Thursday October 18, 2018
Latest Updates

അയര്‍ലണ്ടില്‍ പുതുതായി നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുന്നത് മുന്നൂറോളം മലയാളികള്‍ക്ക് :ഐറിഷ് മലയാളി’യുടെ പോരാട്ടം ഫലവത്തായി

അയര്‍ലണ്ടില്‍ പുതുതായി നഴ്സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുന്നത് മുന്നൂറോളം മലയാളികള്‍ക്ക് :ഐറിഷ് മലയാളി’യുടെ പോരാട്ടം ഫലവത്തായി

ഡബ്ലിന്‍: ഇത് ‘ഐറിഷ് മലയാളി ‘എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടലിന് അഭിമാനിക്കാവുന്ന ദിവസങ്ങളാണ്.ശരിയായ വാര്‍ത്തകള്‍ കൃത്യസമയത്ത് വായനക്കാര്‍ക്ക് എത്തിക്കുക എന്ന ഒരു മാധ്യമത്തിന്റെ പരമ പ്രധാനമായ ഉത്തരവാദിത്വം പൂര്‍ണ്ണമായും നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് ‘ഐറിഷ് മലയാളി’ഇപ്പോള്‍.

നിര്‍ണ്ണായകമായ സമയത്തുള്ള ഇടപെടല്‍ മൂലം ഐറിഷ് പൗരന്മാരും,അവരുടെ പങ്കാളികളുമായ മുന്നൂറോളം മലയാളി നഴ്സുമാര്‍ക്ക് അയര്‍ലണ്ടിലെ നഴ്സിംഗ് ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ നേടാന്‍ സഹായിക്കാനായി എന്നത് വലിയൊരു കാര്യമായി തന്നെ ‘ഐറിഷ് മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടലിന് പറയാതിരിക്കാനാവില്ല.

അപേക്ഷിച്ച നാനൂറോളം പേരില്‍ പകുതിയിലധികം പേര്‍ക്കും ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞു.ബാക്കിയുള്ളവരുടെ അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.അപേക്ഷ നല്‍കിയവരില്‍ 90 ശതമാനം പേരും അയര്‍ലണ്ടിലെ പൗരത്വം സ്വീകരിച്ചവരോ അവരുടെ സ്പൗസസോ ആയ ഇന്ത്യന്‍ വംശജരാണെന്ന് എന്‍എംബിഐ ഓഫിസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

കെയറര്‍മാരായടക്കംഅയര്‍ലണ്ടില്‍ മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന യോഗ്യതയുള്ളവര്‍ക്ക് ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ നഴ്സിംഗ് രജിസ്ട്രേഷന്‍ നല്‍കാനുള്ള എന്‍എംബിഐയുടെ തീരുമാനം പത്രക്കുറിപ്പിലൂടെയോ,വെബ് സൈറ്റിലൂടെയോ പുറത്തുവന്നിരുന്നില്ല.പോളിസി മാറ്റത്തിന്റെ ഭാഗമായി എല്ലാ തവണയും നഴ്സിംഗ് ബോര്‍ഡ് അനുവര്‍ത്തിച്ചു പോരുന്ന ഒരു കീഴ്വഴക്കം എന്ന നിലയില്‍ മാത്രമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. എന്‍എംബിഐയുടെ രജിസ്ട്രേഷന്‍ യോഗ്യതയ്ക്കുള്ള പോളിസി ഏപ്രില്‍ 4 ന് മാറുമെന്നിരിക്കെ ഇത്തരമൊരു അവസരത്തിന് സാധ്യതയുണ്ടെന്ന് എന്‍എംബിഐയുടെ ഓഫിസില്‍ നിന്നും ‘ഐറിഷ് മലയാളിയ്ക്ക്’ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും വെബ് സൈറ്റില്‍ അറിയിപ്പുണ്ടാവാത്തതിനാല്‍ നേരത്തെ സ്ഥിരീകരിക്കാനായില്ല.

