Thursday August 17, 2017
Latest Updates

വാടക കൊടുക്കാന്‍ പണമില്ല,ടെലഫോണ്‍ ബില്ലടച്ചില്ല, എ ടി എമ്മിലെ പണവും തീരുന്നു:ഗ്രീസിലെ ജന ജീവിതം സ്തംഭനത്തിലേയ്ക്ക്

വാടക കൊടുക്കാന്‍ പണമില്ല,ടെലഫോണ്‍ ബില്ലടച്ചില്ല, എ ടി എമ്മിലെ പണവും തീരുന്നു:ഗ്രീസിലെ ജന ജീവിതം സ്തംഭനത്തിലേയ്ക്ക്

ഏതന്‍സ് :ഈ പ്രധാനമന്ത്രി ഗ്രീസിനെ ‘ഉത്തരകൊറിയയെ’പോലെയാക്കിയിരിക്കുകയാണ് …കൈയ്യില്‍ ഭദ്രമായി സൂക്ഷിച്ചു പിടിച്ച ഡെബിറ്റ് കാര്‍ഡുമായി ഏതന്‍സിലെ എ ടി എം കൌണ്ടറിനു മുമ്പില്‍ ക്യൂ നിന്ന എണ്‍പത് വയസുകാരി കൂടെയുള്ളവരോട് പിറുപിറുത്തു.ഇന്നലെ വാടക കൊടുക്കേണ്ട ദിവസമായിരുന്നു അവര്‍ക്ക്.മാസം 300 യൂറോ വാടകയ്ക്ക് വേണം.ടെലഫോണ്‍ ബില്‍ ഒരു 39 യൂറോ.പിന്നെ അത്യാവശ്യം വീട്ടുസാധനങ്ങള്‍ വാങ്ങേണ്ട പണം.എല്ലാം കൂടി നാനൂറു യൂറോയെങ്കിലും ഒന്നാം തിയതി രാവിലെ മിനിമം വേണ്ടതാണ്.

അര മണിക്കൂറോളം ക്യൂ നിന്ന് എ ടി എമ്മില്‍ നിന്നും പണം എടുക്കുമ്പോള്‍ ആ വൃദ്ധയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഒരു അത്ഭുതവും അവിടെ സംഭവിച്ചില്ല.അന്‍പതിന്റെയും പത്തിന്റെയും ഓരോ യൂറോ നോട്ടുകള്‍ മിഷ്യനില്‍ നിന്നും അവരുടെ കൈയ്യിലേയ്ക്ക് ഒഴുകിയെത്തി. ഭാഗ്യം!

വിദഗ്ദര്‍ പറയുന്നത് ഗ്രീസിന്റെ എ ടി എമ്മുകളില്‍ അടുത്ത ഞായറാഴ്ച വരെ നിറയ്ക്കാന്‍ പണം സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നാണ് !.ഒരു ബില്യന്‍ യൂറോ കൂടി മാത്രമേ സര്‍ക്കാരിന്റെ ഖജനാവില്‍ ഉള്ളെന്നു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അങ്ങനെയാണെങ്കില്‍ മറുമാര്‍ഗങ്ങള്‍ കണ്ടില്ലെങ്കില്‍ വെള്ളിയാഴ്ച്ചയോടെ തന്നെ എ ടി എമ്മുകളും അടച്ചിടേണ്ടി വരും.
കടകളില്‍ ഇടപാടുകള്‍ കാര്യമായി നടക്കുന്നില്ല,ചില ഷോപ്പിംഗ് സെന്ററുകള്‍ പ്രവര്‍ത്തന സമയം വെട്ടി ചുരുക്കിയിട്ടുണ്ട്.
ഗ്രീസില്‍ നിന്നും യാത്ര ചെയ്യാന്‍ വിമാന ടിക്കറ്റുകള്‍ എടുക്കാന്‍ കാഷ് തന്നെ അടയ്ക്കണം എന്ന് റൈന്‍യിര്‍ അടക്കം ചില എയര്‍ ട്രാവല്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.കാര്‍ഡുകള്‍ സ്വീകരിക്കുന്നേയില്ല ! 

ഗൂഗിള്‍,ആപ്പിള്‍ ,ഫേസ് ബുക്ക് തുടങ്ങി പ്രധാന കമ്പനികളൊക്കെ ഗ്രീസില്‍ നിന്നുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് സ്വീകരിക്കുന്നത് നിര്‍ത്തി.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമാണിത്.

അതേ സമയം ഒരു ജനാധിപത്യ രാജ്യത്തിന്റെ അന്തസ് പരിപാലിക്കാന്‍ ഗ്രീസ് സര്‍വശ്രമവും നടത്തുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും ജനങ്ങളും അലക്‌സിസ് സിപ്രാസി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാഴ്ച്ച കണ്ട് തരിച്ചു നില്‍ക്കുകയാണ് യൂറോപ്യന്‍ നേതാക്കള്‍ എന്ന് വാര്‍ത്തകള്‍.

