ പ്രായമുള്ളവരാണെന്ന പഠനറിപോര്‍ട് 2013ല്‍ പുറത്തുവന്നിരുന്നു.65നും 74നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിപക്ഷവും.64.5 ശതമാനം വൈദീകരും 55 കഴിഞ്ഞവരാണ്.

അടുത്ത ചൊവ്വാഴ്ച കുര്‍ബാന മുടങ്ങുന്നതിനു കാരണം രൂപതയിലെ വൈദീകര്‍ ഒരു ഏകദിന പരിശീലനത്തിനു പോകുന്നതു മൂലമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ രൂപതക്ക് മറ്റ് മാര്‍ഗങ്ങളില്ലത്രേ

Scroll To Top