Tuesday September 26, 2017
Latest Updates

അയര്‍ലണ്ടില്‍ പ്രവേശനം തേടിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കബളിപ്പിച്ചത് ബംഗ്ലാദേശികളുടെ ലാംഗ്വേജ് സ്‌കൂളുകള്‍

അയര്‍ലണ്ടില്‍ പ്രവേശനം തേടിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കബളിപ്പിച്ചത് ബംഗ്ലാദേശികളുടെ ലാംഗ്വേജ് സ്‌കൂളുകള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പഠിക്കാനെത്താന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പെരുവഴിയിലാക്കി കൊണ്ട് ഒരു കോളജ് കൂടി അടച്ച് പൂട്ടിയതായി വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.ഈ വര്‍ഷംഇത് ഒന്‍പതാമത്തെ ലാംഗ്വേജ് സ്‌കൂളാണ് അടച്ചു പൂട്ടുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഉത്തരവ് ലഭിച്ചതിനെതുടര്‍ന്നാണ് നേരത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയത്. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതാണ് ലാംഗ്വേജ് സ്‌കൂളുകളുടെ പ്രവര്‍ത്തന പരാജയത്തിന് കാരണമെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ദര്‍ പറയുന്നു.ലാംഗ്വേജ് സ്‌കൂളുകള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയ ഷെല്‍ബോണ്‍ കോളജ് അടക്കമുള്ള വ്യാജ കോളജുകളും കേരളത്തില്‍ നിന്നടക്കമുള്ള നൂറു കണക്കിന് വിദ്യാര്‍ഥികളെ പെരുവഴിയില്‍ ആക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ഷെല്‍ബോണ്‍ കോളജും ഏദന്‍ കോളജും അടക്കമുള്ള പൂട്ടിയ 90% സ്‌കൂളുകളുടെയും നടത്തിപ്പുകാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലീം വംശജര്‍ ആയിരുന്നു എന്നാണ് ഐറിഷ് വംശജരായ കോളജ് ഉടമകള്‍ പറയുന്നത്.നിയമാനുസൃതം കോളജ് നടത്തുന്നവരും ബംഗ്ലാദേശ്കാരുടെ തട്ടിപ്പ് പ്രവര്‍ത്തനം മൂലം ഇപ്പോള്‍ പ്രതികൂട്ടില്‍ ആയിരിക്കുകയാണത്രെ.

ഷെല്‍ബോണ്‍ കോളജില്‍ അഡ്മിഷന്‍ തേടി വിസയ്ക്കായി അപേക്ഷിച്ചിരുന്ന മലയാളികള്‍ അമ്പതില്‍ ഏറെ പേരുണ്ടായിരുന്നു എന്നാണ് ഐറിഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.ഡിപ്പോസിറ്റായി ഇവര്‍ നല്‍കിയ നാലായിരത്തോളം യൂറോ വിസ നിഷേധിച്ചതിനെ തുടര്‍ന്ന് കോളജ് തിരികെ നല്‍കേണ്ടതായിരുന്നു.എന്നാല്‍ കോളജ് അധികൃതരെ ഇപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ പോലും ആവുന്നില്ലെന്നു ഡബ്ലിനില്‍ അഡ്മിഷന്‍ നേടിയ തിരുവനന്തപുരത്തു നിന്നുള്ള ഏതാനം വിദ്യാര്‍ഥികള്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചത്.വെബ് സൈറ്റിലെ പല ലിങ്കുകളും പ്രവര്‍ത്തിക്കുന്നുമില്ല.

ഷെല്‍ബോണ്‍ കോളജ് പോലെ വിവിധ വിഷയങ്ങള്‍ക്കായുള്ള കോളജുകള്‍ കൂടാതെ ലാംഗ്വേജ് സ്‌കൂളുകള്‍ മാത്രമായി നടത്തുന്ന മിക്ക സ്ഥാപനങ്ങളും ഇപ്പോള്‍ വിദ്യാര്‍ഥികളില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.എന്നാണ് ആക്ഷേപമുയരുന്നത്.

ഒരു വര്‍ഷത്തേക്ക് വെറും 450 യൂറോ മുതല്‍ ഫീസ് ഈടാക്കിയാണ് മറ്റു പല ലാംഗ്വേജ് സ്‌കൂളുകളും കോഴ്‌സ് നടത്തുന്നത്.വിസ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ ഉള്‍പ്പെടെ 450 യൂറോയ്ക്കാണ് ഇംഗ്ലീഷ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. ഇപ്രകാരം പഠിക്കാന്‍ എത്തുന്നവര്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.ജോലി ചെയ്യാനുള്ള ഈ അനുമതിയാണ് ഭൂരിപക്ഷം പേരെയും അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നത്.യഥാര്‍ഥത്തില്‍ നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യതയില്ലാതെയും ,പ്രൊഫഷനല്‍ ജോലിയുടെ പശ്ചാത്തലം ഇല്ലാതെയും അയര്‍ലണ്ടില്‍ ഇപ്രകാരം എത്തുന്നവര്‍ക്ക് യാതൊരു ജോലിയും കിട്ടാന്‍ സാധ്യതയില്ലെന്നതാണ് സത്യം. 

