Saturday April 21, 2018
Latest Updates

യോഗ്യതയുള്ള കെയറര്‍മാര്‍ക്ക് നഴ്സായി പ്രൊമോഷന്‍,ആഹ്‌ളാദപൂര്‍വം അയര്‍ലണ്ടിലെ മലയാളി സമൂഹം,എന്‍എംബിഐ ഓഫീസിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രവാഹം 

യോഗ്യതയുള്ള കെയറര്‍മാര്‍ക്ക് നഴ്സായി പ്രൊമോഷന്‍,ആഹ്‌ളാദപൂര്‍വം അയര്‍ലണ്ടിലെ മലയാളി സമൂഹം,എന്‍എംബിഐ ഓഫീസിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രവാഹം 

ഡബ്ലിന്‍:വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ കെയററായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഐറിഷ് പൗരത്വം സ്വീകരിച്ച, നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് നഴ്സായി ജോലി ചെയ്യന്നതിനുള്ള രജിസ്ട്രേഷന്‍ നല്‍കാനുള്ള ഐറിഷ് നഴ്സിങ് ബോര്‍ഡിന്റെ തീരുമാനത്തില്‍ പരക്കെ ആഹ്‌ളാദം.

ഇതോടെ ഐഇഎല്‍ടിഎസ് ഇല്ലാതെ തന്നെ ഐറിഷ് പൗരത്വം നേടിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് സ്വന്തം പ്രൊഫഷന്‍ ചെയ്യാനാവും.ഇവരെ ഇ യൂ പൗരന്മാരായി പരിഗണിച്ചാണ് മുമ്പ് ഇല്ലാതിരുന്ന ഈ സ്‌കീം സൃഷ്ടിച്ചിരിക്കുന്നത്.

ഐറിഷ് മലയാളി’യില്‍ നിന്നും ഇന്ന് രാവിലെ വിവരം അറിഞ്ഞപ്പോള്‍ തന്നെ നിരവധി പേരാണ് രജിസ്ട്രേഷനും പിന്‍നമ്പറിനുമുള്ള അപേക്ഷ നല്‍കാന്‍ ഡബ്ലിന്‍ ബ്ളാക്ക്റോക്കിലെ നഴ്സിംഗ് ബോര്‍ഡിന്റെ ഓഫിസില്‍ എത്തിയത്.ഇതിനിടെ അയര്‍ലണ്ടിലെ ഒരു ബ്ലോഗ് ‘ഐറിഷ് മലയാളി ന്യൂസിന്റെ’ വാര്‍ത്ത തെറ്റാണെന്ന രീതിയില്‍ പ്രചാരണം നടത്തിയത് ഉദ്യോഗാര്‍ഥികളിലും പൊതു സമൂഹത്തിലും ആശയക്കുഴപ്പം ഉണ്ടാക്കി.എന്നാല്‍ ഐറിഷ് മലയാളി’യുടെ റിപ്പോര്‍ട്ട് നൂറു ശതമാനം ശരിയാണെന്ന് തിരിച്ചറിഞ്ഞതോടെ ബ്‌ളാക്ക് റോക്കിലേയ്ക് അപേക്ഷകരുടെ പ്രവാഹമായി.

ആര്‍ക്കാണ് പ്രയോജനപ്പെടുക ?

അയര്‍ലണ്ടില്‍ കെയററായി ജോലി ചെയ്തിട്ടില്ലെങ്കിലും മുന്‍പ് നഴ്സായി ജോലി പരിചയം ഉള്ളവര്‍ക്കും മറ്റു യോഗ്യതകള്‍ എല്ലാം ഉണ്ടെങ്കില്‍ പിന്‍ നമ്പറിന് അപേക്ഷിക്കാം.

ഏപ്രില്‍ രണ്ടിന്(തിങ്കള്‍) മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കും ഐഇഎല്‍ടിഎസ്സോ,ഓഇ ടിയോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഏപ്രില്‍ രണ്ടിന് മുന്‍പ് ഈ പ്രത്യേക സ്‌കീമിനുള്ള അപേക്ഷ കൊടുക്കുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക അവസരം വിനിയോഗിക്കാന്‍ ആവുകയുള്ളൂ.ശനി,ഞായര്‍,ദിവസങ്ങള്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫലത്തില്‍ വെള്ളിയാഴ്ച വരെയേ അപേക്ഷിക്കാനാവുകയുള്ളു.

അയര്‍ലണ്ടില്‍ കെയററായി നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നഴ്‌സിംഗ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്.

ആര്‍ക്കാണ് അപേക്ഷിക്കാവുന്നത്?

