Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം: കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ വീട് പണിയാം,അംഗീകാരം ലഭിക്കാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം

അയര്‍ലണ്ടില്‍ സ്വന്തമായി വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം: കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ വീട് പണിയാം,അംഗീകാരം ലഭിക്കാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പാര്‍പ്പിട പ്രതിസന്ധി ഇല്ലാതാക്കുന്നതിനായി ലോക്കല്‍ കൗണ്‍സിലുകളെ ഒഴിവാക്കി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സര്‍ക്കാരിന്റെ നീക്കം.അനുമതി തേടുന്നത് മുതല്‍ പണി പൂര്‍ത്തിയാക്കുന്ന ഘട്ടം വരെ ലോക്കല്‍ കൌണ്‍സിലുകള്‍ക്ക് നിലവിലുള്ള അധികാരം പുതിയ ഒരു സംവിധാനത്തിന് കീഴിലാക്കാനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.അടുത്ത മാസം പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹൗസിങ്ങ് മന്ത്രി സൈമണ്‍ കാവനെ വെളിപ്പെടുത്തി.

ഭവന വകുപ്പിന്റെ കീഴില്‍ വീട് നിര്‍മ്മാണത്തിനായി പ്രത്യേകം പ്രൊജക്ട് മാനേജര്‍മാരെ നിയമിക്കും. നിര്‍മ്മാണത്തിലെ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഫാസ്റ്റ്ട്രാക്ക് സംവിധാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണിത്.

ഡബ്ലിനില്‍ ആദ്യമായി വീട് പണിയുന്നവര്‍ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുക. റോഡ്,പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി പ്രത്യേക ഫണ്ട് അനുവദിക്കും.കെട്ടിട നിര്‍മ്മാണത്തിനായി കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വന്‍ തുക ആവശ്യമായ ഈ നിര്‍മ്മാണത്തിന് മറ്റ് നികുതികള്‍ കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.വാറ്റ് ഗണ്യമായ തോതില്‍ കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക തീരുമാനം താമസിയാതെ പ്രതീക്ഷിക്കാം.

ഓരോ വര്‍ഷവും ഏകദേശം 35000 ത്തോളം വീടുകളാണ് അടുത്ത പത്ത് വര്‍ഷം വരെ ഉപയോഗിക്കാവുന്ന കണക്കില്‍ രാജ്യത്ത് നിര്‍മ്മിക്കേണ്ടത്. മുമ്പ് ഇപ്രകാരം പദ്ധതികളില്ലാതെ വീടുകളുണ്ടാക്കാത്തതാണ് രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധിക്ക് നിലവിലുള്ള കാരണമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.മൂന്നു ലക്ഷം യൂറോയില്‍ കുറഞ്ഞ വീടുകള്‍ ഡബ്ലിനില്‍ കിട്ടില്ലെന്ന അവസ്ഥയാണുള്ളത്.നിശ്ചിത വരുമാനക്കാരായ ആയിരക്കണക്കിന് പേര്‍ക്ക് ഇത്രയും തുക നല്കി ഭവനം സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.ബാങ്ക് ലോണുകള്‍ ലഭിക്കുന്നതില്‍ നിലവിലുള്ള പ്രതിസന്ധികള്‍ കൂടിയാവുമ്പോള്‍ ഭവനമേഖലയിലേയ്ക്ക് എത്തി നോക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ല.

അതോടൊപ്പം മോര്‍ട്ട്‌ഗേജ് നിരക്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ നയങ്ങളില്‍ താന്‍ ഇടപെടില്ലെന്നും കാവനെ അറിയിച്ചു. നേരത്തെ വീട് വാങ്ങുന്നതിനായി ബാങ്ക് പുറപ്പെടുവിച്ച ചട്ടങ്ങള്‍ വിവാദമായിരുന്നു. പാര്‍പ്പിട പ്രതിസന്ധിയാണ് ഗവണ്‍മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണും അഭിപ്രായപ്പെടുന്നു.

Scroll To Top