Monday September 25, 2017
Latest Updates

സമയമാം രഥത്തില്‍ നിര്‍മ്മല തനിയെ യാത്രയായി,ഡബ്ലിനിലെ സണ്ടേ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഇനി ഓര്‍മ്മകളില്‍ 

സമയമാം രഥത്തില്‍ നിര്‍മ്മല തനിയെ യാത്രയായി,ഡബ്ലിനിലെ സണ്ടേ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് ഇനി ഓര്‍മ്മകളില്‍ 

ഡബ്ലിന്‍:ഫിംഗ്ലസിലെ മലയാളികള്‍ ഞെട്ടലോടെയാണ് നിര്‍മ്മലാ രാജേഷിന്റെ വിയോഗ വാര്‍ത്ത ഇന്ന് കേട്ടത്.എപ്പോഴും സുസ്‌മേര വദനയായി ഇടപെട്ട് കൊണ്ട് തങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന നിര്‍മ്മല പെട്ടന്നു വിട്ടു പിരിഞ്ഞു പോയെന്ന വാര്‍ത്ത അവര്‍ക്ക് വിശ്വസിക്കാനായില്ല.

അസുഖം ഗുരുതരമാണ് എന്നറിഞ്ഞിരുന്നുവെങ്കിലും ഒരു വേള നിര്‍മ്മല ജീവിതത്തെ തിരിച്ചു പിടിയ്ക്കും എന്നാണു സുഹൃത്തുക്കള്‍ കരുതിയിരുന്നത്.പക്ഷേ വിധി നിര്‍മ്മലയെ സ്വര്‍ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി!.

ഒന്നര വര്‍ഷം മുമ്പ് തുടര്‍ച്ചയായി ഉണ്ടായ തലവേദനയെ തുടര്‍ന്നുള്ള പരിശോധനയിലാണ് അര്‍ബുദമാണ് തനിക്കെന്ന ഞെട്ടിപ്പിക്കുന്ന വിവരം നിര്‍മ്മലയറിഞ്ഞത്. ബൂമോണ്ടിലെ ചികിത്സയുടെ ആദ്യഘട്ടത്തില്‍ സര്‍ജറിയ്ക്ക് വിധേയയായതിനെ തുടര്‍ന്ന് ഒട്ടേറെ ആശ്വാസവും ലഭിച്ചു.

ഇതിനിടെ രണ്ടാം ക്ലാസുകാരിയായ ഇളയ മകള്‍ ലയ മരിയയെ ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കുന്നതില്‍ ആ അമ്മ സമയം കണ്ടെത്തി.അയര്‍ലണ്ടില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണം നടന്ന കാലം മുതല്‍ സണ്ടേ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് കൂടിയായിരുന്ന നിര്‍മ്മല കുട്ടികളുടെ ആദ്ധ്യാത്മിക പരിശീലനത്തില്‍ ഉത്തമ മാതൃക കൂടിയായിരുന്നു.പള്ളിക്കമ്മിറ്റി അംഗമായും ,സേവനം ചെയ്യാന്‍ ഇതിനിടെ അവസരം കണ്ടെത്തി. 
സുഹൃത്തുക്കളോടൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെട്ടപ്പോഴും രോഗത്തെ തോല്‍പ്പിക്കാനുള്ള മാനസികമായ തയാറെടുപ്പുകള്‍ നിര്‍മ്മല നടത്തി.പക്ഷെ ശിരസിലെ ട്യൂമര്‍ വീണ്ടും വില്ലനായി.

കഴിഞ്ഞ അവധികാലത്ത് മക്കളെയും കൂട്ടി നാട്ടില്‍ പോയ നിര്‍മ്മലയ്ക്ക് പക്ഷെ തിരികെ പോരാനായില്ല.അസുഖം കൂടിയതായിരുന്നു കാരണം.കോട്ടയം എസ് എച്ച് മൌണ്ടില്‍ അയര്‍ലണ്ടില്‍ നിന്നും തന്നെയുള്ള ഏതാനം സുഹൃത്തുക്കളോടൊപ്പം പുതിയതായി വാങ്ങിയ വീട്ടിലായിരുന്നു താമസം ആശുപത്രിയില്‍ നിന്നും അവധി വാങ്ങാതെ നിവൃത്തിയില്ലാത്ത വിധം രോഗാവസ്ഥ മോശമായി.ഭര്‍ത്താവ് രാജേഷ് മക്കളോടൊപ്പം വന്ന് അവരുടെ ടി സി യും വാങ്ങി നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്നു.

പിന്നെ ചികിത്സയുടെ നാളുകള്‍ ആയിരുന്നു,കൊച്ചിയിലെ അമൃത ആശുപത്രിയിലെ ചികിത്സയും പക്ഷെ ഫലം കണ്ടില്ല.തുടര്‍ന്നാണ് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി അത്യാസന്ന നിലയിലായിരുന്നു.അസുഖ വിവരം അറിഞ്ഞ് അയര്‍ലണ്ടില്‍ നിന്നും നാട്ടിലെത്തിയ നിരവധി സുഹൃത്തുക്കള്‍ തിരുവല്ലയില്‍ എത്തി നിര്‍മ്മലയെസന്ദര്‍ശിച്ചിരുന്നു.പക്ഷെ അവരെയൊന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലേയ്ക്ക് അപ്പോഴേയ്ക്കും നിര്‍മ്മല എത്തിയിരുന്നു.ഇന്ന് ഉച്ചയോടെ നിര്‍മ്മലയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും ഏതാനം മിനുട്ടുകള്‍ക്കകം തന്നെ നിത്യ നിദ്രയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു.

നിര്‍മ്മലയുടെ സംസ്‌കാരശിശ്രൂഷകള്‍ വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് എരുമേലി മുക്കൂട്ടുതറയിലുള്ള കുടുംബവീട്ടില്‍ നിന്നും ആരംഭിക്കും.11 മണിയ്ക്ക് മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിലാണ് സംസ്‌കാരം.

റെജി സി ജേക്കബ്

aaramam

 

 

Scroll To Top