മാര്‍ച്ച് 28 ന് രാവിലെ പത്തുമണിയോടെ ഐറിഷ് മലയാളിയുടെ ഒരു വായനക്കാരനും,സാമൂഹ്യപ്രവര്‍ത്തകനുമായ സലീല്‍ ശ്രീനിവാസന്‍ വിളിച്ച് അന്ന് രാവിലെ ഐറിഷ് പൗരത്വമുള്ള,നിശ്ചിത യോഗ്യതകളുള്ള ഒരു മലയാളിയുടെ അപേക്ഷ ഐഇഎല്‍ ടിഎസ് ഇല്ലാതെ തന്നെ നഴ്സിംഗ് ബോര്‍ഡ് സ്വീകരിച്ചുവെന്ന് കേള്‍ക്കുന്നുവെന്ന് അറിയിച്ചതോടെ ‘ഐറിഷ് മലയാളി’ നഴ്സിംഗ് ബോര്‍ഡിന്റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം സ്ഥിരീകരിക്കുകയും,ബ്രേക്കിംഗ് ന്യൂസായി വാര്‍ത്ത പുറത്തുവിടുകയും ചെയ്യുകയായിരുന്നു.

സ്വന്തം പ്രൊഫഷനിലേയ്ക്ക് തിരിച്ചു പോകാമെന്ന അഭിമാനകരമായ നേട്ടത്തോടൊപ്പം 50 ശതമാനം വരെ വരുമാന വര്‍ദ്ധനയുമാണ് സ്‌കീമില്‍ ഉള്‍പ്പെടുന്ന മലയാളികളെ കാത്തിരിക്കുന്നത് എന്ന യാഥാര്‍ഥ്യം പരിഗണിച്ച് നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വാര്‍ത്തയില്‍ ഊന്നിപറഞ്ഞിരുന്നു.കെയറര്‍മാരായും മറ്റും ജോലി ചെയ്തിരുന്ന നൂറുകണക്കിന് മലയാളികളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന സുപ്രധാനമായ ഒരു വാര്‍ത്തയായിരുന്നു അത്.

അയര്‍ലണ്ടിലെ മറ്റൊരു ഓണ്‍ലൈന്‍ സര്‍വീസാവട്ടെ ‘ഐറിഷ് മലയാളിയുടേത്’ വ്യാജ വാര്‍ത്തയാണെന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാല്‍ നിരവധി പേര്‍ ആശയക്കുഴപ്പത്തില്‍ ഉള്‍പ്പെടുകയും ചെയ്തു

കൃത്യമായ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമല്ലായിരുന്നതിനാല്‍ ഇതോടെ എന്‍എംബിഐ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അടുത്ത ദിവസങ്ങളിലെല്ലാം തുടര്‍ച്ചയായി അപ്ഡേഷനുകള്‍ നല്‍കാനും ഐറിഷ് മലയാളിയ്ക്ക് കഴിഞ്ഞു.

മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്സിംഗ് ബോര്‍ഡ് അപ്രതീക്ഷിതമായി നല്‍കിയ കനകാവസരം, ആശയക്കുഴപ്പം മൂലം നഷ്ടപെടുത്തിയ ഈ ബ്ലോഗറാവട്ടെ വാര്‍ത്ത പിന്‍വലിക്കുകയോ,തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തതുമില്ല.നൂറോളം മലയാളികളെങ്കിലും അത്തരമൊരു ചതിയുടെ തിക്താനുഭവത്തില്‍ ഉള്‍പ്പെട്ടു പോയതായാണ് അറിയുന്നത്.

ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചവര്‍ അഡാപ്‌റ്റേഷന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാനോ,ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് പാസാകുകയോ ചെയ്യുന്ന മുറയ്ക്ക് പിന്‍ നമ്പര്‍ ലഭിക്കുകയും,പൂര്‍ണ്ണ സമയം ജോലിയ്ക്ക് അവസരം ലഭിക്കുകയും ചെയ്യും.

അയര്‍ലണ്ടിലെ മുന്നൂറിലധികം മലയാളി കുടുംബങ്ങളുടെ ജീവിതശൈലിയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയേക്കാവുന്ന സുപ്രധാനമാറ്റത്തിന് കാഹളധ്വനി ഉയര്‍ത്തുക വഴി ഐറിഷ് മലയാളി’യ്ക്ക് സംഭാവന ചെയ്യാനായത് ഒരു മാധ്യമമെന്ന നിലയിലുള്ള ചരിത്രനേട്ടമാണ്.ഐറിഷ് മലയാളി സമൂഹത്തിന് നിര്‍ണ്ണായകമായ തീരുമാനങ്ങളിലെല്ലാം ദിശാബോധം നല്‍കാനും, ഓരോ പ്രവത്തനങ്ങളിലും പ്രോത്സാഹനം നല്‍കാനും ഐറിഷ് മലയാളി’എന്ന ന്യൂസ് പോര്‍ട്ടലിന് കഴിഞ്ഞിട്ടുണ്ട്.അതിനായി ഞങ്ങളോടൊപ്പം സഹകരിച്ച ഏവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുകയാണ്.

