Saturday December 10, 2016
Latest Updates

പ്രധാനമന്ത്രിപദം; ചര്‍ച്ചകള്‍ മേയ് വരെ നീണ്ടേക്കും, കെന്നി മാറി നില്‍ക്കണമെന്ന് ഭൂരിപക്ഷം

പ്രധാനമന്ത്രിപദം; ചര്‍ച്ചകള്‍ മേയ് വരെ നീണ്ടേക്കും, കെന്നി മാറി നില്‍ക്കണമെന്ന് ഭൂരിപക്ഷം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി ആരായിരിക്കണം എന്നതിനുള്ള ഉത്തരം തേടി ഫിയനഫാളും ഫിനഗേലും സ്വതന്ത്രരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു. വ്യാഴാഴ്ചയാണ് ഇനി ഡോള്‍ ചേരുക.
അതേസമയം തങ്ങള്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും മാറിനില്‍ക്കാന്‍ ആലോചിക്കുന്നതായി സ്വതന്ത്ര ടി.ഡിമാര്‍ വ്യക്തമാക്കി. ഫിനഗേലും ഫിയനാഫാളും തമ്മില്‍ എന്തു ധാരണയാണ് ഉണ്ടാകുക എന്നറിഞ്ഞതിനു ശേഷം പിന്തുണയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നാണ് സ്വതന്ത്രരുടെ നിലപാട്. ഭരണപങ്കാളിത്തം നല്‍കാം എന്ന ഫിനഗേലിന്റെ വാഗ്ദാനം ഫിയനാഫാള്‍ നിരസിച്ചിരുന്നു.
സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹേണ്‍ അഭിപ്രായപ്പെട്ടു. എങ്കിലും മെയ് ബാങ്ക് ഹോളിഡേ വീക്കെന്‍ഡോടെ സര്‍ക്കാര്‍ രൂപീകരിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപിന്തുണ ഫിനഗേലിന്
ഡബ്ലിന്‍: ഫിയനാഫാളും ഫിനഗേലും ചേര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരിന് രൂപം നല്‍കുകയാണെങ്കില്‍ ആരു ഭരിക്കണം എന്ന ചോദ്യത്തിന് ഫിനഗേലെന്ന് ഭൂരിപക്ഷം ജനങ്ങളുടെ ഉത്തരം. ഇന്‍ഡിപെന്‍ഡന്റ്.ഐഇ നടത്തിയ സര്‍വ്വേയിലാണ് ഫിനഗേലിനെ ഭൂരിപക്ഷം ജനങ്ങളും പിന്തുണച്ചത്. 36% പേര്‍ ഫിനഗേലിനെ പിന്തുണച്ചപ്പോള്‍ ഫിയനാഫാളിനു ലഭിച്ചത് 33% പേരുടെ പിന്തുണ. 31% പേര്‍ ‘അറിയില്ല’ എന്നാണ് ഉത്തരം നല്‍കിയത്.
അതേസമയം ഫിനഗേലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വരികയാണെങ്കില്‍, കാവല്‍ പ്രധാനമന്ത്രിയായ എന്‍ഡ കെന്നിക്കു പകരം മന്ത്രിസഭ നയിക്കാന്‍ വേറെ ആളെ തെരഞ്ഞെടുക്കണം എന്നും ഭൂരിപക്ഷം ജനങ്ങള്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. വെറും 22% പേര്‍ മാത്രമാണ് കെന്നിയെ പിന്തുണച്ചത്. 65% പേര്‍ പുതിയ പ്രധാനമന്ത്രി വേണമെന്ന് അഭിപ്രായപ്പെട്ടു.

ഇനിയും ഒരു തെരഞ്ഞെടുപ്പ് വേണോ എന്ന ചോദ്യത്തിന് 41% വേണമെന്നും, 46% വേണ്ട എന്നും ഉത്തരം നല്‍കിയപ്പോള്‍ 13% പേര്‍ ‘അറിയില്ല’ എന്നാണ് പറഞ്ഞത്.

Scroll To Top