Friday March 23, 2018
Latest Updates

ആശ്രിതരായ മാതാപിതാക്കളെ അയര്‍ലണ്ടിലേയ്ക്ക് സ്ഥിരമായി കൊണ്ടുവരാന്‍ അനുമതിയായി,നിബന്ധനകളോടെ 6 മാസം വരെ വിസിറ്റിംഗ് വിസ 

ആശ്രിതരായ മാതാപിതാക്കളെ അയര്‍ലണ്ടിലേയ്ക്ക് സ്ഥിരമായി കൊണ്ടുവരാന്‍ അനുമതിയായി,നിബന്ധനകളോടെ 6 മാസം വരെ വിസിറ്റിംഗ് വിസ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് സാക്ഷാത്കാരം.അയര്‍ലണ്ടില്‍ നിയമവിധേയമായി താമസിക്കുന്ന വരുമാനശേഷിയുള്ളവര്‍ക്ക് അവരുടെ ആശ്രയം ആവശ്യമുള്ള മാതാപിതാക്കളെയോ,അടുത്ത ബന്ധുക്കളെയോ അയര്‍ലണ്ടില്‍ കൊണ്ട് വന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം നല്‍കി കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി.

അയര്‍ലണ്ടില്‍ ജോലി ചെയ്യാനോ,ബിസിനസ് നടത്താനോ അനുവാദമില്ലാത്ത സ്റ്റാമ്പ് 0 ഇമിഗ്രേഷന്‍ സ്റ്റാറ്റസോടെയാണ് മാതാപിതാക്കള്‍ക്കടക്കമുള്ള ആശ്രിതരായ ബന്ധുക്കള്‍ക്ക് പ്രവേശനം അനുവദിക്കുക.ഐറിഷ് സിറ്റിസണ്‍ഷിപ്പ് നേടിയവര്‍ക്കോ,അഥവാ നിശ്ചിത വരുമാനത്തോടെ നിയമാനുസൃതം താമസിക്കുന്ന പൗരത്വം ലഭിക്കാത്ത നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും ആശ്രിതരെ കൊണ്ട് വന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം ലഭിക്കും.

നാട്ടില്‍ ഇപ്പോഴുള്ള മാതാപിതാക്കള്‍ അയര്‍ലണ്ടില്‍ ഉള്ള മക്കളോ ഉറ്റ ബന്ധുക്കളോ ആയ സ്‌പോണ്‍സറെ പൂര്‍ണ്ണമായും ആശ്രയിച്ചാണ് കഴിയുന്നത് എന്ന് സ്‌പോണ്‍സര്‍ തെളിയിക്കേണ്ടി വരും.കര്‍ശനമായ പരിശോധനയില്‍ കൂടിയാവും ഇവര്‍ക്ക് പ്രവേശനം അനുവദിക്കുക.

സ്‌പോണ്‍സറാകുന്നവര്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന വരുമാനം ആശ്രിതരെ ഇവിടെ എത്തിച്ചാല്‍ സംരക്ഷിക്കാന്‍ ആവശ്യമായത്ര ഉണ്ടെന്നും തെളിയിക്കേണ്ടി വരും.സ്വന്തമായ വരുമാനമാര്‍ഗം ഇല്ലാത്ത മാതാപിതാക്കളാണെങ്കില്‍ സ്‌പോണ്‍സര്‍ക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും 75,000 യൂറോ വീതം വരുമാനം ടാക്‌സും മറ്റു കിഴിവുകളും കുറച്ച് ലഭിച്ചിരുന്നു എന്നതിന് തെളിവ് ഹാജരാക്കണം.മാതാവോ പിതാവോ അഥവാ ഏതെങ്കിലും ഒരു ആശ്രിതനെ മാത്രമാണ് അയര്‍ലണ്ടിലേയ്ക്ക് കൊണ്ട് വരുന്നതെങ്കില്‍ 60,000 യൂറോ വാര്‍ഷിക ഉണ്ടായിരിക്കണം.

അയര്‍ലണ്ടില്‍ എത്തുന്ന മാതാപിതാക്കള്‍ക്ക് അഥവാ ആശ്രിതര്‍ക്ക് രാജ്യത്തിന്റെ പൊതുസംവിധാനത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍(ആരോഗ്യ ചികിത്സ,നഴ്‌സിംഗ് ഹോം കെയര്‍,തുടങ്ങിയവ)ലഭിക്കുന്നതല്ല.ഇവര്‍ പ്രൈവറ്റ് മെഡിക്കല്‍ കെയറിന് വേണ്ടത്ര വി എച്ച് ഐ / ഇന്‍ഷുറനസ് എടുത്തിരിക്കണം.

ഏതെങ്കിലും വിധത്തിലുള്ള സ്റ്റേറ്റ് ഫണ്ട് ഇത്തരത്തിലുള്ള ആശ്രിതര്‍ക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നാല്‍ അവ സ്‌പോണ്‌സര്‍ തിരികെ നല്കുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരിക്കണം.

മാതാപിതാക്കള്‍ അടക്കമുള്ള ആശ്രിതര്‍ക്ക് സ്‌പോണ്‍സര്‍ താമസ സൗകര്യം ഒരുക്കി നല്കിയിരിക്കണം.

ഓരോ വര്‍ഷത്തേയ്ക്കുള്ളതും,പുതുക്കി എടുക്കാവുന്നതുമായ 0 സ്റ്റാമ്പ് വിസയാണ് മാതാപിതാക്കള്‍ക്ക് നല്‍കപ്പെടുക.എന്നാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് ഇപ്രകാരം താമസിക്കുന്ന കാലം പൗരത്വം ലഭിക്കുവാന്‍ വേണ്ട കാലാവധിയില്‍ ഉള്‍പ്പെടുത്തുകയില്ല.

മാതാപിതാക്കളെ കൊണ്ട്വരാനുള്ള നടപടിക്രമങ്ങള്‍ക്ക് 6 മാസം മുതല്‍ 12 മാസം വരെ സമയമെടുക്കും.

എന്നാല്‍ മാതാപിതാക്കളുടെയോ ഉറ്റ ബന്ധുക്കളുടെയോ വിസിറ്റിംഗ് വിസ മൂന്നു മാസത്തില്‍ നിന്നും ആറു മാസമായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമില്ലെങ്കിലും തക്കതായ കാരണം കാണിച്ച് അപേക്ഷിച്ചാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി തുടരാമെന്നും പുതിയ നിയമത്തിലെ 24.4 എന്ന അവസാന ഖണ്ഡികയില്‍ നിര്‍ദേശമുണ്ട്. താത്കാലിക സന്ദര്‍ശനത്തിന് വന്നവര്‍ക്കോ ,താമസിക്കുന്ന വീട്ടിലെ ബന്ധുക്കള്‍ ആര്‍ക്കെങ്കിലുമോ അസുഖം പിടിപെടുക,അഥവാ പേരക്കിടാവിന്റെ ജനനം എന്നിവയെല്ലാം അത്തരത്തില്‍ പരമാവധി 180 ദിവസം വരെ താമസം നീട്ടുന്നതിനു കാരണമായി കാണിക്കാവുന്നതാണ്.

ഇത് കൂടാതെ മറ്റു നിരവധി മാറ്റങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ മാര്‍ഗ രേഖയില്‍ പറയുന്നുണ്ട്.വിശദമായ വായനയ്ക്ക്

http://www.inis.gov.ie/en/INIS/Family%20Reunification%20Policy%20Document.pdf/Files/Family%20Reunification%20Policy%20Document.pdf

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ

Scroll To Top