ഐ എം എഫിനെ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളും 2010ല്‍ യൂറോ മേഖലയിലെ സര്‍ക്കാരുകള്‍ ചേര്‍ന്ന് ഗ്രീസിന് 5,290 കോടി യൂറോ വായ്പ നല്‍കിയിരുന്നു. അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ അന്ന് തകര്‍ച്ചയെ നേരിട്ട ഗ്രീസിന് താന്തങ്ങളുടെ വിഹിതം കൊടുത്ത് ആശ്വസിപ്പിച്ചിരുന്നു.അയര്‍ലണ്ട് ഗ്രീസിന് വാഗ്ദാനം ചെയ്തത് 1.3 ബില്യന്‍ യൂറോയായിരുന്നു.ഇതില്‍ 346 മില്യന്‍ 2010 ആദ്യമാസങ്ങളില്‍ ആദ്യ ഗഡുവായി കൊടുക്കുകയും ചെയ്തു.

എന്നാല്‍ അതേ വര്‍ഷം അയര്‍ലണ്ടിനും സാമ്പത്തിക തകര്‍ച്ചയെ നേരിടേണ്ടി വന്നു.അതോടെ സഹായം കൊടുക്കുന്നത് അയര്‍ലണ്ട് നിര്‍ത്തി.മാത്രമല്ല മറ്റു രാജ്യങ്ങള്‍ ചേര്‍ന്ന് അയര്‍ലണ്ടിനും സഹായം നല്‍കി.അത്ഭുതകരം എന്ന് പറയട്ടെ വെറും മൂന്നു വര്‍ഷം കൊണ്ട് അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനും കടം തന്ന ഐ എം എഫും നിശ്ചയിച്ച സാമ്പത്തിക അച്ചടക്കം പാലിച്ചു തന്നെ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടന്നത് നാം കണ്ടതാണ്.ജനങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചു,ജോലി സമയം കൂട്ടി,പെന്‍ഷന് പരിധി നിര്‍ണ്ണയിച്ചു,ആവശ്യത്തില്‍ അധികം ലെവികള്‍.ഇവയൊക്കെ ഇപ്പോള്‍ അവസാനിപ്പിച്ച് പൂര്‍വ സ്ഥിതിയിലേയ്ക്ക് മടങ്ങുമ്പോള്‍ അതിനും മുമ്പേ യൂറോപ്പും ഐ എം എഫും സഹായിക്കാന്‍ തുടങ്ങിയ ഗ്രീസിന് എങ്ങനെ ഈ ഗതി വന്നുവെന്നാണ് അന്താരാഷ്ട്ര കടക്കാര്‍ ചോദിക്കുന്നത്. 

2012ല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും 14,180 കോടി യൂറോ കൂടി ഗ്രീസിന് നല്‍കി. ജര്‍മ്മനി (5,723 കോടി യൂറോ), ഫ്രാന്‍സ് (4,298 കോടി യൂറോ), ഇറ്റലി (3,776 കോടി യൂറോ), സ്‌പെയിന്‍ (2,510 കോടി ) എന്നിവയാണ് കടം നല്‍കിയ പ്രമുഖ രാജ്യങ്ങള്‍.ഇവര്‍ക്കൊന്നും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് ഗ്രീസിനെതിരെ തിരിയാന്‍ ഇവരൊക്കെ നിര്‍ബ്ബന്ധിതരായത്.

എന്നാല്‍ കടം തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയവും കൂടുതല്‍ സഹായവും വേണമെങ്കില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഉപാധികളെ തള്ളിക്കളയണം എന്നാവശ്യപ്പെട്ട് നോ വോട്ടിനെ പിന്തുണച്ച് ഇന്നലെയും ഗ്രീസില്‍ ഉടനീളം ശക്തി പ്രകടനങ്ങള്‍ നടന്നു.സിപ്രാസിയുടെ സര്‍ക്കാരിനെ പിന്തുണച്ച് തെരുവിലിറങ്ങിയവരില്‍ അധികവും തിളയ്ക്കുന്ന ചോരയുള്ള യുവജനങ്ങള്‍ തന്നെയായിരുന്നു.രാജ്യത്തിന്റെ പരമാധികാരം യൂറോപ്യന്‍ ഭീഷണിയ്ക്ക് മുമ്പില്‍ അടിയറ വെയ്ക്കരുത് എന്ന് സമൂഹം മുഴുവന്‍ വിളിച്ചു പറയുമ്പോള്‍ സത്യത്തില്‍ പേടിച്ചു നില്ക്കുകയാണ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍. അവര്‍ക്ക് പണം മാത്രമല്ല നഷ്ട്ടപെടാനുള്ളത്.യൂറോപ്പിന്റെ സ്ഥിരത കൂടിയാണ്.

