Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കള്ളന്‍മാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ പരിഗണനയിലെന്ന് സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ കള്ളന്‍മാര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ പരിഗണനയിലെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍:കള്ളന്‍മാര്‍ക്ക് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന നിയമവുമായി നിയമമന്ത്രി ഫ്രാന്‍സെസെ ഫിറ്റ്‌സ്‌ജെറാള്‍ഡ്. നിരവധി മോഷണ ക്കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഒരാളുടെ ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമാക്കാനും കുറ്റങ്ങള്‍ തെളിയിക്കപ്പെട്ട ആള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനും ലക്ഷ്യം വെച്ചാണ് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നത്.

ഇന്ന് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.

കളവിനോട് ഗാര്‍ഡ പ്രതികരിക്കുന്ന രീതിയില്‍ പുനപരിശോധന നടത്തണമെന്ന് ഗാര്‍ഡ കമ്മീഷ്ണര്‍ നൊയ്‌റിന്‍ ഒ സള്ളിവനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അയര്‍ലണ്ടിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം കളവുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കാസില്‍ബാറില്‍ നടന്ന ഫിന ഗേല്‍ കോണ്‍ഫറന്‍സില്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കളവുകളെ തടയുന്നതിനായി നടപടി സ്വീകരിക്കുമെന്ന് ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ഉറപ്പു നല്‍കിയിരുന്നു.

തുടര്‍ച്ചയായി മോഷണം നടത്തുന്ന ആളുകളെ വലയിലാക്കുന്നതിനായി ഓപ്പറേഷന്‍ ഫിയാസ്‌ക എന്ന പേരില്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇത് കൂടാതെ ഏസര്‍ എന്ന പേരില്‍ തലസ്ഥാന നഗരിയിലും ഒരു പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും കള്ളന്മാരുടെ ശല്യം അവസാനിപ്പിക്കാന്‍ സാധിച്ചില്ല.
അതേസമയം പുതിയ നിമയം രൂപീകരിക്കുന്നതിനെക്കാള്‍ നല്ലത് നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതിനായി ജഡ്ജിമാര്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കുമെന്ന് സിന്‍ ഫെയിന്‍ പാര്‍ട്ടി വിപ്പ് എയ്ന്‍ഗെസ് ഒ സ്‌നൊഡെ പറഞ്ഞു. ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതെ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാകും കൂടുതല്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മുന്‍പോട്ടു വെച്ച നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ടിം ഒ ലിയറി പറഞ്ഞു

Scroll To Top