Tuesday May 23, 2017
Latest Updates

വീട് വാങ്ങാനിരുന്നവര്‍ക്ക് ഇടിത്തീയായി പുതിയ മോര്‍ട്ട്‌ഗേജ് നയമെന്ന് വിമര്‍ശനം,വാടക നിരക്കുകളും കൂടുമെന്ന് വിദഗ്ദര്‍ 

വീട് വാങ്ങാനിരുന്നവര്‍ക്ക് ഇടിത്തീയായി പുതിയ മോര്‍ട്ട്‌ഗേജ് നയമെന്ന് വിമര്‍ശനം,വാടക നിരക്കുകളും കൂടുമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍:വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മോര്‍ട്ട്‌ഗേജിന് ഉയര്‍ന്ന പരിധി നിശ്ചയിച്ചത് ഭവനമേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ദമ്പതികളുടെ ആകെ വരുമാനത്തിന്റെ 3.5 ഇരട്ടി മാത്രമേ വായ്പ അനുവദിക്കാന്‍ പാടുള്ളൂ എന്ന നയമാണ് പുതുയതായി വീട് വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് വിനയായത്.രണ്ടു പേരുടെയും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ലഭ്യമായിരുന്നതാണ് 3.5 ഇരട്ടിയായി പരിമിതിപ്പെടുത്തിയത്.

80,000 യൂറോ രണ്ടു പേര്‍ക്കും കൂടി വരുമാനമുള്ള ഒരു കുടുംബത്തിന് നിലവില്‍ പരമാവധി നാല് ലക്ഷം യൂറോ വരെ വായ്പ്പ അനുവദിച്ചിരുന്നുവെങ്കില്‍ പുതിയ നയം അനുസരിച്ച് അത് 280.000 വരെയേ ലഭിക്കുകയുള്ളൂ.അയര്‍ലണ്ടിലെ ജനസംഖ്യയുടെ നാലിലൊന്നോളം പേരും താമസിക്കുന്ന ഡബ്ലിന്‍ ഡബ്ലിന്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പോലും ഈ വിലയ്ക്ക് ഇപ്പോള്‍ നല്ല വീടുകള്‍ ലഭ്യമല്ലെന്നിരിക്കെ ഒട്ടേറെപ്പേരും ‘ഭവന സ്വപ്നം’മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

മാസ ചിലവുകള്‍ക്കും ടാക്‌സ് അടക്കമുള്ള മറ്റ് അടവുകള്‍ക്കും ശേഷം, വായ്പ തിരിച്ചടയ്ക്കാനുള്ള ഇടപാടുകാരുടെ ശേഷി പരിശോധിക്കാനുള്ള ‘സ്‌ട്രെസ് ടെസ്റ്റ് ‘ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ ലോണ്‍ അനുവദിക്കുന്നുള്ളൂ.അതായത് മൊത്ത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വായ്പയ്ക്ക് പരിധി നിശ്ചയിക്കുന്ന നയമല്ല സ്‌ട്രെസ് ടെസ്റ്റിന് ബാങ്കുകള്‍ ബാധകമാക്കുന്നത്.മാത്രമല്ല ഇപ്പോഴത്തെ പലിശ നിരക്ക് 6.5 % വരെ ഭാവിയില്‍ വര്‍ദ്ധിച്ചാലും ഇടപാടുകാര്‍ക്ക് വായ്പ്പ തിരിച്ചടയ്ക്കാനാവും എന്ന് ബാങ്കിന് ബോധ്യമായാല്‍ മാത്രമേ വായ്പ്പ ലഭിക്കുകയുള്ളൂ.

ചുരുക്കത്തില്‍ ഭവന വായ്പ നേടിയെടുക്കാന്‍ ആവശ്യക്കാര്‍ ഏറെ പണിപ്പെടേണ്ടിവരും.ആവശ്യക്കാരെ കടക്കെണിയില്‍ കുടുക്കാതിരിക്കാനാണ് വരുമാനത്തിന് അനുസരിച്ച് വായ്പ നിജപ്പെടുത്തിയത് എന്ന് റിസര്‍വ് ബാങ്ക് പറയുമ്പോഴും മുമ്പ് പ്രതീക്ഷിച്ചിരുന്നത്ര വായ്പ തങ്ങള്‍ക്ക് ലഭിക്കുകയില്ലെന്ന തിരിച്ചറിവ് മലയാളികള്‍ അടക്കം പലരെയും വീടുവാങ്ങാനുള്ള പദ്ധതിയില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കുകയാണ്.

വീട് വാങ്ങാനുള്ള ഉദ്ദേശത്തില്‍ നിന്നും നൂറുകണക്കിന് പേര്‍ പിന്മാറുന്നതോടെ വാടക വീടുകള്‍ അവര്‍ക്ക് നില നിര്‍ത്തേണ്ടി വരും.അത്തരം അവസ്ഥയില്‍ വാടക നിരക്കുകളും കുതിച്ചുയരൂമെന്നു വിദഗ്ദര്‍ പറയുന്നു.ചുരുക്കത്തില്‍, കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പുതിയ മോര്‍ട്ട്‌ഗേജ് നയങ്ങള്‍ കൊണ്ട് ഇടത്തരക്കാരായ കുടുംബങ്ങള്‍ക്ക് ഒരു സഹായവും കിട്ടില്ലെന്ന് തന്നെയാണ് സൂചനകള്‍..അതെ സമയം ഡബ്ലിന്‍ ,കോര്‍ക്ക് തുടങ്ങി ഏതാനം നഗരങ്ങളില്‍ ഒഴികെ വീട് വാങ്ങുന്നവര്‍ക്ക് ഭാഗീകമായ നേട്ടം പുതിയ നയം കൊണ്ട് ലഭിക്കുന്നുണ്ട് താനും.

Scroll To Top