Friday May 25, 2018
Latest Updates

കെന്നി മാറിയാല്‍ വരെദ്കറോ, ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡോ പ്രധാനമന്ത്രിയാവും:ഫിയനാ ഫാളിന്റെ മൈക്കില്‍ മാര്‍ട്ടിനും മത്സരരംഗത്തേയ്ക്ക്

കെന്നി മാറിയാല്‍ വരെദ്കറോ, ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡോ പ്രധാനമന്ത്രിയാവും:ഫിയനാ ഫാളിന്റെ മൈക്കില്‍ മാര്‍ട്ടിനും മത്സരരംഗത്തേയ്ക്ക്

ഡബ്ലിന്‍:ഫിയനാഫാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാവുന്നു.എന്ട കെന്നി തന്നെ സര്‍ക്കാര്‍ ഉണ്ടാക്കിയേക്കും എന്ന് ആദ്യഘട്ടത്തില്‍ ഏവരും കരുതിയിരുന്നെങ്കിലും ഫിനഗേല്‍ പാര്‍ട്ടിയില്‍ കെന്നിയ്‌ക്കെതിരെ അഭിപ്രായം ഉയര്‍ന്നതോടെ അത്തരം നീക്കം നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഫിനഗേലിന്റെ പരാജയത്തിന് കാരണമായത് പ്രധാനമന്ത്രിയുടെ നയങ്ങളാണ് എന്ന് മുന്‍ ജസ്റ്റീസ് മന്ത്രി അലന്‍ ഷാറ്റര്‍ അടക്കം നിരവധി നേതാക്കളാണ് കുറ്റപ്പെടുത്തലുകളുമായി മുമ്പോട്ട് എത്തിയത്.പല ടി ഡി മാരും ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെതിരെ എതിര്‍പ്പ് പ്രകടമാക്കി കഴിഞ്ഞു.ധനമന്ത്രി മൈക്കില്‍ നൂനന്‍ അടക്കമുള്ള സീനിയര്‍ നേതാക്കള്‍ അത്തരം അഭിപ്രായം ഉയര്‍ത്തിയതോടെ കെന്നി അവകാശവാദം ഉന്നയിക്കുന്നതില്‍ നിന്നും പിന്‍ വലിഞ്ഞിരിക്കുകയാണ്.

കഠിനമായ നഷ്ടം സഹിച്ചു മന്ത്രിസഭ ഉണ്ടാക്കേണ്ടതില്ലെന്നു ഇന്നലെ ചേര്‍ന്ന ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും കെന്നിയോടാവശ്യപ്പെട്ടു.ഫിയനാ ഫാളിന്റെ പിന്തുണയുടെ ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പാര്‍ട്ടിയ്ക്ക് അവരുടെ അഭിപ്രായങ്ങള്‍ക്ക് അടിയറവു വെയ്‌ക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി പാസ്‌കല്‍ ഡോണഗ് മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ പങ്കെടുത്ത പുതിയ ടി ഡിമാര്‍ അഭിപ്രായം വ്യക്തമാക്കിയതോടെ ഇന്ന് രാവിലെ കെന്നി സ്വതന്ത്രന്‍മാരുടെ കൂട്ടായ്മയുമായും,സോഷ്യല്‍ ഡമോക്രാറ്റ്‌സുമായും നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളും അനിശ്ചിതാവസ്ഥയിലായിട്ടുണ്ട്.ഏതെങ്കിലും കാരണവശാല്‍ ഫിനഗേല്‍ അധികാരത്തില്‍ എത്തിയാല്‍ തന്നെ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡോ,ലിയോ വരെദ്കറോ ആവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുക.

അതേ സമയം അടുത്ത ചൊവ്വാഴ്ച ആദ്യ ഡയല്‍ കൂടുമ്പോള്‍ തന്നെ മൈക്കില്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്ന് പുതിയ വാര്‍ത്തകളും ഉണ്ട്.ഷെയിന്‍ റോസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ടി ഡി മാരുടെ സംഘം,ഗ്രീന്‍ പാര്‍ട്ടി,സോഷ്യല്‍ ഡമോക്രാറ്റ്‌സ് എന്നി കക്ഷികളുമായി മൈക്കില്‍ മാര്‍ട്ടിന്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.കൂടുതല്‍ സ്വതന്ത്രരും മാര്‍ട്ടിന് പിന്തുണ നല്‍കുന്നതില്‍ തത്പരരാണത്രെ.

എന്തായാലും ഒരു ന്യൂനപക്ഷ മന്ത്രിസഭയെ അയര്‍ലണ്ടില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന അവസ്ഥയിലാണ് രാജ്യമിപ്പോള്‍.അത്തരം ഒരു ആശങ്കാ ജനകമായ അവസ്ഥയില്‍ തുടരുന്നതിനേക്കാള്‍ നല്ലത് ഒരു തവണ കൂടി തിരഞ്ഞെടുപ്പ് നടത്തി ജനഹിതം വ്യക്തമാക്കാന്‍ അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ ഷിന്‍ ഫെയിന്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

Scroll To Top