യൂറോപ്യന്‍ ആവശ്യം അംഗീകരിക്കാതെ സിപ്രാസ് ജൂലായ് അഞ്ചിന് ഹിത പരിശോധന നടത്താന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്. ഗ്രീക്ക് സര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്നും പെന്‍ഷന്‍, നികുതി നയങ്ങള്‍ പരിഷ്‌കരിക്കണമെന്നുമായിരുന്നു ഇ.സി.ബിയുടെയും യൂറോ മേഖലയിലെ രാജ്യങ്ങളുടെയും ആവശ്യം.ഇതംഗീകരിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ തയ്യാറാണെന്നും എല്ലാം ഹിത പരിശോധനയില്‍ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നുമാണ് സിപ്രാസിന്റെ നിലപാട്.
കടം നല്‍കിയവര്‍ മുന്നോട്ടുവച്ച തീരുമാനം അംഗീകരിച്ച്, യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നാണ് ഹിത പരിശോധനയില്‍ ഗ്രീക്ക് പ്രധാനമന്ത്രി സിപ്രാസ് ജനങ്ങളോട് ചോദിക്കുന്നത്. ജനങ്ങള്‍ പ്രധാനമന്ത്രിയോട് ‘യെസ്’ പറഞ്ഞാല്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകും. വിദേശ കടം ഗ്രീസ് എഴുതിതള്ളും.പണം കടം നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വെള്ളത്തിലാവും.ശത്രുതാ മനോഭാവത്തോടെ അവര്‍ ഗ്രീസിനെതിരെ നടപടികള്‍ ആരംഭിക്കുകയാവും അടുത്ത പടി.ആത്യന്തികമായി ഗ്രീസ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്താവും. ഹിത പരിശോധനയില്‍ പ്രധാനമന്ത്രിയെ അനുകൂലിക്കരുതെന്നും ഗ്രീസ് യൂറോ മേഖലയില്‍ തന്നെ തുടരണമെന്നുമാണ് മറ്റ് രാജ്യങ്ങളും യൂറോപ്യന്‍ കമ്മിഷന്‍ ചീഫ് ജീന്‍ ക്‌ളോഡ് ജന്‍കറും ആവശ്യപ്പെടുന്നത്. ഇനിയും ചര്‍ച്ചകള്‍ക്ക് ഗ്രീസിന് അവസരമുണ്ടെന്നും അവര്‍ പറയുന്നു.

കൊടുത്ത പണം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തിരികെ കിട്ടണമെങ്കില്‍ ഗ്രീക്ക് ജനത ‘നോ’ പറയണം , ഗ്രീസിന് കടം നല്‍കിയവര്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ ഗ്രീസ് (ജനങ്ങള്‍) അംഗീകരിക്കുന്നു എന്ന് കരുതണം.അത് പക്ഷേ ഗ്രീസിലെ ഇടത് പക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാവും.
എന്നിരുന്നാലും , ഗ്രീസിന് കടം വീട്ടാന്‍ അധിക സമയം കിട്ടും.കടക്കാര്‍ നിര്‍ദേശിച്ചതു പോലെയുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ പാലിയ്‌ക്കേണ്ടി വരും.എന്നാല്‍, ഹിതപരിശോധനയില്‍ പരാജയപ്പെടുന്ന പക്ഷം സിപ്രാസ് സര്‍ക്കാര്‍ രാജിവെയ്ക്കും എന്ന് മുന്നറിയപ്പ് അദ്ദേഹം നല്കി കഴിഞ്ഞു.

ഹിത പരിശോധനയുടെ ഫലം എന്തായാലും ഗ്രീസ് കൂടുതല്‍ അസ്ഥിരതയിലേക്ക് നീങ്ങുന്നു എന്നാണ് സൂചനകള്‍.പക്ഷേ ധീരമായി മരണം വരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് സിപ്രസിയുടെ സര്‍ക്കാര്‍.

റെജി സി ജേക്കബ് 

നോ വോട്ടിനെ പിന്തുണച്ച് ഗ്രീസില്‍ ഉടനീളം ശക്തി പ്രകടനങ്ങള്‍

നോ വോട്ടിനെ പിന്തുണച്ച് ഗ്രീസില്‍ ഉടനീളം ശക്തി പ്രകടനങ്ങള്‍

 

ദൈവം മാത്രം തുണ..

ദൈവം മാത്രം തുണ..

 

gree ye 2

Scroll To Top