Monday December 05, 2016
Latest Updates

നിലപാട് മയപ്പെടുത്തുന്നു; ജലനിരക്ക് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുകയോ ജലവിതരണം നിയന്ത്രിക്കുകയോ ചെയ്യില്ല: മന്ത്രി അലന്‍ കെല്ലി

നിലപാട് മയപ്പെടുത്തുന്നു; ജലനിരക്ക് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുകയോ ജലവിതരണം നിയന്ത്രിക്കുകയോ ചെയ്യില്ല: മന്ത്രി അലന്‍ കെല്ലി

കോര്‍ക്ക് : വിവാദ ജലനിരക്കില്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് മയപെടുത്തുന്നു. ജലനിരക്ക് അടയ്ക്കാതിരിക്കുന്നവരുടെ കണക്ഷന്‍ വിച്ഛേദിക്കുകയോ ജലവിതരണം നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് മന്ത്രി അലന്‍ കെല്ലി അറിയിച്ചു. ഐറിഷ് വാട്ടര്‍ സ്ഥാപിക്കുന്നതില്‍ നയപരമായ പിശകുകള്‍ സംഭവിച്ചുവെന്നും മന്ത്രി പറഞ്ഞു. പിശകുകള്‍ സര്‍ക്കാര്‍ തിരുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്ഷന്‍ വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് അനുഭാവപൂര്‍ണ്ണമായ നടപടിയല്ലെന്ന് മന്ത്രി പറഞ്ഞു. 

wc 2915അതേസമയം ജലനിരക്ക് അടയ്ക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ മറ്റ് നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജലനിരക്ക് അടയ്ക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പകരം ആലോചിക്കുന്നത്. ഇതിന് പുറമേ മറ്റ് നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മിതമായ ജലനിരക്കാന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് വാട്ടറിന്റെ കോര്‍ക്ക് കോള്‍ സെന്ററില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ജലനിരക്കിനെതിരെ പ്രതിഷേധികുന്നവര്‍ പുറത്ത് തടിച്ചുകൂടി പ്രതിഷേധം രേഖപ്പെടുത്തി. 

ജലനിരക്ക് പ്രഖ്യാപിച്ചതിന് ശേഷം കോര്‍ക്ക് കോള്‍ സെന്ററില്‍ മാത്രം 275,000 കോളുകള്‍ ലഭിച്ചതായി കോള്‍ സെന്‍ട്രല്‍ അധികൃതര്‍ അറിയിച്ചു. ആകെ 475,000 കോളുകള്‍ ഐറിഷ് വാട്ടറിന്റെ കോള്‍ സെന്ററുകള്‍ കൈകാര്യം ചെയ്തു. ജലനിരക്ക് സംബന്ധിച്ചും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിലെ ആശങ്കകളുമാണ് ജനങ്ങള്‍ ഐറിഷ് വാട്ടര്‍ കോള്‍ സെന്ററില്‍ വിളിച്ച് അന്വേഷിക്കുന്നത്. അതിനിടെ ജലനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം മൂന്ന് ആഴ്ചയ്ക്കകം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിന്റെ എക്കണോമിക് മാനേജ്‌മെന്റ് കമ്മറ്റി ആവശ്യപ്പെട്ടു. 

Scroll To Top