Saturday December 10, 2016
Latest Updates

പുതിയ ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ച ആയിരക്കണക്കിന് പേര്‍ക്ക് ഉടനെങ്ങും കിട്ടില്ല,അവധിയ്ക്ക് പോകേണ്ടവര്‍ ആശങ്കയില്‍

പുതിയ ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ച ആയിരക്കണക്കിന് പേര്‍ക്ക് ഉടനെങ്ങും കിട്ടില്ല,അവധിയ്ക്ക് പോകേണ്ടവര്‍ ആശങ്കയില്‍

ഡബ്ലിന്‍:കഴിഞ്ഞ മാസങ്ങളില്‍ ഐറിഷ് പാസ്‌പോര്‍ട്ടിന് പുതിയതായി അപേക്ഷിച്ചവരും,പുതുക്കാന്‍ കൊടുത്തവരും അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് പാസ് പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 13 നു ഫ്രാന്‍സില്‍ നടക്കുന്ന അയര്‍ലണ്ടും സ്വീഡനും തമ്മിലുള്ള യൂറോ 2016 മത്സരം കാണാന്‍ പോകാനിരിക്കുന്നവരോട് ,പാസ്‌പോര്‍ട്ട് അതിനു മുമ്പ് ലഭിക്കണമെങ്കില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണമെന്നും,പോസ്റ്റില്‍ അയച്ചാല്‍ കാലതാമസം എടുക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തൊട്ടാകെ 68,200 പേരാണ് നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു കാത്തിരിക്കുന്നത്,ഇതില്‍ ഈ വര്‍ഷം പൗരത്വം സ്വീകരിച്ച നിരവധി മലയാളികളുമുണ്ട്.ഇവരില്‍ അധികം പേരും ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയിലേയ്ക്ക് യാത്ര പദ്ധതിയിട്ടിരിക്കുന്നവരാണ്.

കോര്‍ക്കിലെയും ഡബ്ലിനിലെയും ഓഫിസുകളിലായി 227 അധികജീവനക്കാര്‍ പണിയെടുത്തിട്ടും പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ കഴിയുന്നില്ലെന്ന് വിദേശകാര്യ വൃത്തങ്ങള്‍ സമ്മതിച്ചു.

പാസ്‌പോര്‍ട്ട് ഓഫിസ് സംവിധാനവുമായി ബന്ധപ്പെട്ട ചില യന്ത്രതകരാറുകളാണ് പാസ്‌പോര്ട്ട് വൈകാന്‍ കാരണമെന്ന് ബന്ധപെട്ട ജീവനക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും വിദേശകാര്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചില്ല.

എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു മാസത്തിനുള്ളില്‍ പാസ്‌പോര്ട്ട് ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

Scroll To Top