Monday December 05, 2016
Latest Updates

ഡബ്ലിനില്‍ വീട് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!,വില കുറയ്ക്കാനുള്ള നടപടികളുമായി സിറ്റി കൌണ്‍സില്‍ രംഗത്ത് 

ഡബ്ലിനില്‍ വീട് വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!,വില കുറയ്ക്കാനുള്ള നടപടികളുമായി സിറ്റി കൌണ്‍സില്‍ രംഗത്ത് 

ഡബ്ലിന്‍: ഡബ്ലിനില്‍ നഗരത്തില്‍ വീട് വാങ്ങാനായി തിരക്ക് കൂട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.നഗരത്തിലെ വീടുകളുടെ വില നിയന്ത്രിക്കുന്ന മാഫിയയുടെ തന്ത്രങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ രംഗത്തിറങ്ങി.കൂടുതല്‍ സ്വന്തം നിലയില്‍ വീടുകള്‍ ലഭ്യമാക്കി ആവശ്യക്കാര്‍ക്ക് നല്‍കാനാണ് സിറ്റി കൌണ്‍സിലിന്റെ പദ്ധതി 

ഡബ്ലിന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ പദ്ധതിയ്ക്ക് തുടക്കമായികഴിഞ്ഞു.വര്‍ഷങ്ങളായി നഗരസഭയുടെ കൈവശമുള്ള 30 ഹെക്റ്ററോളം വരുന്ന സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഭവന പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഏറ്റവും ക്രിയാത്മകമായ ഒരു പരിഹാര സംവിധാനമായാണ് കൌണ്‍സിലിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്.നഗരത്തില്‍ പണിയുന്ന ഈ വീടുകള്‍ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കാനും,സോഷ്യല്‍ ഹൌസിംഗിനും വേണ്ടിയുള്ളതാണ്.

സാന്ട്രിയിലെ കൂലോക്ക് ലൈനില്‍ ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ ആരംഭിക്കുന്ന പ്രദേശത്തെ 16 ഹെക്റ്റര്‍,സ്ഥലത്ത് 700 വീടുകളാണ് നിര്‍മ്മിക്കുന്നത്.ബൂമോണ്ട് ആശുപത്രിയ്ക്കും,എം 1 നും തൊട്ടടുത്തായുള്ള ഈ സ്ഥലത്തിന് ആവശ്യക്കാര്‍ ഏറെയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

എം 50 യ്ക്ക് അടുത്ത് ,ചെറി ഓര്‍ച്ചാര്‍ഡ് ഹോസ്പിറ്റലിന് തൊട്ടടുത്തായി 8.2 ഹെക്റ്റര്‍ ഭൂമിയില്‍ നാനൂറില്‍ അധികം വീടുകള്‍ പണിയാനുള്ള ടെണ്ടറാണ് ക്ഷണിച്ചിരുന്നത്.മാല ഹൈഡ് റോഡിലെ ബെല്‍കാമ്പ് ലൈനിലുള്ള 6.3 ഹെക്റ്റര്‍ സ്ഥലത്ത് 300 വീടുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.വ്യത്യസ്തങ്ങളായ 60 ഏജന്‍സികള്‍ കെട്ടിടം വീടുകള്‍ പണിയാനുള്ള താത്പര്യം പ്രകടിപ്പിച്ചു മുമ്പോട്ടു വന്നിട്ടുണ്ട്.കോണ്ട്രാക്റ്റിംഗ് കമ്പനികള്‍,നിക്ഷേപകര്‍,ഉപഭോക്താക്കളുടെ സഹകരണ സംഘങ്ങള്‍ എന്നിവരെല്ലാം സിറ്റി കൗണ്‍സിലിന്റെ ടെണ്ടറില്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും കുറഞ്ഞ കാലയളവില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി.

ജൂലൈയോടെ വീട് വില കുറഞ്ഞേക്കും എന്ന ഭവനമേഖലയിലെ വിദഗ്ദരുടെ പഠനങ്ങള്‍ കാര്യമായ രീതിയില്‍ പ്രാവര്‍ത്തികമായിട്ടില്ല.നേരിയ ഇടിവ് മാത്രമാണ് ഭവനവിലയില്‍ ഉണ്ടായിരിക്കുന്നത്.എന്നാല്‍ സര്‍ക്കാരും സിറ്റി കൗണ്‍സിലുകലും അവിഷ്‌കരിച്ചിരിക്കുന്ന നിര്‍മ്മാണ മേഖലയിലെ പുതിയ മുന്നേറ്റങ്ങള്‍ വീടുകള്‍ വാങ്ങാന്‍ അനുകൂലമായ അവസരം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള ഡബ്ലിനിലെ കുടിയേറ്റക്കാര്‍.

Scroll To Top