ഇപ്രകാരം ലാംഗ്വേജ് സ്‌കൂളുകള്‍ നടത്തുന്നവര്‍ ആകട്ടെ സൗത്ത് അമേരിക്കയില്‍ നിന്നും ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികളെ ഗാര്‍ഡ കാര്‍ഡ് ലഭിക്കുന്നതിന് വേണ്ടത്ര കാലാവധി വരെയേ സംരക്ഷിക്കുന്നുള്ളൂ.ജോലി തേടി അയര്‍ലണ്ടില്‍ വരുന്ന ഇപ്രകാരമുള്ള വിദ്യാര്‍ഥികള്‍ പിന്നിട് എവിടെ പോകുന്നുവെന്ന് കോളജ് അധികൃതര്‍ക്ക് പോലും അറിയില്ലത്രേ.

അഥവാ കോളജില്‍ ആഴ്ചയില്‍ ഒരിക്കല്‍ എത്തുന്നവര്‍ക്ക് ഒരു A4 പേപ്പറില്‍ പഠന വിഷയത്തിനുള്ള ഭാഗം പ്രിന്റ് എടുത്തു നല്കുന്നതോടെ ഒരാഴ്ച്ചത്തെ ‘അധ്യാപനം’ കഴിയും! വിസ കാലാവധി തീരുന്നത് വരെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ താന്‍ പഠിപ്പിച്ച മിക്ക വിദ്യാര്‍ത്ഥികളും വിസകാലാവധിക്ക് ശേഷവും അഞ്ച് വര്‍ഷം വരെ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതായി ഒരു ലാംഗ്വേജ് സ്‌കൂള്‍ അദ്ധ്യാപകന്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.തെലുങ്കാനയില്‍ നിന്നുള്ള ഇന്ത്യാക്കാരില്‍ കൂടുതലും അയര്‍ലണ്ടില്‍ എത്താന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നവരാണെന്ന് പറയപ്പെടുന്നു.മലയാളി വിദ്യാര്‍ഥികളുടെ എണ്ണം താരതമ്യേനെ കുറവാണ്.എങ്കിലും കഴിഞ്ഞ വര്ഷം മാത്രം നൂറോളം മലയാളി വിദ്യാര്‍ഥികള്‍ ലാംഗ്വേജ് സ്‌കൂളുകളില്‍ പഠിക്കാന്‍ എത്തിയിട്ടുണ്ട്.

ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും ലാംഗ്വേജ് സ്‌കൂളുകളില്‍ പഠിക്കാന്‍ എത്തുന്നവരില്‍ കൂടുതലും മയക്ക് മരുന്ന് കച്ചവടത്തിനും,സെക്‌സ് അനുബന്ധമായ ജോലികള്‍ തേടിയുമാണ് അയര്‍ലണ്ടില്‍ എത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 

ഡബ്ലിന്‍ നഗരത്തില്‍ മാത്രം ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഭാഷാ പഠനത്തിനായി വ്യാജ ലാംഗ്വേജ്‌സ്‌കൂളുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇവരില്‍ നിന്നും മില്യന്‍ കണക്കിന് യൂറോയാണ് ബംഗ്ലാദേശ്കാരായ കോളജ് ഉടമകള്‍ തട്ടിക്കൊണ്ടു പോകുന്നതത്രേ.സര്‍ക്കാര്‍ ഈയിടെയായി നിയമം കര്‍ശനമാക്കിയതോടെ മൊറോക്കയിലേയ്ക്ക് ഇത്തരം വ്യാജ സ്‌കൂളുകളുടെ ആസ്ഥാനം മാറ്റാനുള്ള ശ്രമത്തിലാണ് ഉടമകള്‍എന്നാണ് അറിയാന്‍ കഴിഞ്ഞത്.

സ്‌കൂളുകളുടെ നടത്തിപ്പ് വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. പല സ്‌കൂളുകളും ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ല.രണ്ടു മാസം മുന്‍പ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട് എങ്കിലും കേരളത്തില്‍ നിന്നടക്കമുള്ള വ്യാജ റിക്രൂട്ട് മെന്റ് ഏജന്‍സികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുള്ളതായാണ് സൂചനകള്‍.അയര്‍ലണ്ടിലേയ്ക്ക് കേരളത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരത്തെ കുറിച്ചു കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ഊരാക്കുടുക്കില്‍ ചാടാനുള്ള സാദ്ധ്യതകള്‍ കൂടുതലാണ്.

റെജി സി ജേക്കബ് 

 

Scroll To Top