Sunday August 20, 2017
Latest Updates

ഡബ്ലിന്‍ നഗരം വിടാനൊരുങ്ങി മലയാളികള്‍ :പുതിയ കുടിയേറ്റം ഉള്‍കൗണ്ടികളിലേയ്ക്ക് 

ഡബ്ലിന്‍ നഗരം വിടാനൊരുങ്ങി മലയാളികള്‍ :പുതിയ കുടിയേറ്റം ഉള്‍കൗണ്ടികളിലേയ്ക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹം പ്രധാന ആവാസ കേന്ദ്രമായിരുന്ന ഡബ്ലിന്‍ നഗരം വിട്ട് ഉള്‍കൌണ്ടികളിലേയ്ക്ക് കുടിയേറ്റം ശക്തമാക്കുന്നതായി കണ്ടെത്തല്‍.ഡബ്ലിനിലെ ചിലവ് ജീവിത ചിലവുകള്‍ താങ്ങാനാവാതെ നൂറു കണക്കിന് മലയാളി കുടുംബങ്ങളാണ് ഉള്‍കൌണ്ടികളിലേയ്ക്ക് താമസം മാറ്റാന്‍ തയാറാകുന്നത് എന്നാണ് സൂചനകള്‍

എച്ച് എസ് ഇ കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ റിക്രൂട്ട്‌മെന്റുകളില്‍ ഉള്‍പ്രദേശങ്ങളിലേയ്ക്കുള്ള പോസ്റ്റിംഗ് തേടി പങ്കെടുത്തത് നൂറുകണക്കിന് മലയാളികളാണ്.ഇവരിലേറെയും ഡബ്ലിനിലെ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരും അവരുടെ കുടുംബങ്ങലുമാണ്.പ്രൈവറ്റ് മേഖലയില്‍ നിന്നും മാത്രമല്ല ഒട്ടേറെ പ്രമുഖ എച്ച് എസ് ഇ/ യൂണിവേഴ്‌സിറ്റി ആശുപത്രികളില്‍ നിന്ന് പോലുമുള്ളവര്‍ ഇത്തരം റിക്രൂട്ട് മെന്റ് വഴി വിവിധ സ്ഥങ്ങളിലെയ്ക്കുള്ള പാനലുകളില്‍ എത്തിയിട്ടുണ്ട്.

കാവന്‍,മീത്ത്,മോണഗന്‍,ലൌത്ത് എന്നി കൌണ്ടികള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് മേഖലയിലേയ്ക്കും ,ഗാല്‍വെ ,മേയോ,റോസ് കോമണ്‍,ഡോണഗല്‍,സ്ലൈഗോ,ലീട്രിം എന്നി കൌണ്ടികള്‍ ഉള്‍ക്കൊള്ളുന്ന വെസ്റ്റ് ആന്‍ഡ് നോര്‍ത്ത് വെസ്റ്റ് റീജിയനിലേയ്ക്കുമാണ് മലയാളികളുടെ കാര്യമായ ഒഴുക്കിന് സാധ്യതയെന്നാണ് എച്ച് എസ് ഇ യുടെ കണക്കുകള്‍ കാണിയ്ക്കുന്നത്.സ്ലൈഗോ മേഖലയിലേയ്ക്ക് മാത്രം 70 മലയാളി നഴ്‌സുമാര്‍ എച്ച് എസ് ഇ യുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യ കാലത്ത് താരതമ്യേനെ കുറഞ്ഞ ജീവിത ചിലവും ജീവിത സൗകര്യങ്ങളും ഡബ്ലിനെ ആകര്‍ഷകമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ വര്‍ദ്ധിച്ച ജീവിത ചിലവും നഗരത്തിലെ ആശുപത്രികളിലെ കനത്ത ജോലി ഭാരവുമാണ് മിക്കവരെയും ഉള്‍ കൌണ്ടികളിലേയ്ക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് പങ്കാളികള്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യതയും ഡബ്ലിനില്‍ കൂടുതലായിരുന്നത് നഗരം വിട്ടു പോകാന്‍ മലയാളികള്‍ മടിച്ചിരുന്നു.ഇപ്പോഴാകട്ടെ അയര്‍ലണ്ടില്‍ പുതിയതായി ഉണ്ടാകുന്നതില്‍ 60 ശതമാനത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്‍കൌണ്ടികള്‍ കേന്ദ്രീകരിച്ചായതിനാല്‍ അവിടങ്ങളിലും കൂടുതല്‍ ജോലി സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

