Sunday December 11, 2016
Latest Updates

മണിയുടെ മരണം:സംസ്‌കാരം കഴിഞ്ഞിട്ടും അഭ്യൂഹങ്ങളുമായി വിവാദങ്ങള്‍ വീണ്ടും

മണിയുടെ മരണം:സംസ്‌കാരം കഴിഞ്ഞിട്ടും അഭ്യൂഹങ്ങളുമായി വിവാദങ്ങള്‍ വീണ്ടും

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് സംസ്‌കാരം കഴിഞ്ഞിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങലില്‍ പ്രചരിക്കുന്നത്. മരണം ആത്മഹത്യയാണോ അതോ കരുതിക്കൂട്ടിയുള്ള ഇടപെടലുകള്‍ സംഭവത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ പോലീസ് ആശയക്കുഴപ്പത്തിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
മണിയെ അബോധാവസ്ഥയില്‍ കണ്ട ഔട്ട് ഹൗസ് സീല്‍ ചെയ്ത പോലീസ് ഇവിടെ നിന്നും കണ്ടെടുത്ത മദ്യക്കുപ്പികളും അവശേഷിക്കുന്ന തെളിവുകളും പരിശോധിക്കുകയാണ്. ഇന്നലെ രാത്രി തന്നെ മണിയുടെ അടുത്ത സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നിര്‍ണ്ണായകമായ പല വിവരങ്ങളും പോലീസിനു ലഭിച്ചതായാണ് വിവരം.
മണി കഴിഞ്ഞ ഒന്നരമാസത്തോളമായി കുടുംബവുമായി കടുത്ത ഭിന്നതയിലായിരുന്നുവെന്നന്നും മണി താമസിച്ചിരുന്നത് ഔട്ട് ഹൗസിലായിരുന്നുവെന്നുമുള്ള ഏറ്റവും നിര്‍ണ്ണായകമായ വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതേചൊല്ലി ഭാര്യാ പിതാവ് ഉള്‍പ്പെടെയുള്ളവരുമായി മൂന്ന് ദിവസം മുമ്പ് വരെ കലഹങ്ങള്‍ ഉണ്ടായിരുന്നതായ വിവരങ്ങള്‍് പോലീസിനു ലഭിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു്.

മണിയുടെ വന്‍ മൂല്യങ്ങളുള്ള സ്വത്തുക്കള്‍ പലതും മണിയുടെ പേരിലായിരുന്നില്ല. കലഹത്തിനു കാരണങ്ങളിലൊന്ന് ഇതേചൊല്ലിയുണ്ടായ തര്‍ക്കങ്ങളായിരുന്നോ എന്ന് സംശയിക്കുന്നു.
എല്ലാ ജന്മദിനങ്ങളും വീട്ടുകാരും കൂട്ടുകാരുമൊത്ത് ആഘോഷിക്കുന്ന പതിവ് മണിക്കുണ്ട്. ജനുവരി ഒന്നിനായിരുന്നു ജനനം. അതിനാല്‍ എല്ലാ ജനുവരി ഒന്നും ആണ്ടുപിറവി ആഘോഷവുമെല്ലാം മണിയുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഒഴിവുണ്ടായിട്ടും മണി ജന്മദിനം ആഘോഷിച്ചില്ലെന്ന വിവരങ്ങളും സുപ്രധാനമാണ്.

കുടുംബവുമായുള്ള ഭിന്നതയാണ് അതിനു കാരണമായി പറയപ്പെടുന്നത്. മണിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യാപിതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിലെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലുള്ള താരം കഴിഞ്ഞ ഒന്നര മാസമായി നിരന്തരമായി മദ്യപിച്ചിരുന്നതും ഈ മദ്യപാന സദസുകളില്‍ കൂട്ടുകാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നതും പോലീസിനെ സംശയത്തിലേക്ക് നയിക്കുന്നു.
കരള്‍ രോഗം അതീവ ഗുരുതരമായിട്ടുള്ള ഒരാള്‍ മദ്യപിക്കുന്നതിനൊപ്പം സഹകരിക്കുകയെന്നാല്‍ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുന്നതില്‍ മനപൂര്‍വ്വം പങ്കുകാരനാകുകയെന്നതാണ് വൈദ്യശാസ്ത്രത്തിന്റെ നിര്‍വചനം. ഇതറിഞ്ഞുകൊണ്ട് തന്നെ നിരന്തരമായ മദ്യപാനത്തില്‍ നിന്നും മണിയെ പിന്തിരിപ്പിക്കാന്‍ ശ്രമം ഉണ്ടായോ, അതോ പ്രോത്സാഹനം ഉണ്ടായോ എന്നതാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
എന്തായാലും കഴിഞ്ഞ ഒന്നരമാസത്തോളമായി മണി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും നിരാശയിലുമായിരുന്നു എന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ കാരണങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
മണിയോടൊപ്പം അദ്ദേഹത്തിന്റെ ചാലക്കുടി പാഡിയിലുള്ള ഔട്ട് ഹൗസില്‍ അവസാന ദിവസം മദ്യപിക്കാന്‍ കൂട്ടുണ്ടായിരുന്നവരെയും അന്ന് മദ്യം എത്തിച്ചുകൊടുത്തവരെയും സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ തന്നെ പോലീസിന്റെ പക്കലുണ്ട്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. ഇവരില്‍ പലരെയും ഇതിനോടകം പോലീസ് പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു.
ഭാര്യാപിതാവില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കേണ്ടതിനാല്‍ അദ്ദേഹത്തെയും ചോദ്യം ചെയ്യുന്നതോടെയേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം തെളിയുകയുള്ളൂ.

Scroll To Top