Friday December 09, 2016
Latest Updates

ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ കേരളാകോണ്‍ഗ്രസ് രൂപീകരിച്ചു:പാര്‍ട്ടി ഇടതു പക്ഷത്തേയ്ക്ക്

ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ കേരളാകോണ്‍ഗ്രസ് രൂപീകരിച്ചു:പാര്‍ട്ടി ഇടതു പക്ഷത്തേയ്ക്ക്

തിരുവനന്തപുരം: ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കുമെന്ന് പ്രഖ്യാപനം.പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച ആന്റണി രാജുവാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.ജോസഫ് വിഭാഗത്തിലെ പ്രമുഖരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ.സി. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ ഇതോടെ ഇടതു മുന്നണിയിലേയ്ക്ക് നീങ്ങും.

കെ എം മാണി ബി ജെ പി യുമായും സന്ധി ചെയ്യാന്‍ തയാറാവുകയാണെന്നും കുടുംബാധിപത്യം കേരളാകോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അനുവദിക്കാന്‍ ആവില്ലെന്നും പാര്‍ട്ടി വിടുന്ന നേതാക്കള്‍ വ്യക്തമാക്കി.കേരളാ കോണ്‍ഗ്രസിന്റെ തനതു സംസ്‌കാരം ഉള്ളവര്‍ തങ്ങളോടൊപ്പം എത്തുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു.പാര്‍ട്ടിയെ വാണിജ്യ വല്ക്കരിക്കുകയായിരുന്നു ചില നേതാക്കള്‍ എന്നും ഫ്രാന്‍സീസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

പിജെ ജോസഫ് വിഭാഗം യുഡിഎഫില്‍ നിന്നു വിട്ടുപോകുന്നത് തടയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പഠിച്ച പണി പതിനെട്ടും നോക്കുമ്പോള്‍ ഗ്രൂപ്പിലെ ഒരു വലിയ വിഭാഗം ഇടതു മുന്നണിയിലേക്കു പോകുമെന്ന് ഇതോടെ വ്യക്തമായി.പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കിയ പി ജെ ജോസഫ് പിളര്‍പ്പിനോട് യോജിപ്പില്ലെന്നും പറഞ്ഞു.

കെഎം മാണിയുമായി ഇടഞ്ഞ് ഇടത്തേയ്ക്കു പോകാന്‍ ഒരുങ്ങിയ ജോസഫിനോട് അങ്ങനെ പോകരുതെന്നും മാണിയെ വിട്ടാലും യുഡിഎഫില്‍ പുതിയ പാര്‍ട്ടിയായി നില്‍ക്കണമെന്നുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തുടര്‍ന്ന് ജോസഫ് നിലപാട് മയപ്പെടുത്തിയിരിക്കെയാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ തന്നെ ഒരു പ്രബല വിഭാഗം ഇടത്തേയ്ക്കു പോകാന്‍ തീര്‍ച്ചയാക്കിയിരിക്കുന്നത്.

മൂവാറ്റുപുഴ അടക്കമുള്ള സീറ്റുകളുടെ തര്‍ക്കത്തിലാണ് ജോസഫ് വിഭാഗം നേതാക്കള്‍ ഇടഞ്ഞത്. തങ്ങളുടെ പക്കലുള്ള സീറ്റുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന് മാണിഗ്രൂപ്പ് നിലപാടെടുത്തടോടെ ഇവര്‍ ഇടയുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ കെ.എം. മാണി ശ്രമം തുടങ്ങിയെങ്കിലും കോണ്‍ഗ്രസ് അനുകൂല നിലപാടല്ല സ്വീകരിച്ചത്.

തത്കാലം പി.ജെ. ജോസഫ് വിമതരോടൊപ്പം ചേരുന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചിരിക്കുകയാണ്.

പൂഞ്ഞാര്‍ ഉള്‍പ്പെടെ സീറ്റുകള്‍ ചോദിച്ചെങ്കിലും അത് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വിമതര്‍ പാര്‍ട്ടി വിടുന്നത്. വിമതര്‍ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

വ്യക്തമായ നിലപാടെടുത്ത് പുറത്തുവരണമെന്നാണ് സി.പി.എം നേതൃത്വം നിര്‍ദ്ദേശം കൊടുത്തത്. ആറ് സീറ്റാണ് വിമതര്‍ സി.പി.എമ്മിനോട് ചോദിച്ചത്. എന്നാല്‍, പ്രധാന നേതാക്കള്‍ക്ക് സീറ്റ് നല്‍കാമെന്ന് സി.പി.എം മറുപടി നല്കി.

ഇടുക്കി ഉള്‍പ്പെടെ സീറ്റുകള്‍ സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടുക്കിജില്ലയിലെ ഇടതുമുന്നണി സീറ്റ്ചര്‍ച്ച തല്‍ക്കാലം നിറുത്തിവയ്ക്കുകയും ചെയ്തു.

Scroll To Top