നഴ്സുമാരുടെ പ്രശ്‌നങ്ങളില്‍ സജീവമായ പിന്തുണ നല്‍കികൊണ്ട് അയര്‍ലണ്ടിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ വിംഗിന് ‘ഐറിഷ് മലയാളി’ എന്നും വഴി വെളിച്ചം നല്‍കുന്നുണ്ട്. കേരളത്തില്‍ യൂഎന്‍ എ ഐതിഹാസികമായ സമരം നടത്തി വിജയിച്ചപ്പോള്‍ പോലും സംഘടനയുടെ പ്രസിഡണ്ട് നടത്തിയ നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയില്‍ മറ്റു പ്രമുഖ മാധ്യമങ്ങള്‍ക്കെല്ലാം മുമ്പിലായി’ഐറിഷ് മലയാളി’എന്ന മാധ്യമത്തിന്റെ പേര് പരാമര്‍ശിച്ചത് ഇതിന് തെളിവാണ്.

ആയിരക്കണക്കിന് ഐറിഷ് മലയാളികളെ വന്‍കിട ഫോണ്‍ കമ്പനികളുടെ കൊള്ളയില്‍ നിന്നും,ചിലവ് കുറഞ്ഞ ടെസ്‌കോ എന്ന ഫോണ്‍ കമ്പനിയിലേക്ക് മാറ്റി നൂറുകണക്കിന് യൂറോയുടെ ലാഭം ഉണ്ടാക്കി നല്‍കാനായതിന്റെ പേരില്‍ 2013 ല്‍ ഞങ്ങള്‍ക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് കണക്കില്ല.

പതിനയ്യായിരത്തില്‍ താഴെ മലയാളികള്‍ മാത്രമുള്ള അയര്‍ലണ്ടിലെ സമൂഹത്തിലുള്ള നിരവധി അനവധി പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്താനും,മികച്ച സ്ഥാപനങ്ങളെയും സംരംഭങ്ങളെയും വേര്‍തിരിച്ച് പ്രോത്സാഹിപ്പിക്കാനും ഐറിഷ് മലയാളിയ്ക്ക് കഴിഞ്ഞ നാളുകളിലായിട്ടുണ്ട്.

അയര്‍ലണ്ടിലെ ഭവനമേഖലയില്‍ മലയാളി സമൂഹത്തിന് കൃത്യമായ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ,കാര്‍ഷിക രംഗത്തും,സംരംഭകത്വ രംഗത്തും അയര്‍ലണ്ടിലെ മലയാളികള്‍ക്ക് കുതിപ്പിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സഹായമേകുന്നതിനുമുള്ള ഏറ്റവും പ്രധാന ദൗത്യമായി വരും നാളുകളില്‍ ‘ ഐറിഷ് മലയാളി’ പ്രഖ്യാപിക്കുന്നത്.

ഐറിഷ് മലയാളി’ എന്ന ന്യൂസ് പോര്‍ട്ടല്‍ ഐറിഷ് മലയാളികളുടെ ‘ഉത്തരവാദിത്വമുള്ള സ്വന്തം പത്രമാവുന്നത്’ അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിച്ചു കൊണ്ടാണ്.

ഓരോ ദിവസവും വായനക്കാര്‍ക്ക് ഉപകാരപ്രദമായ സേവനം നല്‍കുന്നതില്‍ എന്നും ഐറിഷ് മലയാളി’ മുന്നിലുണ്ടാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

കൃത്യസമയത്ത് ,കൃത്യമായ വാര്‍ത്തകള്‍ അറിയാന്‍.. ഐറിഷ് മലയാളിയുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യുക

https://www.facebook.com/irishmalayalee/

ഐറിഷ് മലയാളി ന്യൂസ്

Scroll To Top