Saturday December 03, 2016
Latest Updates

ഭവനവിലയില്‍ 220,000 യൂറോ വരെയുള്ള തുകയ്ക്ക് 90 % വായ്പ ലഭിക്കും ,പുതുക്കിയ മോര്‍ട്ട്‌ഗേജ് നിയമങ്ങള്‍ നിലവില്‍ വന്നു 

ഭവനവിലയില്‍ 220,000 യൂറോ വരെയുള്ള തുകയ്ക്ക് 90 % വായ്പ ലഭിക്കും ,പുതുക്കിയ മോര്‍ട്ട്‌ഗേജ് നിയമങ്ങള്‍ നിലവില്‍ വന്നു 

ഡബ്ലിന്‍:സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങള്‍ കാത്ത് വീട് വാങ്ങല്‍ വൈകിപ്പിച്ചവര്‍ക്ക് ഇനി തീരുമാനമെടുക്കാം!,ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഭവനവിലയുടെ 90 ശതമാനം വരെ വായ്പ നല്കാനുള്ള പദ്ധതി ഭാഗീകമായി അംഗീകരിച്ചു കൊണ്ട് പുതുക്കിയ മോര്‍ട്ട്‌ഗേജ് പോളിസി ഇന്ന് മുതല്‍ നിലവില്‍ വരും.കഴിഞ്ഞ ഒക്‌റ്റോബറില്‍ രൂപപ്പെടുത്തിയ മോര്‍ട്ട്‌ഗേജ് പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ പോളിസി പ്രഖ്യാപിച്ചത്.ഇതനുസരിച്ച് ഭവനവിലയില്‍ 220,000 യൂറോ വരെയുള്ള പരിധിയ്ക്ക് 90 % വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി.എന്നാല്‍ അതില്‍ കൂടുതല്‍ തുക വായ്പയായി ആവശ്യമുണ്ടെങ്കില്‍ ബാക്കി തുകയുടെ 80 ശതമാനമേ വായ്പ ലഭിക്കുകയുള്ളൂ.

മൂന്ന് ലക്ഷം യൂറോ വായ്പ്പ ആവശ്യമുള്ള ഉപഭോക്താവിന് ആദ്യ 220,000 യൂറോയുടെ 90 ശതമാനവും,ബാക്കിയുള്ള 80,000 യൂറോയുടെ 80 ശതമാനവും വായ്പയായി ലഭിക്കും,ബാക്കി തുക ഡിപ്പോസിറ്റായി കണ്ടെത്തേണ്ടി വരും.ഈ നീക്കത്തിലൂടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഗണ്യമായ തോതില്‍ ഡിപ്പോസിറ്റ് തുക കണ്ടെത്തേണ്ടി വരില്ലെന്നാണ് സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ ഡബ്ലിന്‍ നഗരമേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഭവന വില കൂടുതലായതിനാല്‍ കൂടുതല്‍ ഡിപ്പോസിറ്റ് തുക കരുതേണ്ടി വരും.സിറ്റി സെന്റര്‍ ഉള്‍പ്പെടുന്ന ഡബ്ലിന്‍ 2 ല്‍ 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന് ഇപ്പോള്‍ ശരാശരി 325,000 യൂറോയാണ് മാര്‍ക്കറ്റ് വില,അതെ സമയം ഡബ്ലിന്‍ 4 മേഖലയില്‍ 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വില 425,000 യൂറോ വരെയാവും. ഗാള്‍വേ സിറ്റിയിലെ ശരാശരി 2 ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വില 140.000 യൂറോയെ വരികയുള്ളുവെന്ന് വാല്യൂവേറ്റര്‍മാരായ ഓ ഡോണേന്നല്‍ ആന്‍ഡ് ജോയ്‌സ് (O’Donnellan & Joyce)പറയുന്നു.കോര്‍ക്കില്‍ ഇതേ സൗകര്യമുള്ള വീടിന് 175,000 യൂറോ വില മതിയ്ക്കുന്നു.ചുരുക്കത്തില്‍ ചെറിയ ബജറ്റ് വീടുകള്‍ വാങ്ങേണ്ട ഡബ്ലിന്‍ ഒഴികെയുള്ള നഗരങ്ങളിലെ ആവശ്യക്കാര്‍ക്ക് 90 % ലോണും ലഭിച്ചേക്കും.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രോപ്പര്‍ട്ടിയുടെ മൂല്യം, വാങ്ങുന്നയാളിന്റെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാകും ഇനി മോര്‍ട്ട്‌ഗേജ് അനുവദിക്കുകയെന്ന് സെന്‍ട്രല്‍ ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ ഇപ്പോഴും പ്രോപ്പര്‍ട്ടി ബബിള്‍ അസ്ഥിരത സൃഷ്ടിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് മോര്‍ട്ട്‌ഗേജ് നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്.പരമാവധി വായ്പയുടെ അളവ് വാര്‍ഷിക വരുമാനത്തിന്റെ 3.5 ഇരട്ടിയായി നിജപ്പെടുത്തിയതും പുതിയ ആവശ്യക്കാരെ നിരാശപ്പെടുത്തുന്ന തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

കടുത്ത വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്നത് വീട് വാങ്ങുന്നവരെ വന്‍ ബാധ്യതയില്‍ നിന്ന് കരകയറ്റുമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Scroll To Top