Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ സ്വകാര്യമേഖലയില്‍ സ്ഥിര ജോലിക്കാര്‍ക്കായി കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഏജന്‍സികള്‍

അയര്‍ലണ്ടില്‍ സ്വകാര്യമേഖലയില്‍ സ്ഥിര ജോലിക്കാര്‍ക്കായി കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്ന് ഏജന്‍സികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇത് സ്ഥിര ജോലിയുടെ വര്‍ഷം. അടുത്തിടെ നടന്ന ഒരു സര്‍വേപ്രകാരം അയര്‍ലണ്ടിലെ 73 ശതമാനം കമ്പനികളും ഈ വര്‍ഷം സ്ഥിരം ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ദി അബ്രിവിയ റിക്രൂട്ട്‌മെന്റാണ് സര്‍വേ നടത്തിയത്. അയര്‍ലണ്ടില്‍ വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 4,000 കമ്പനികളിലും 45,000 ജീവനക്കാര്‍ക്കിടയിലുമാണ് സര്‍വേ നടത്തിയത്. അയര്‍ലണ്ടിലെ 87 ശതമാനം കമ്പനികളും ഈ വര്‍ഷം പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഇതില്‍ 73 ശതമാനം കമ്പനികളും സ്ഥിരം നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍വെയില്‍ വെളിപ്പെടുത്തി.

മറ്റു പല റിക്രൂട്ട്‌മെന്റ് ഏജന്‍സികളും നടത്തിയ സമാനമായ സര്‍വേകളും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു 

അയര്‍ലണ്ടിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടതിന്റെ സൂചനയാണ് സ്ഥിര ജീവനക്കാരെനിയമിക്കാന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറാകുന്നതെന്ന് അബ്രിവിയ റിക്രൂട്ട്‌മെന്റ് എംഡി ഡോണല്‍ ഓബ്രിയന്‍ പറഞ്ഞു. നേരത്തെ സാമ്പത്തിക സ്ഥിതിമോശമായിരുന്നപ്പോള്‍ ഐറിഷ് കമ്പനികള്‍ താല്‍ക്കാലിക ജീവനക്കാരെയും കോണ്‍ട്രാക്റ്റ് ജീവനക്കാരെയുമാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. തങ്ങള്‍ക്ക് ആവശ്യമുള്ള അത്രയും ജീവനക്കാരെ ലൈവ് രജിസ്റ്ററില്‍ നിന്ന് കണ്ടെത്താനാകില്ലെന്ന് 52 ശതമാനം തൊഴില്‍ ദാതാക്കളുംആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരെ നിയമിക്കാന്‍ തയ്യാറാണെന്ന് 49 ശതമാനം കമ്പനികളും അറിയിച്ചു.

ഐടി മേഖലയിലാണ് ഏറ്റവുമധികം ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുന്നത്.ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാനില്ലെന്ന് ഐടി മേഖലയിലെ 65 ശതമാനം കമ്പനികളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം 29 ശതമാനം കമ്പനികള്‍ ജീവനക്കാരുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് ഈ വര്‍ഷം അത് 65 ശതമാനമായി വര്‍ധിച്ചത്. ഐടി കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാര്‍ക്ക് ക്ഷാമം നേരിടുന്ന മറ്റൊരു വിഭാഗം സെയില്‍സ് മാര്‍ക്കറ്റിംഗ് മേഖലയാണ്. ഈ മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാനില്ലെന്ന് 26 ശതമാനം കമ്പനികള്‍ അഭിപ്രായപ്പെട്ടു. നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25 ശതമാനം സ്ഥാപനങ്ങളും ഹ്യൂമന്‍ റിസോഴ്‌സസ് മേഖലയിലെ 18 ശതമാനം കമ്പനികളും അക്കൌണ്ടന്‍സി മേഖലയിലെ 15 ശതമാനം കമ്പനികളും ജീവനക്കാരുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.

Scroll To Top