Wednesday December 07, 2016
Latest Updates

ഡബ്ലിനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണം; നടപടി ക്രമങ്ങള്‍ തുടങ്ങി,രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ഡബ്ലിനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണം; നടപടി ക്രമങ്ങള്‍ തുടങ്ങി,രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി.ഇന്ത്യയുടെ അന്തസിനും അര്‍ഹമായ സ്ഥാനത്തിനും അനുയോജ്യമായ പ്രൌഡഗംഭീരമായ കെട്ടിടമാണ് മെറിയോണ്‍ റോഡില്‍ പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.ഇതിനായി നിര്‍മ്മാണമേഖലയില്‍ കഴിവും പരിചയവുമുള്ള കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഈ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കും.

2008 ലാണ് എട്ടരമില്ല്യന്‍ യൂറോ ചിലവഴിച്ച് നിലവില്‍ 169 മെറിയോണ്‍ റോഡിലെ കെട്ടിടം ഇന്ത്യ വാങ്ങിയത്.പരിസര വാസികളുടെ എതിര്പ്പിനെ തുടര്‍ന്നാണ് പാരിസ്ഥിതിക അനുമതി വൈകിയത്.കഴിഞ്ഞ മാസമാണ് എല്ലാ എതിര്‍പ്പുകളെയും തള്ളിക്കളഞ്ഞ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ എംബസി ബില്‍ഡിംഗ് പ്ലാനിന് അംഗീകാരം നല്‍കിയത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ നിര്‍മ്മാണ നീക്കങ്ങള്‍ നടക്കുന്നത്.സാംസ്‌കാരിക നിലയം,കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയടക്കം ആവശ്യമായ സൗകര്യങ്ങള്‍ പുതിയ ബില്‍ഡിംഗിള്‍ ഉണ്ടായിരിക്കും 

കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ സി.ഐ.ആര്‍.ഐ രജിസ്‌ട്രേഷന്‍ ഉള്ളവരും സമാനമായ മറ്റ് പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നിര്‍മ്മാണംപൂര്‍ത്തിയാക്കിയിട്ടുള്ളവരുമായിരിക്കണം.അപേക്ഷകര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുറഞ്ഞത് 3,000,000 യൂറോയുടെ സിംഗിള്‍ പ്രൊജക്റ്റ് എങ്കിലും ഏറ്റെടുത്ത് 40 ആഴ്ചകള്‍ക്കകം പൂര്‍ത്തിയാക്കിയവരായിരിക്കണം. പീരിഡ് ഘടനയില്‍ ജോലി ചെയ്തു പരിചയമുള്ളവരായിരിക്കണം. 2015 ജനുവരി 8 വ്യാഴാഴച്ച വൈകുന്നേരം 4 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു..

Scroll To Top