Saturday December 10, 2016
Latest Updates

കരളലിയിപ്പിക്കുന്ന കഥയുമായി അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികളുടെ ജീവിത നേര്‍കാഴ്ച്ച: ‘ഞാന്‍ ഒരു പ്രവാസി’ റിലീസ് ചെയ്തു

കരളലിയിപ്പിക്കുന്ന കഥയുമായി അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികളുടെ ജീവിത നേര്‍കാഴ്ച്ച: ‘ഞാന്‍ ഒരു പ്രവാസി’ റിലീസ് ചെയ്തു

ശ്വാസമടക്കി പിടിച്ചിരുന്നു മാത്രം കാണാന്‍ കഴിയുന്ന ഒരു ഹൃസ്വചിത്രം.നീന മലയാളി സുഹൃത്ത് കൂട്ടായ്മയുടെ പുതിയ സംരംഭത്തെ അങ്ങനെയേ വിശേഷിപ്പിക്കാനാവു. അചിന്ത്യമായ നിസഹായതയുടെ ഏറെ ഉദ്വേഗജനകമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു എന്നത് വഴി വെറും 16 മിനുട്ടുള്ള ഒരു കൊച്ചുസിനിമയില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട ഒരു മുഴു സിനിമയുടെ ഫീലിംഗ് നല്‍കാന്‍ ഇന്ന് യൂ ടൂബില്‍ റിലീസ് ചെയ്ത ‘ഞാന്‍ ഒരു പ്രവാസി ‘യ്ക്ക് കഴിഞ്ഞു.


വിദേശത്ത് വന്ന് പ്രത്യേകിച്ചും അയര്‍ലണ്ടില്‍ ബഹുഭൂരിപക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളും അനുഭവിക്കുന്ന ഉള്‍വേദനയുടെ നേര്‍കാഴ്ച്ചയാണ് ‘ഞാന്‍ ഒരു പ്രവാസി ‘.പഠനത്തോടൊപ്പം ജോലിയുമായി വരുന്നവരെ കാത്തിരിക്കുന്ന എല്ലാ സംഘര്‍ഷ മുഹൂര്‍ത്തങ്ങളും അതേ പടി പകര്‍ത്താന്‍ നീന മലയാളി സുഹൃത്ത് കൂട്ടയ്മയ്യക്ക് കഴിഞ്ഞുവെന്ന് നിസംശയം പറയാം.

പഠനത്തോടൊപ്പം ജോലിയുമെന്ന സ്വപ്നങ്ങളും പേറി അയര്‍ലണ്ടിലെത്തുന്ന പ്രവാസി വിദ്യാര്‍ഥികളില്‍ കുറെപ്പേരെങ്കിലും നേരിടുന്നത് തൊഴിലില്ലായ്മയല്ല.തൊഴില്‍ നല്കാന്‍ തയാറായവര്‍ ഏറെയുണ്ടെങ്കിലും തൊഴില്‍ നിയമങ്ങള്‍ അവര്‍ക്കെതിരാണ്.നിറമുള്ള ഒത്തിരി സങ്കല്പങ്ങളുമായി ഇവിടെത്തുന്നവരെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഒറ്റപ്പെടലിന്റെ കടുത്ത യാഥാര്‍ത്ഥ്യവശങ്ങള്‍ അതിജീവിക്കുവാന്‍ ഈശ്വരന്‍മാരും ഭാഗ്യവും അനുവദിക്കണമെന്ന തിരിച്ചറിവ് തുറന്നു പറയുകയാണ് വിദ്യാര്‍ഥികള്‍ കൂടി ഉള്‍പ്പെട്ട നീനാ സുഹൃത്ത് കൂട്ടായ്മ.

ഒരു നേരത്തെ ഭക്ഷണം പോലും വാങ്ങാന്‍ ക്ലേശിക്കുന്ന അയര്‍ലണ്ടിലെ പ്രവാസികളായ വിദ്യാര്‍ഥി സമൂഹത്തെ ഇവിടുത്തെ സമൂഹധാരയില്‍ ഒരിക്കലും അടുപ്പിക്കാത്ത വിസാ നിയമങ്ങളും, സ്വസമൂഹത്തില്‍ നിന്നുള്ള അവഗണനയുമൊക്കെ പച്ചയായി അവതരിപ്പിക്കാനായി ഞാന്‍ ഒരു പ്രവാസിയ്ക്ക് കഴിഞ്ഞു.മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു എന്‍ .നായര്‍ അയര്‍ലണ്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട താരമല്ലെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റ്റിജു ജോര്‍ജ് (നീനാ) ആണ്.അസോസിയേറ്റ് ഡയറക്ടര്‍:തോമസ്‌കുട്ടി ജെഎംജെ ,ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച റിനു കെ.രാധാനാരായണന്‍,എഡിറ്റിംഗ്: റ്റോബി വര്‍ഗീസ് (ഡബ്ലിന്‍)എന്നിവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ.ഇത്ര ചെറിയ ഒരു സംഘത്തിന് ഏറ്റവും മികച്ച രീതിയില്‍ ഒരു ഷോര്‍ട്ട് ഫിലിം വിജയിപ്പിക്കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമായി.

ഐറിഷ് മലയാളി ന്യൂസ് സര്‍വീസ് 

Scroll To Top