Sunday September 23, 2018
Latest Updates

പുകഴ്ത്തിയവരെ കൈവിടാതെ പിന്തുണച്ചവരെ ഒപ്പം ചേര്‍ത്ത് പുതിയ ടീം വരുന്നു, മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകും

പുകഴ്ത്തിയവരെ കൈവിടാതെ  പിന്തുണച്ചവരെ ഒപ്പം ചേര്‍ത്ത് പുതിയ ടീം വരുന്നു, മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുണ്ടാകും

ഡബ്ലിന്‍ :ലിയോ വരദ്കര്‍ വിജയം പോലെ മന്ത്രിസഭയും ചരിത്രം കുറിക്കുമോ,ലോകം ഉറ്റുനോക്കുന്ന മന്ത്രിസഭാ രൂപീകരണമാകും വരദ്കറുടേതെന്ന് ഉറപ്പായിക്കഴിഞ്ഞു.വന്‍ മാറ്റമുള്ള മന്ത്രിസഭയായിരിക്കുമെന്ന സൂചന വരദ്കര്‍ നല്‍കിയിട്ടുണുണ്ട്.എണ്‍ഡ കെന്നിയുടെ കാലത്ത് പിന്‍ ബഞ്ചിലിരുന്നവര്‍ക്ക് തീര്‍ച്ചയായും അവസരമൊരുക്കും എന്നാണ് സൂചന;ഒപ്പം പിന്തുണച്ചവരെ കൈവിടുകയുമില്ല ഇതായിരിക്കും മന്ത്രിസഭാ വികസനത്തിന്റെ അടിസ്ഥാനം.ധനകാര്യ -സാമൂഹിക സുരക്ഷാ വകുപ്പുകള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

വന്‍ അഴിച്ചുപണിക്കൊരുങ്ങുന്ന മന്ത്രിസഭയില്‍ ജൂനിയര്‍ ധനകാര്യ മന്ത്രി ഇയോഗന്‍ ഡി മര്‍ഫിക്ക് മുന്തിയ പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. നേതൃ മല്‍സരാരംഭം മുതല്‍ ലിയോ ടീമിന്റെ കാംപെയ്ന്‍ മാനേജരായിരുന്നു ഇദ്ദേഹം.പാര്‍ലെമെന്ററി പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ ലിയോയ്ക്കിത് വഴിയൊരുക്കിയിരുന്നു.ഇദ്ദേഹത്തിന് ധനകാര്യമോ പബ്ലിക് എക്സപെന്‍ഡിച്ചര്‍ വകുപ്പോ ലഭിക്കുമെന്നാണ് സൂചന.ധനകാര്യ-പബ്ലിക് എക്ലപെന്‍ഡിച്ചര്‍ വകുപ്പുകള്‍ സംയോജിപ്പിക്കുമെന്നും വരദ്കര്‍ സൂചന നല്‍കിയിരുന്നു.

പാസ്‌കല്‍ ഡോണഗാണ് മന്ത്രിസഭയില്‍ ഉണ്ടാകുമെന്നു കരുതുന്ന മറ്റൊരു പ്രമുഖന്‍.ഡബ്ലിന്‍ സെന്‍ട്രല്‍ ടിഡിയായ ഇദ്ദേഹം ഒരിക്കലും നേതൃ സ്ഥാനത്തിനായി നിന്നിട്ടില്ല.പക്ഷേ വരദ്കര്‍ക്കൊപ്പം അതി ശക്തമായി നിലകൊള്ളുകയും ചെയ്തു.ഇലക്ഷനില്‍ കോവ്നെ ക്യംപിന് വന്‍ തിരിച്ചടിയായിരുന്നു ഇദ്ദേഹത്തിന്റെ വരദ്കര്‍ പക്ഷ നിലപാട്.ഇദ്ദേഹത്തിനും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്.മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരിയായി ഉപ പ്രധാനമന്ത്രി ഫ്രാന്‍സീസ് ഉണ്ടാവുമെങ്കിലും യഥാര്‍ഥ രണ്ടാം സ്ഥാനം പാസ്‌കല്‍ ഡോണഗിനായിരിക്കാനാണ് സാധ്യത.

