Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമായി പുതിയ സംവിധാനം ഒരുങ്ങുന്നു.. പ്രിസ്‌ക്രിപ്ഷന്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍!

അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കുമായി പുതിയ സംവിധാനം ഒരുങ്ങുന്നു.. പ്രിസ്‌ക്രിപ്ഷന്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍!

കില്‍ക്കെനി:ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ കയ്യക്ഷരം പ്രശസ്തമാണ്. ഒറ്റ അക്ഷരം ശരിക്ക് വായിക്കാന്‍ കഴിയില്ലെന്നതു തന്നെ കാരണം. ചിലപ്പോഴെങ്കിലും പ്രിസ്‌ക്രിപ്ഷനിലെ കയ്യക്ഷരം ഫാര്‍മസിസ്റ്റുകള്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. എങ്കിലിതാ ആ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കുന്ന പുതിയ സര്‍വ്വീസ് അയര്‍ലണ്ടില്‍ ആരംഭിച്ചിരിക്കുന്നു, പേര് ഇ സ്‌ക്രിപ്റ്റ് (eScript).

ഇല്‌ക്ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ നോട്ടിഫിക്കേഷന്‍ സര്‍വ്വീസ് എന്നാണ് ഈ സംവിധാനത്തിന് പറയുക. അയര്‍ലണ്ടിലെ ജനങ്ങളില്‍ 87 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് എന്നതും ഈ സര്‍വ്വീസിനെ ജനപ്രിയമാക്കുന്നു.

ഈ സര്‍വ്വീസിന് പ്രചാരം ലഭിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. 74 ശതമാനം പേരും തങ്ങളുടെ ഡോക്ടറുടെ കയ്യക്ഷരം ശരിക്ക് വായിക്കാന്‍ കഴിയുന്നതല്ല എന്ന അഭിപ്രായക്കാരാണ്. ഇതില്‍ത്തന്നെ 43 ശതമാനം പേര്‍ മോശം കയ്യക്ഷരം കാരണം ഫാര്‍മസിസ്റ്റുകള്‍ക്ക് മരുന്ന് മാറിപ്പോകുമോ എന്നും ഭയക്കുന്നു.

74% രോഗികളും സ്ഥിരമായി ഒരേ ഫാര്‍മസിയില്‍ നിന്നുമാണ് മരുന്നുകള്‍ വാങ്ങുന്നത് എന്നും ഈ സര്‍വ്വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സര്‍വ്വേയില്‍ പറയുന്നുണ്ട്. ഇതില്‍ക്കൂടുതല്‍ എന്തു കാരണം വേണം ഇത്തരമൊരു സര്‍വ്വീസ് ‘ഹിറ്റ്’ ആകാന്‍.

ഇനിയുമുണ്ട് ഈ സര്‍വ്വീസിന്റെ ഗുണങ്ങള്‍. പരിശോധന കഴിഞ്ഞയുടന്‍ ഡോക്ടര്‍ ഫാര്‍മസിയിലേയ്ക്ക് മരുന്നുകളുടെ നോട്ടിഫിക്കേഷന്‍ അയക്കുന്നത് ഫാര്‍മസിക്കു മുന്നില്‍ കാത്തിരുന്ന് സമയം കളയാതിരിക്കാന്‍ നമ്മെ സഹായിക്കും. രോഗി ആവശ്യപ്പെടുന്ന ഫാര്‍മസിയിലേയ്ക്കാണ് ഡോക്ടര്‍ തന്റെ കംപ്യൂട്ടറില്‍ നിന്നും നേരിട്ട് നോട്ടിഫിക്കേഷന്‍ അയയ്ക്കുക.സര്‍വ്വീസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.escript.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Scroll To Top