Tuesday October 16, 2018
Latest Updates

‘നിത്യവിശുദ്ധയാം കന്യാമറിയമേ’എന്ന വയലാറിന്റെ ഗാനത്തിന് സഭയുടെ അപ്രഖ്യാപിത വിലക്ക് !

‘നിത്യവിശുദ്ധയാം കന്യാമറിയമേ’എന്ന വയലാറിന്റെ ഗാനത്തിന് സഭയുടെ അപ്രഖ്യാപിത വിലക്ക് !

ഡബ്ലിന്‍:വയലാര്‍ രാമവര്‍മ്മ അനശ്വരമാക്കിയ ‘നിത്യവിശുദ്ധയാം കന്യാമറിയമേ ‘എന്ന് തുടങ്ങുന്ന ഗാനം കേള്‍ക്കാത്ത മലയാളികളില്ല. വിശ്വാസസമൂഹം പ്രാര്‍ഥനാപൂര്‍വ്വം ആവേശത്തോടെ ഏറ്റു ചൊല്ലിയ മനോഹര ഗാനത്തിന് കത്തോലിക്കാ സഭയുടെ അപ്രഖ്യാപിത വിലക്ക്! 

1969 ല്‍ റിലീസ് ചെയ്ത ‘നദി’ എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതി, ജി ദേവരാജന്‍ സംഗീതം നല്‍കി, കെ ജെ യേശുദാസും ഗായകസംഘവും ചേര്‍ന്ന് ആലപിച്ച മനോഹരഗാനം സഭാവിരുദ്ധ കാഴ്ച്ചപ്പാടുള്ളതാണെന്നു ചില സഭാപണ്ഡിതര്‍ കണ്ടെത്തിയത് നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ്.ധ്യാന കേന്ദ്രങ്ങളിലും ശുശ്രൂഷകളിലും ഈ ഗാനം ‘തല്ക്കാലം പാടേണ്ടയെന്നാണ് ഇവരുടെ നിലപാട്.ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകളില്‍ ചില ധ്യാനഗുരുക്കന്‍മാര്‍ ഇക്കാര്യം വിശ്വാസികളോട് പങ്കുവെയ്ക്കുന്നുമുണ്ട്.

‘അന്തിക്കിടയനെ കാണാതലഞ്ഞിടും ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍’എന്ന ഈരടികളാണ് ഇപ്പോള്‍ വിമര്‍ശന വിധേയമാകുന്നത്.ഇടയനെ കാണാതെ അലയുന്ന വരാണ് വിശ്വാസികള്‍ എന്ന ധ്വനിയാണ് ഇതിലെന്നാണ് ഇവരുടെ കണ്ടെത്തല്‍.പ്രത്യാശയില്ലാത്തവരെ പോലെ ‘സ്വര്‍ഗ്ഗകവാടത്തിനു മുന്‍പില്‍ മുട്ടി വിളിക്കുന്ന’അശുഭാപ്തിയേയും ഇവര്‍ ലൈനുകളില്‍ കണ്ടെത്തുന്നു !

എന്നാല്‍ സഭാ പണ്ഡിതരുടെ ഇക്കാര്യത്തിലുള്ള നിലപാട് ശുദ്ധ അസംബന്ധമാണെന്നാണ് സഭാംഗങ്ങളില്‍ തന്നെ ബഹുഭൂരിപക്ഷം പേരും കരുതു ന്നത്.ഏത് അശുഭാപ്തിയിലും,ഇടയനെ കണ്ടെത്താനാവാത്ത സമയത്തും പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം തേടുന്ന മഹത്തായ പ്രാര്‍ഥന ഗീതമാണിത് എന്നാണ് പൊതു കാഴ്ച്ചപ്പാട്.ഓരോ സ്റ്റാന്‍സയ്ക്കും ശേഷം വയലാര്‍ ആദ്യ ഈരടികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.

രണ്ടാമത്തെയും മൂന്നാമത്തെയും സ്റ്റന്‍സയ്ക്കുള്ള മറുപടിയാണ് ആദ്യ സ്റ്റാന്‍സയെന്നാണ് വയലാര്‍ കരുതിയിട്ടുണ്ടാവുക എന്നാണ് ഇവര്‍ പറയുന്നത്.

അവിശ്വാസിയായ ഒരു കലാകാരന്‍ മറിയത്തെ ഇത്രയധികം വാഴ്ത്തിപ്പാടി അനശ്വരമാക്കിയ മറ്റൊരിടവും ലോകഭാഷകളില്‍ കാണില്ല. അക്കാരണത്താല്‍ തന്നെ ഈ ഗാനമൊരുക്കിയ പ്രതിഭകള്‍ നമ്മുടെ സംസ്‌കാരത്തിന് അഭിമാനവുമാണ്.

ആരൊക്കെ വിലക്കിയാലും മലയാളിയുടെ ചുണ്ടില്‍ നിന്നും മനസ്സില്‍ നിന്നും മറഞ്ഞു പോകുന്ന ഒരു ഗാനമല്ലിത്.അത് കൊണ്ട് തന്നെ മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കുന്ന അപൂര്‍വ സുന്ദരഗീതങ്ങളില്‍ ഒന്നും.

ജനസഹസ്രങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഗാനങ്ങളുടെ നേരെയുയരുന്ന വിമര്‍ശനങ്ങള്‍ വേണ്ടത്ര പഠിക്കാതെയുള്ള അഭിപ്രായമായിപ്പോയി എന്നാണ് കലാസ്‌നേഹികളുടെ അഭിപ്രായം.വയലാര്‍ദേവരാജന്‍ കൂടുകെട്ടില്‍ പിറന്ന് കത്തോലിക്കാ ദേവാലയങ്ങള്‍ ഏറ്റെടുത്ത’ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’ എന്ന ഗാനവും മകനെ നിനക്ക് വേണ്ടി എന്ന ചിത്രത്തില്‍ ഇതേ ടീം തന്നെ തയാറാക്കിയ ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ തുടങ്ങി അനവധി ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഒന്നും കാണാത്ത ‘അവിശ്വാസം ഈ ഗാനത്തില്‍ കണ്ടെത്തിയതിനെ ദുഃഖ:കരമായിപ്പോയി എന്നാണ് സാധാരണ വിശ്വാസികള്‍ പറയുന്നത്. 

റെജി സി ജേക്കബ് 

Scroll To Top