Saturday December 03, 2016
Latest Updates

ഭൂമിക്ക് സമാനമായി മറ്റൊരു ഗ്രഹം കൂടി

ഭൂമിക്ക് സമാനമായി മറ്റൊരു ഗ്രഹം കൂടി

ന്യുയോര്‍ക്ക്: ഭൂമിക്ക് സമാനമായി മറ്റൊരു ഗ്രഹം കൂടി. ഹാര്‍വാര്‍ഡ് ഗവേഷകരാണ് ഈ ഗ്രഹം കണ്ടെത്തിയത്. കെപ്ലര്‍ 438 ബി എന്നാണ് ഭൂമിയുടെ സഹോദരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രഹത്തിന്റെ പേര്. ഇതുവരെ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഭൂമിയുമായി ഏറ്റവും സാമ്യമുള്ളത് കെപ്ലര്‍ 438 ബി എന്ന ഗ്രഹത്തിനാണെന്ന് ഗവേഷകര്‍ പറയുന്നു. സമീപകാലത്തെ ഗവേഷണത്തില്‍ കണ്ടെത്തിയ എട്ടു ഗ്രഹങ്ങളില്‍ ഒന്നാണ് കെപ്ലര്‍ 438 ബി. 

ഭൂമിയെക്കാള്‍ 12 ശതമാനം അധികം വ്യാസമുള്ള ഈ ഗ്രഹത്തിലെ അന്തരീക്ഷ താപനില വെള്ളത്തിന്റെ ഒഴുക്കിന് അനുയോജ്യമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഗ്രഹോപരിതലം പാറകള്‍ കൊണ്ട് രൂപപ്പെട്ടിരിക്കാനുള്ള സാധ്യത 70 ശതമാനമാണെന്നും ശാസ്ത്രലോകം കരുതുന്നു. സൂര്യനില്‍ നിന്ന് ഭൂമിയില്‍ ലഭിക്കുന്നതിനേക്കാള്‍ 40 ശതമാനം അധികം ചൂട് കെപ്ലര്‍ 438 ബിയില്‍ ലഭിക്കുന്നുണ്ട്.കെപ്ലര്‍ 438 ബി ഭൂമിയില്‍ നിന്ന് 470 പ്രകാശ വര്‍ഷം അകലെയാണ്. ഓരോ 35 ദിവസം കൂടുമ്പോഴും കെപ്ലര്‍ 438 ബി മറ്റ് നക്ഷത്രങ്ങളെ വലം വച്ചുകൊണ്ടിരിക്കുന്നു. 

കെപ്ലര്‍ 438 ബിയ്ക്ക് പുറമേ ഈയിടെ കണ്ടെത്തിയ എട്ടു ഗ്രഹങ്ങളില്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രഹമായ കെപ്ലര്‍ 442 ബിയ്ക്ക് ഭൂമിയുടെ മൂന്നിലൊന്ന് വലുപ്പം കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു. കെപ്ലര്‍ 442 ബിയില്‍ ഭൂമിയില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നില്‍ രണ്ട് വെളിച്ചം ലഭിക്കുന്നു. അമേരിക്കന്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഒരു കോണ്‍ഫ്രണ്‍സിലാണ് പുതിയ ഗ്രഹത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. 

Scroll To Top