Saturday September 23, 2017
Latest Updates

ബി ജെ പി കേരളത്തില്‍ എസ് എന്‍ ഡി പി യെയും,മാണി ഗ്രൂപ്പിനെയും ചേര്‍ത്ത് മൂന്നാം മുന്നണി ഉണ്ടാക്കുമെന്ന് സൂചനകള്‍ 

ബി ജെ പി കേരളത്തില്‍ എസ് എന്‍ ഡി പി യെയും,മാണി ഗ്രൂപ്പിനെയും ചേര്‍ത്ത് മൂന്നാം മുന്നണി ഉണ്ടാക്കുമെന്ന് സൂചനകള്‍ 

ഡല്‍ഹി:ബി ജെ പി യുമായി ചേര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ് എന്‍ ഡി പി തയാറെടുക്കുന്നതായി വാര്‍ത്തകള്‍.ബി ജെ പി നേതൃത്വം രണ്ടു കൈയ്യും നീട്ടി വെള്ളാപ്പള്ളി നടേശനെയും സംഘത്തെയും സ്വീകരിക്കാനുള്ള ബ്ലൂ പ്രിന്റ് തയാറാക്കി കഴിഞ്ഞു.

ബി ജെ പി യെ പിന്തുണയ്ക്കാനുള്ള സാധ്യത ഇന്നലെ ഡല്‍ഹിയില്‍ വെച്ച് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയതോടെ കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തില്‍ പുതിയ ചേരി തിരിവുകള്‍ ഉണ്ടായേക്കും എന്ന സൂചനകളും പുറത്തു വന്നു.സ്ഥിതി ഇങ്ങനെയായാല്‍ കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ടീയ പാര്‍ട്ടികള്‍ ബി ജെ പിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുമെന്നും കരുതപ്പെടുന്നു.

കോണ്‍ഗ്രസുമായി മാനസികമായ ഐക്യം നഷ്ട്ടപ്പെട്ട അവസ്ഥയിലാണ് കേരളാ കോണ്‍ഗ്രസ്.കെ എം മാണിയെ അഴിമതി ആരോപണത്തിന്റെ ക്രൂശില്‍ തറയ്ക്കാന്‍ പിന്നാമ്പുറകളി കളിച്ചത് കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്ന് മാണിയ്ക്കറിയാം.ശാരീരികമായി പോലും മാണിയെ ദുര്‍ബലനാക്കാന്‍ ആരോപണങ്ങള്‍ക്കായി.അത് കൊണ്ട് തന്നെ കോണ്‍ഗ്രസുമായി ബന്ധം തുടരണം എന്ന നിലപാടൊന്നും മാണി വിഭാഗത്തിനുമില്ല.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സാധാരണയില്‍ അധികമായി പരസ്പരം കാലു മാറ്റം ഉണ്ടാക്കുന്നതില്‍ നല്ലത് മുന്നണിയ്ക്ക് പുറത്തു പോകുന്നതാണ് നല്ലതെന്നും ഇവര്‍ കരുതുന്നു.
ഈ സാഹചര്യത്തിലാണ് ഒരു മൂന്നാം മുന്നണിയ്ക്കുള്ള സാധ്യത കേരളാ കോണ്‍ഗ്രസ് തേടുന്നത്.ബി ജെ പി നേതാക്കള്‍ മാണി ഗ്രൂപിലെ ചില നേതാക്കളെ സഖ്യ സാധ്യതകള്‍ ആരാഞ്ഞ് സമീപിച്ചിട്ടുണ്ട്.കത്തോലിക്കാ സഭയിലെ ഒരു പ്രമുഖ ബിഷപ്പ് മുഖേനെ ഇതിനുള്ള നിര്‍ദേശം മാണിയ്ക്ക് സമര്‍പ്പിച്ചുവെന്നാണ് കോട്ടയത്തെ സംസാരം.

എസ്എന്‍ഡിപിക്കു 6500 ശാഖകളും 74,000 മൈക്രോ ഫിനാന്‍സ് യൂണിറ്റുകളുമുള്ളത് ഏതൊരു കേഡര്‍ പാര്‍ട്ടിയുമായും കിടപിടിക്കുന്ന സംഘടനാ സംവിധാനമാണെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പേടിപ്പെടുത്തുന്ന വസ്തുതയാണ്.സി പി എമ്മിന്റെ വിഭാഗീയതയും,കുറയുന്ന ജനപിന്തുണയും,കോണ്‍ ഗ്രസിലെ ചേരി തിരിവുകളും കണക്കിലെടുത്ത് എസ് എന്‍ ഡി പി യെ കൂടെ കൂട്ടി മുന്നണിയുണ്ടാക്കിയാല്‍ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

കൊല്ലത്ത് ആര്‍.ശങ്കറിന്റെ പ്രതിമ അനാഛാദനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനുമായി ഇന്നലെ വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനു അന്ത്യോപചാരമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി പോയതിനാല്‍ ചര്‍ച്ച മാറ്റി വയ്ക്കുകയായിരുന്നു. ഇന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.

Scroll To Top