ഐറിഷ് പാസ്പോര്‍ട്ട് ഉള്ളവരും , ഇന്ത്യയിലെയോ ,വിദേശത്തെ ഏതെങ്കിലും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നുമോ ലഭിച്ച നഴ്‌സിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ അയര്‍ലണ്ടില്‍ നിലവില്‍ ഉള്ളവര്‍ക്കാണ് നഴ്‌സായി രജിസ്‌ട്രേഷന്‍ നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

നിശ്ചിത യോഗ്യതയുള്ള കെയറര്‍മാര്‍ക്ക് നഴ്‌സിംഗ് പിന്‍നമ്പര്‍ ലഭിക്കാന്‍ അപേക്ഷിക്കാനായുള്ള അവസാനതീയതി വെള്ളിയാഴ്ചയാണെന്ന ഐറിഷ് മലയാളി ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്ന് ബ്ളാക്ക് റോക്കിലെ നഴ്‌സിംഗ് ബോര്‍ഡിന്റെ ഓഫിസില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വന്‍ തിരക്കാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നൂറോളം പേര്‍ ഇന്ന് നാല് മണിയ്ക്ക് മുമ്പേയെത്തി ഫീസടച്ച് അപേക്ഷാ ഫോം വാങ്ങി.

താത്പര്യമുള്ളവര്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ ഓഫിസില്‍ എത്തി വെള്ളിയാഴ്ചയ്ക്ക് മുമ്പേ ഈ സ്‌കീമിലേക്കുള്ള അപേക്ഷ കൊടുക്കണം.350 യൂറോ ( ക്രഡിറ്റ് /ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി) ഫീസ് അടയ്ക്കുന്നവര്‍ക്ക് ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ ഡബ്ലിന്‍ ബ്‌ളാക്ക്‌റോക്കിലുള്ള ഓഫിസില്‍ നിന്നും അപേക്ഷ ഫോം ലഭിക്കുന്നത്.
പത്തു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍ നമ്പറിനുള്ള അപേക്ഷാ ഫോം തപാലില്‍ ലഭിക്കുമെന്ന് എന്‍എംബി ഐ ഓഫിസ് അറിയിച്ചു. പൂരിപ്പിച്ച് നല്കുന്ന അപേക്ഷകള്‍ പരിശോധനകള്‍ക്ക് ശേഷം പിന്‍ നമ്പര്‍ നല്‍കുമെന്നാണ് എന്‍എംബിഐ ഓഫിസില്‍ ഇന്ന് രാവിലെയെത്തി അപേക്ഷ സമര്‍പ്പിച്ചവരോട് അധികൃതര്‍ അറിയിച്ചത്.

ഇത് സംബന്ധിച്ച അറിയിപ്പുകള്‍ എന്‍എംബിഐ വെബ് സൈറ്റില്‍ കൃത്യമായി നല്‍കിയിട്ടുമില്ല.എന്നാല്‍ ഏപ്രില്‍ 2 ന് പുതിയ രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ കെയറര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ്രത്യേക അവസരം ഇല്ലാതാവാനാണ് സാധ്യതയെന്ന് നഴ്‌സിംഗ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി.

‘കാത്തിരുന്ന ഒരു നിമിഷമാണ് ഇത്…ബ്‌ളാക്ക് റോക്കിലെ എന്‍എംബിഐ ഓഫിസില്‍ അപേക്ഷാ ഫോം വാങ്ങാനെത്തിയ വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള ശീതള്‍ തമ്പി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഐഇ എല്‍ ടിഎസ് ഇല്ലെന്ന ഒരൊറ്റ കാരണത്താലാണ് ഇഷ്ടപ്പെട്ട പ്രൊഫഷന് അയര്‍ലണ്ടില്‍ ഇതേ വരെ ജോലി ചെയ്യാനാവാതെ പോയത്.ഇപ്പോള്‍ അതിനൊരു പരിഹാരമാവുകയാണ്.

‘രാവിലെ പന്ത്രണ്ട് മണിയോടെ ‘ഐറിഷ് മലയാളിയില്‍ നിന്നാണ് വാര്‍ത്ത അറിഞ്ഞത്.ദ്രോഗഡയില്‍ നിന്നുള്ള സതീഷ് പറയുന്നു.അപ്പോള്‍ തന്നെ സുഹൃത്തിനെയും കൂട്ടി ഡബ്ലിനിലേയ്ക്ക് തിരിക്കുകയായിരുന്നു.പാതി വഴിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഐറിഷ് മലയാളി വാര്‍ത്തയ്ക്ക് എതിരെയുള്ള പോസ്റ്റുകള്‍ കണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ ഡബ്ലിനില്‍ എത്തി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.കഴിഞ്ഞ ആറു വര്‍ഷമായി അയര്‍ലണ്ടില്‍ കെയററായി ജോലി ചെയ്യുന്നയാളാണ് സതീഷ്.

അപ്രതീക്ഷിതമായി സ്വന്തം പ്രൊഫഷനിലേയ്ക്ക് തിരിച്ചു പോകാന്‍ അവസരം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് നഴ്സിംഗ് യോഗ്യതകളുള്ള അയര്‍ലണ്ടിലെ നിരവധി മലയാളികളും.

ഫോട്ടോ: ബ്ളാക്ക് റോക്കിലെ  ഐറിഷ് നഴ്സിംഗ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍

Scroll To Top