ലിയോ വരദ്കറുടെ നേതൃത്വത്തില്‍ 2011നു ശേഷം രൂപം കൊണ്ട അഞ്ചംഗ ഗ്രൂപ്പാണ് എണ്‍ഡകെന്നിയുടെ പതനത്തിനു വഴിയൊരുക്കിയത്. പാര്‍ട്ടിയിലെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് ,സപ്തംബറില്‍ കെന്നിയുടെ രാജി പ്രഖ്യാപനം വരെയെത്തിച്ച കളികള്‍ ഈ ഗ്രൂപ്പിന്റേതായിരുന്നു. അതില്‍ അംഗങ്ങളായ ബ്രണ്ടന്‍ ഗ്രിഫിന്‍,പാറ്റ് ഡീറിംഗ് എന്നിവര്‍ക്ക് കുറഞ്ഞ പക്ഷം ജൂനിയര്‍ മന്ത്രി സ്ഥാനമെങ്കിലും ലഭിച്ചേക്കും.ഇവരില്‍ പെട്ട മുന്‍ ജൂനിയര്‍ മന്ത്രി ജിമ്മി ഡീനിഹാന് 2016ലെ പൊതു ഇലക്ഷനില്‍ സീറ്റ് നഷ്ടപ്പെട്ടു.കെറിയില്‍ നിന്നുള്ള ഏക ടിഡി ആയതാനാല്‍ ബ്രണ്ടന്‍ ഗ്രിഫിന് മന്ത്രി സ്ഥാനം ഉറപ്പാണ്.ലിമെറിക്കില്‍ നിന്നുള്ള പാട്രിക് ഒ ഡോണൊവാനാണ് എണ്‍ഡാകെന്നി കായിക-ടൂറിസം മന്ത്രി സ്ഥാനം നല്‍കിയത്. ഗ്രീഫിന് പിന്‍ബഞ്ചിലായിരുന്നു ഇടം നലകിയത്.. ആ ഗ്രീഫിന് പ്രമോഷന്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

അഞ്ചംഗ ഗ്രൂപ്പില്‍ അംഗമായിരുന്നില്ലെങ്കില്‍ക്കൂടിയും മൈക്കിള്‍ റിംഗും സീനിയര്‍ മന്ത്രിസഭയില്‍ ഇടം കൊതിക്കുന്നുണ്ട്.പാട് ബ്രീനേയും പരിഗണിക്കുന്നതായി വാര്‍ത്തയുണ്ട്.ജോണ്‍ പോള്‍ ഫെലന്‍ ആണ് കെന്നി ഒതുക്കിയ മറ്റൊരു നേതാവ് .ഇദ്ദേഹം ആയിരിക്കും ചീഫ് വിപ്പെന്നാണ് കരുതുന്നത്.

പക്ഷം ചേരുകയെന്നത് ജോണ്‍ ഡീസിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു എന്നിട്ടും ലിയോ വരദ്കര്‍ക്കൊപ്പം ഉറച്ചുനിന്നയാളാണ് ഇദ്ദേഹം .അച്ചടക്ക രാഹിത്യത്തിന്റെ പേരിലാണ് വാട്ടര്‍ഫോര്‍ഡ് ടിഡിയെ കെന്നി ഒതുക്കിയത്.മന്ത്രിയായിരിക്കെ അന്തരിച്ച ഓസ്റ്റിന്‍ ഡീസിയുടെ മകനാണ് ഇദ്ദേഹം.എങ്കിലും ജോണിന് മന്ത്രി സ്ഥാനം നല്‍കിയില്ല.പുകവലി നിരോധനത്തെ എതിര്‍ത്തതിന്റെ പേരിലാണ് 2004ല്‍ ഇദ്ദേഹത്തെ കെന്നി ഫെനഗെലിന്റെ നീതി വക്താവ് സ്ഥാനത്തു നിന്നും നീക്കിയത്.തുടര്‍ന്ന് ഇദ്ദേഹത്തെ കെന്നി അകറ്റിനിര്‍ത്തി.എന്നാല്‍ വരദ്കര്‍ ജോണിന് പുതിയ ഇരിപ്പിടം നല്‍കുമെന്നാണ് കരുതുന്നത്.

