Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളേര്‍പ്പെടുത്തുന്നു

ഡബ്ലിനില്‍ പുതിയ ട്രാഫിക്   പരിഷ്‌കാരങ്ങളേര്‍പ്പെടുത്തുന്നു

ഡബ്ലിന്‍: നഗരത്തില്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങളേര്‍പ്പെടുത്താന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. കോളജ് ഗ്രീനലെ ബാങ്ക് ഓഫ് അയര്‍ലണ്ടിനു മുന്നിലുള്ള സ്ഥലം കാല്‍നടയാത്രക്കാര്‍ക്കു മാത്രമായി നല്‍കാനുള്ളതടക്കമുള്ള തീരുമാനങ്ങള്‍ ഇതിലുള്‍പ്പെടും. അങ്ങനെ വന്നാല്‍ ഡെയിം സ്ട്രീറ്റില്‍ നിന്നും കിഴക്കോട്ടേയ്‌ക്കോ പടിഞ്ഞാറേയ്‌ക്കോ ഉള്ള എല്ലാ വാഹനങ്ങളും നിരോധിക്കും.

സൈക്കില്‍ യാത്രക്കാര്‍ക്കു മാത്രമായി ഓഫ് റോഡ് സൈക്കിള്‍ പാത്തുകള്‍ നിര്‍മ്മിക്കും. ഇവിടെക്കൂടി പുതിയ ലുവാസ് സര്‍വ്വീസും ഉണ്ടാകും.

പരീക്ഷണത്തിന്റെ ഭാഗമായി ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി രണ്ട് ലെയ്ന്‍ കോറിഡോര്‍ തുറക്കും. ഈ പരിഷ്‌കാരങ്ങള്‍ ഡബ്ലിനിലെ 40 ബസ്സുകളുടെ ഇപ്പോഴത്തെ റൂട്ടുകളില്‍ വ്യത്യാസമുണ്ടാക്കും. അതിനാല്‍ പുതിയ ബസ് സ്റ്റോപ്പുകളും വേണ്ടിവരും. എങ്കിലും പരിഷ്‌കാരങ്ങള്‍ നല്ലതിനാണ് എന്നാണ് ഡബ്ലിന്‍ ബസ് സര്‍വ്വീസിന്റെ പ്രതികരണം.

ട്രിനിറ്റി കോളജിനു മുന്നിലൂടെ ബസ്സുകളും ലുവാസുകളും സര്‍വ്വീസ് നടത്തും. ഡെയിം സ്ട്രീറ്റിലേയ്ക്ക് വാഹനങ്ങളെ കടത്തി വിടില്ല. അതിനു പകരമായി കോളജ് ഗ്രീനിനു മുന്നിലൂടെ ഫോസ്റ്റര്‍ പ്ലേസിലേയ്ക്ക് പുതിയ പാത നിര്‍മ്മിക്കും. കോളജ് ഗ്രീന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു എന്നതിനാലാണ് ഇവിടെ ആകര്‍ഷകമായ പദ്ധതികള്‍ക്ക് തുടക്കമിടുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ രാവിലെ 7 മണി തൊട്ട് വൈകുന്നേരം 7 വരെ കാറുകള്‍ക്ക് കോളജ് ഗ്രീനില്‍ നിരോധനമുണ്ട്.
പരിഷ്‌കാരത്തെ ബിസിനസുകാരും സ്വാഗതം ചെയ്തിട്ടുണ്ട്. പരിഷ്‌കാരത്തെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം മെയ് 24 വരെ കൗണ്‍സിലിനെ അറിയിക്കാം.

Scroll To Top