Friday November 24, 2017
Latest Updates

കോടതി വിധിയ്‌ക്കെതിരെ വി എം സുധീരന്‍ :കെ പി സി സി പ്രസിഡണ്ടിന് ജയരാജന്റെ ഗതി വരുമോ ?

കോടതി വിധിയ്‌ക്കെതിരെ വി എം സുധീരന്‍ :കെ പി സി സി പ്രസിഡണ്ടിന് ജയരാജന്റെ ഗതി വരുമോ ?

കൊച്ചി:കോടതി വിധിയ്‌ക്കെതിരെ പരാമര്‍ശവുമായി വി എം സുധീരന്‍ .ഇന്നലെ ബാര്‍വിഷയത്തിലെ ലൈസന്‍സുമായി ബന്ധപ്പെട്ട് കെപിസിസിയുടെ സര്‍ക്കുറലിനെതിരെ കോടതിയുടെ നിരീക്ഷണത്തിനെതിരെ രംഗത്തിറങ്ങിയ സുധീരന്‍ കോടതിയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മനസ് തുറന്നത്.

എന്നാല്‍, നിലപാട് വ്യക്തമാക്കാന്‍ കോടതിയില്‍ അവസരം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാ സ്വാതന്തൃത്തിന്റെ നിഷേധമാണിതെന്നും പറഞ്ഞ സുധീരന്‍ കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ കോടതി ഇങ്ങനെ പറയില്ലായിരുന്നെന്നും സുധീരന്‍ വ്യക്തമാക്കി. നിയമവിദഗ്ദരുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരവാദിത്വപ്പെട്ട ഒരു സംഘടനയുടെ നേതാവ് എന്ന നിലയില്‍ ഇനിയും ഇത്തരം നിര്‍ദേശങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്കുമെന്നും കെ പി സി സി പ്രസിഡണ്ട് പറഞ്ഞു.ഫലത്തില്‍ മുമ്പ് പാതയോരത്ത് യോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച കോടതി വിധിയ്‌ക്കെതിരെ എം വി ജയരാജന്‍ നടത്തിയ പ്രസ്താവനയെക്കാള്‍ രൂക്ഷമായാണ് സുധീരന്‍ പ്രതീകരിച്ചത്.

ബാറുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ ഭരണഘടനാവിരുദ്ധമാണെന്നും സമാന്തര നിയമ നടപടിയാണെന്നും ഹൈക്കോടതി ഇന്നലെ വിധി പ്രസ്താവിച്ചിരുന്നു.

ബാര്‍ ഹോട്ടല്‍ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും ബാര്‍ ലൈസന്‍സും ഉണ്ടായിട്ടും എറണാകുളത്തെ മരട് മുനിസിപ്പാലിറ്റി അനുമതി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മരടിലെ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ നല്‍കിയ ഹര്‍ജിയിലാണു നിരീക്ഷണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാര്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിച്ചു നല്‍കണമെന്നു ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്ക്, അലക്‌സാണ്ടര്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ലൈസന്‍സ് അനുവദിക്കുന്നതിനെതിരേ മരട് മുനിസിപ്പാലിറ്റി നല്‍കിയ ഹര്‍ജിയും ഇതേ ഉത്തരവു നല്‍കി ഹൈക്കോടതി തീര്‍പ്പാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കു കെപിസിസി പ്രസിഡണ്ട് നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് എന്‍ഒസി നല്‍കാതിരിക്കുന്നതു ഭരണഘടനാപരമായ വിവേചനാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞ് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നു വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഒസി നിഷേധിക്കുന്നതെന്നാണു ഹര്‍ജിക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലറും ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിയമപരമായ അവകാശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരത്തിലുള്ള കൈയേറ്റം കോടതിയലക്ഷ്യമാണെന്നു സുപ്രീം കോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തെ അംഗീകരിക്കുന്ന ഒരാളും ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതു ശരിയല്ല. ഇത്തരം ഉത്തരവുകള്‍ പാലിക്കാന്‍ നഗരസഭകള്‍ക്കു ബാധ്യതയുമില്ല. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ നയം സ്വീകരിക്കാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

2014 ഫെബ്രുവരി 20നാണ് വി.എം. സുധീരന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഭരണനേതൃത്വത്തിന് സര്‍ക്കുലര്‍ നല്‍കിയത്. മദ്യ ഉപഭോഗം കുറയ്ക്കണമെന്നാണു കോണ്‍ഗ്രസിന്റെ നിലപാടെന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ചില തദ്ദേശസ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്നു വ്യത്യസ്തമായി നിലപാടുകള്‍ എടുക്കുന്നു. ഇതു പാടില്ല. കോണ്‍ഗ്രസ് ഭരണനേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ മദ്യശാലകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കരുത് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top