ഉപപ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കുന്നയാളാണ് കോര്‍ക്ക് സൗത്ത് വെസ്റ്റ് ടിഡി ജിം ഡാലി.കെന്നിയുടെ മന്ത്രിസഭയിലെ വിമതനയായിരുന്നു ഇദ്ദേഹം.മൈക്കിള്‍ ഡാര്‍സിയാണ് മന്ത്രിസഭയിലുണ്ടാകുമെന്നു കരുതുന്ന മറ്റൊരു നേതാവ്.

വനിതകളുടെ എണ്ണം പാര്‍ടിയില്‍ പൊതുവില്‍ കുറവാണെന്നതിനാല്‍ വരദ്കറെ തുറന്നു പിന്തുണച്ചവരെ പരിഗണിക്കുമെന്നതില്‍ സംശയമില്ല.ചീഫ് വിപ്പ് റജീന ഡോഹര്‍ട്ടിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത്.ഇവര്‍ക്ക് ഏതെങ്കിലും മന്ത്രി സ്ഥാനം ഉറപ്പാണ്.ഡണ്‍ലേരി ടിഡി മേരി മിച്ചല്‍ കോണോറെയും പരിഗണിക്കുമെന്നാണ് സൂചന.മികച്ച വകുപ്പുകള്‍ തന്നെയാവും ഇവര്‍ക്കും ലഭിക്കുക.

ജോസഫാ മഡിഗാനാണ് ആദ്യമായി വരദ്കര്‍ക്കൊപ്പം നിന്ന ആള്‍. ആ നിലയില്‍ ജൂനിയര്‍ മന്ത്രി സ്ഥാനമെങ്കിലും ഇവര്‍ക്ക് ഉറപ്പാണ്.വരദ്കറെ പിന്തുണയ്ക്കാത്ത ചിലര്‍ക്കും മന്ത്രിസഭയില്‍ ഇടമുണ്ടാകുമെന്നും റിപോര്‍ടുണ്ട്. ഇപ്പോള്‍ ജൂനിയര്‍ മന്ത്രിയായ ഹെലന്‍ മക് എന്‍ഡീയ്ക്കാണ് ഇത്തരത്തില്‍ ഏറെക്കുറെ മന്ത്രി സ്ഥാനം ഉറച്ചിരിക്കുന്നത്.സൈമണ്‍ കോവ്നെയുടെ കാംപെയിന്‍ മാനേജരായ ഡാമീന്‍ ഇംഗ്ലീഷിന്റെ കസേര തെറിക്കുമെന്നതില്‍ സംശയമില്ല.പക്ഷേ സൈമണ്‍ കോവ്‌നെയെ മന്ത്രിസഭയില്‍ ചേര്‍ത്തു നിര്‍ത്താന്‍ തന്നെയാണ് ലിയോയുടെ താത്പര്യം.

ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളു.അടുത്ത ദിവസങ്ങളില്‍ ലിയോ ശ്രമിക്കുക പാര്‍ട്ടിയില്‍ അധികാരം കൈവിട്ടുപോകാനുള്ള കളികളായിരിക്കും .പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയില്ലെങ്കില്‍ ഭരണത്തിന്റെ മധുരം കുറയുമെന്ന് ഏവരേക്കാള്‍ അറിയാവുന്ന ആളാണ് ഈ ഇന്ത്യന്‍ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍.

ഐറിഷ് മലയാളി ന്യൂസിന്റെ മൊബൈല്‍ എഡിഷന് സന്ദര്‍ശിക്കുക :

http://www.irishmalayali.ie/newshome/

Scroll To Top