Thursday August 24, 2017
Latest Updates

ഏഷ്യാക്കാരെ ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും ചെലവേറിയ പ്രൈവറ്റ് സ്‌കൂള്‍ ഡബ്ലിനില്‍ ഒരുങ്ങുന്നു

ഏഷ്യാക്കാരെ ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും ചെലവേറിയ പ്രൈവറ്റ് സ്‌കൂള്‍ ഡബ്ലിനില്‍ ഒരുങ്ങുന്നു

ഡബ്ലിന്‍:രാജ്യത്തെ ഏറ്റവും ചെലവേറിയ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂള്‍ സൗത്ത് ഡബ്ലിനില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. ലെപ്പേര്‍ഡ്സ്ടൗണിലുള്ള സൗത്ത് കൗണ്ടി ബിസിനസ് പാര്‍ക്കിലെ പഴയ മൈക്രോസോഫ്റ്റ് ഓഫിസ് ബ്ലോക്കിലാണ് സ്‌കൂള്‍ പുത്തന്‍ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്നത്. 2018സെപ്റ്റംബറോടെ സ്‌കൂളിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിക്കും. സ്വദേശികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കും.800 കുട്ടികള്‍ക്ക് അഡ്മിഷന് സൗകര്യമുള്ള സ്‌കൂളില്‍ 3 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പഠിക്കാം.

ലോകവ്യാപകമായി 43 ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ നടത്തുന്ന നോര്‍ഡ് ആംഗ്ലിയ എജ്യുക്കേഷനും ഐറിഷ് സംരംഭകനായ ബാരി ഒ കല്ലഗനും ചേര്‍ന്നാണ് സ്‌കൂള്‍ നടത്തുന്നത്. എജ്യുക്കേഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ റിവര്‍ഡീപ്പിന്റെ ഉടമയാണ് കല്ലഗന്‍.

ഏഷ്യയില്‍ നിന്നും മറ്റുമുള്ള കുടുംബങ്ങള്‍ മക്കള്‍ക്ക് നല്ല ഇംഗ്ലിഷ് വിദ്യാഭ്യാസം ലഭിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ അന്വേഷിക്കുന്നതാണ് പുതിയ സ്‌കൂള്‍ തുടങ്ങാന്‍ സംരംഭകര്‍ക്ക് പ്രചോദനമായത്.ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ മറ്റ് രാജ്യക്കാരായ ടീച്ചര്‍മാരെ ലഭിക്കാനും പ്രയാസമുണ്ടാകില്ല.

സാംസ്‌കാരികമായി വേറിട്ട് നില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ഏഷ്യക്കാര്‍ തന്നെയാണ് തങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ എന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.ഏഷ്യന്‍ വംശജരുടെ മാനേജ്‌മെന്റില്‍ നിലവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലാത്തത് ഇവരില്‍ പ്രതീക്ഷ നല്‍കുന്നു.

ഡബ്ലിനിലെ തങ്ങളുടെ ക്യാപസില്‍ സ്പെഷ്യലിസ്റ്റ് ആര്‍ട്സ്, സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിങ്, ആര്‍ട്സ് ആന്‍ഡ് മാത്ത്സ് എന്നിവയ്ക്ക് പ്രത്യേകം സൗകര്യങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഫീസിന്റെ കാര്യത്തില്‍ കൃത്യമായ തുക ഇപ്പോള്‍ പറയാനാകില്ലെങ്കിലും മറ്റ് സ്‌കൂളുകളെക്കാള്‍ ഏറെ അദികമാകുമെന്നാണ് കരുതുന്നത്. നോര്‍ഡ് ആംഗ്ലിയയുടെ യൂറോപ്യന്‍ സ്‌കൂളുകളിലുള്ള സെക്കന്‍ഡ് ലെവല്‍ ഡേ സ്റ്റുഡന്റ്സിന്റെ ശരാശരി ഫീസ് വര്‍ഷം 20,000 യൂറോ ആണ്. അഡ്മിഷന്‍ ആരംഭിച്ചിട്ടില്ലെങ്കിലും താല്‍പര്യമുള്ളവര്‍ക്ക് സ്‌കൂള്‍ വെബ്സൈറ്റില്‍ വിവരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Scroll To Top