Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലേക്ക് ഇന്ത്യയുടെ പുതിയ അംബാസിഡര്‍ നിയമിതയായി,വീണ്ടും വനിതാ സാരഥ്യം

അയര്‍ലണ്ടിലേക്ക് ഇന്ത്യയുടെ പുതിയ അംബാസിഡര്‍ നിയമിതയായി,വീണ്ടും വനിതാ സാരഥ്യം

ഡബ്ലിന്‍:പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെയും ,രാധികാ ലാല്‍ ലോകേഷിന്റെയും ശ്രേണിയില്‍ വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യയുടെ വനിതാ പ്രാതിനിധ്യം അയര്‍ലണ്ടിലേക്ക്.അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി ശ്രീമതി വിജയ് ഠാക്കൂര്‍ സിങ് നിയമിതയായി.മൂന്നു വര്‍ഷത്തോളം അയര്‍ലണ്ടിന്റെ അംബാസിഡറായിരുന്ന രാധികാ ലാല്‍ ലോകേഷ് വിരമിച്ച ഒഴിവിലേക്കാണ് നിലവില്‍ സിംഗപ്പൂരിലെ ഹൈക്കമ്മീഷണറായ വിജയ ഠാക്കൂര്‍ സിംഗ് നിയമിക്കപ്പെട്ടത്.

1960 സെപ്റ്റംബര്‍ 18നു ജനിച്ച വിജയ് ഠാക്കൂര്‍ സിങ്, 1985 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ്. നിയമത്തില്‍ ബിരുദവും, എക്കണോമിക്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ അവര്‍ സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. വിവാഹിതയാണ്.

സിംഗപ്പൂരിലേയ്ക്കുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറായി നിയമിതയാകുന്നതിനു മുമ്പ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയറ്റ് ജോയിന്റ് സെക്രട്ടറിയായും (2012 സെപ്റ്റംബര്‍ മുതല്‍ 2013 ജൂണ്‍ വരെ), ഇന്ത്യന്‍ പ്രസിഡന്റിന്റെ ജോയിന്റ് സെക്രട്ടറിയായും (2007 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റ് വരെ), മഡ്രിഡ് എംബസി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി ചീഫ് ആയും (2006 ഫെബ്രുവരി മുതല്‍ 2007 ഓഗസ്റ്റ് വരെ) പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് 2003 ജൂണ്‍ മുതല്‍ 2005 നവംബര്‍ വരെ കാബൂളിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലറായും, യു.എന്നിലേയ്ക്കുള്ള പെര്‍മനന്റ് മിഷന്‍ ഓഫ് ഇന്ത്യയുടെ കൗണ്‍സിലറായും (2000 ജൂണ്‍ മുതല്‍ 2003 ജൂലൈ വരെ) വിജയ് ഠാക്കൂര്‍ സിങ് സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ യു.എന്‍ ഡിവിഷന്‍ ഡയറക്ടറായി 2000 ജനുവരി മുതല്‍ ജൂണ്‍ വരെ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനു പുറമെ വിദേശകാര്യ മന്ത്രാലയത്തിന്റെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ ഡിവിഷനില്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെയും, ഡയറക്ടറുടെയും ചുമതല വഹിച്ച വിജയ് ഠാക്കൂര്‍ സിങ് മഡ്രിഡിലെ ഇന്ത്യന്‍ എംബസിയുടെ തേര്‍ഡ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

അയര്‍ലണ്ടിന്റെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം

അയര്‍ലണ്ടിന്റെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം

ശ്രീമതി വിജയ ഠാക്കൂര്‍ സിംഗ് അടുത്ത മാസം ആദ്യത്തോടെ ഡബ്ലിനില്‍ എത്തി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Scroll To Top