Tuesday December 06, 2016
Latest Updates

ശമ്പള വര്‍ദ്ധനവ്:സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ ഐ എന്‍ എം ഓ അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തയാറെന്ന് യൂണിയന്‍ നേതൃത്വം

ശമ്പള വര്‍ദ്ധനവ്:സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ ഐ എന്‍ എം ഓ അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തയാറെന്ന് യൂണിയന്‍ നേതൃത്വം

ഡബ്ലിന്‍:ലാന്‍ഡ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റ് അംഗീകരിക്കാന്‍ ഐ എന്‍ എം ഒ അടക്കമുള്ള ഒട്ടു മിക്ക സംഘടനകളും തീരുമാനമെടുത്തതായി സൂചനകള്‍.സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുതന്ന ശമ്പളം കൈപ്പറ്റാനും ഒപ്പം മറ്റ് ആനുകൂല്യങ്ങള്‍ നേടാനായി പൊരുതാനുമാണ് സംഘടനകള്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
എഗ്രിമെന്റ് മിതവാദപരമായെന്നും, കുറച്ചു കൂടി ജനക്ഷേമ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും ഐ എന്‍ എം ഓ യൂണിയന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിരീക്ഷിച്ചു.നഴ്‌സുമാരുടെ ഇന്‍ഫര്‍മേഷന്‍ മീറ്റിങ്ങ്, വര്‍ക്ക്പ്‌ളേസ് ബാലറ്റ് മുതലായ തുടര്‍നടപടികളുമായി മുന്നോട്ടു പോവുമെന്നും യൂണിയന്‍ വ്യക്തമാക്കി.നടപടികള്‍ ജൂണ്‍ 29ഓടെ ആരംഭിക്കും. വര്‍ക്ക് പ്‌ളേസ് ബാലറ്റുകളുടെ ഫലം ജൂലൈ 30ഓടെ പുറത്തുവരും.
തൊഴിലാളികള്‍ ലാന്‍ഡ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റ് അംഗീകരിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ എസ് ഐ പി ടി യു കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇംപാക്ട്, ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളും കരാര്‍ അംഗീകരിക്കുമെന്ന് അറിയിച്ചു.
ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട്, ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ എന്നിവര്‍ ലാന്‍ഡ്‌സ്ഡൗണ്‍ റോഡ് എഗ്രിമെന്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. ഹാഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റില്‍ നടപ്പാക്കിയ വേതനരഹിത തൊഴില്‍സമയം പിന്‍വലിക്കുന്നതിന് പുതിയ കരാറില്‍ വ്യവസ്ഥയില്ലെന്നാണ് ടീച്ചേഴ്‌സ് യൂണിയന്റെ ആരോപണം. എല്ലാതരം തൊഴിലാളികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്നില്ലെന്നും, ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കരാറില്‍ ലഭ്യമല്ലെന്നും ഐ എം ഒ പ്രസിഡണ്ട് റേ വാല ആരോപിച്ചു.

Scroll To Top