മാത്രമല്ല സിറ്റിസണ്‍ഷിപ്പ് ലഭിച്ചവര്‍ക്ക് ഇഷ്ട്ടമുള്ള തൊഴിലില്‍ ധൈര്യമായി ഏര്‍പ്പെടാം എന്ന അവസ്ഥയും ഡബ്ലിനില്‍ നിന്നുള്ള മാറ്റത്തിന് മലയാളികളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.കൃഷിയടക്കമുള്ള മേഖലകളില്‍ ഒരു കൈ നോക്കാമെന്ന വിചാരത്തില്‍ കൂടിയാണ് ഉള്‍കൌണ്ടികളില്‍ കുടിയേറാന്‍ ശ്രമിക്കുന്നതെന്ന് ഡബ്ലിനിലെ ചില മലയാളികള്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

‘വാടകയിനത്തില്‍ തന്നെ കുറഞ്ഞത് 500 യൂറോ എങ്കിലും ലാഭിക്കാം എന്ന് ഉറപ്പാണ്.വീടിന് ചുറ്റും അത്യാവശ്യം പച്ചക്കറികളും മറ്റും വളര്‍ത്തി നല്ല ഭക്ഷണവും കഴിക്കാം’.ആസ്‌ട്രേലിയയില്‍ കുടിയേറി പോവുന്നതിനേക്കാള്‍ ലാഭം ഇവിടെ ലഭിക്കുമെങ്കില്‍ എന്തിനാണ് രാജ്യം വിടേണ്ടത്?ആസ്‌ട്രേലിയന്‍ യാത്ര മാറ്റി വെച്ച് സ്ലൈഗോയിലേയ്ക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ഡബ്ലിനിലെ മലയാളി കുടുംബം ഐറിഷ് മലയാളി’യോട് അഭിപ്രായം പങ്കു വെച്ചു.

ചില മൂല്യാധിഷ്ടിത വിചാരങ്ങളും പല മലയാളികളും പങ്കുവെച്ചു.പുതിയ സാഹചര്യങ്ങളില്‍ നഗരത്തിലെ വര്‍ദ്ധിക്കുന്ന ‘വൃത്തികേടുകള്‍’ക്കിടയില്‍ ജീവിക്കുന്നതിലും മെച്ചമായിരിക്കും ഗ്രാമത്തില്‍ പോയി ജീവിക്കുന്നത് എന്നൊരു വിചാരവും പലരും പുലര്‍ത്തുന്നുണ്ട്.പ്രത്യേകിച്ചും കൌമാരക്കാരായ മാതാപിതാക്കളാണ് ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്.

അയര്‍ലണ്ടിലെ ആകെയുള്ള ഇന്ത്യന്‍ ജനസംഖ്യയില്‍ മലയാളികളുടെ പങ്കില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്.മുമ്പ് 70 % വരെ ഉണ്ടായിരുന്ന മലയാളി ജനസംഖ്യ ശതമാന കണക്കില്‍ 2011 ന് ശേഷം മൂന്നിലൊന്നായി കുറഞ്ഞതായാണ് കണ്ടെത്തലുകള്‍.മറ്റു സംസ്ഥാനത്ത് നിന്നുള്ള ഇന്ത്യാക്കാരുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ അയര്‍ലണ്ടിലേയ്ക്ക് ഉള്ളത്.
പതിവ് പോലെ നഴ്‌സിംഗ് മേഖലയില്‍ നിന്നുള്ളവര്‍ മാത്രമാണ് പുതിയതായി അയര്‍ലണ്ടില്‍ എത്തുന്ന മലയാളികളില്‍ 90 ശതമാനവും.

reji c jacobഡബ്ലിനില്‍ ഉള്ള മലയാളികള്‍ ഉള്‍ കൌണ്ടികളിലെ നഴ്‌സിംഗ് ഒഴിവുകള്‍ കണ്ടെത്തി സ്ഥലം മാറാന്‍ പരിശ്രമിക്കുന്നതിനാല്‍ പുതിയതായി എത്തുന്നവരില്‍ അധികവും ഇനി ഡബ്ലിനില്‍ തന്നെ താവളം കണ്ടെത്തേണ്ടി വരുമെന്നാണ് സൂചനകള്‍.


റെജി സി ജേക്കബ് (എഡിറ്റര്‍ ,ഐറിഷ് മലയാളി)


Scroll To Top