Saturday December 03, 2016
Latest Updates

സര്‍ക്കാരുണ്ടാക്കാന്‍ കെന്നിയ്ക്ക് തന്ത്രം പറഞ്ഞു കൊടുത്ത് ഫിയനാഫാള്‍,അടുത്തയാഴ്ച്ചയും പരാജയപ്പെട്ടാല്‍ മേയില്‍ ഇലക്ഷന്‍

സര്‍ക്കാരുണ്ടാക്കാന്‍ കെന്നിയ്ക്ക് തന്ത്രം പറഞ്ഞു കൊടുത്ത് ഫിയനാഫാള്‍,അടുത്തയാഴ്ച്ചയും പരാജയപ്പെട്ടാല്‍ മേയില്‍ ഇലക്ഷന്‍

ഡബ്ലിന്‍: ഫിനഗേലിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡ കെന്നിക്ക് തന്ത്രം പറഞ്ഞുകൊടുത്ത് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍. കുറഞ്ഞത് എട്ട് സ്വതന്ത്രരുടെയെങ്കിലും വോട്ട് ലഭിക്കുന്ന പക്ഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫിനഗേലിന് കഴിയുമെന്നാണ് മാര്‍ട്ടിന്‍ ഉപദേശിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും ഫിയനാഫാള്‍ ടി.ഡിമാര്‍ വിട്ടു നിന്നാലും കെന്നിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും മാര്‍ട്ടിന്‍ കണക്കുകൂട്ടുന്നു. ഇന്നലെ നടന്ന മൂന്നാം വട്ട വോട്ടെടുപ്പിലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് മാര്‍ട്ടിന്റെ പുതിയ തന്ത്രം.

ഫിയനാ ഫാള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നാല്‍ കെന്നിയ്ക്ക് ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാങ്കേതിക ഭൂരിപക്ഷം ലഭിക്കണം എങ്കിലും 8 ടി ഡി മാരുടെ പിന്തുണ കൂടി വേണം.ആയതിനാല്‍ 8 സ്വതന്ത്ര ടി ഡി മാരെ പക്ഷത്തു നിര്‍ത്താനുള്ള ഒരുക്കങ്ങള്‍ ഫിനഗേല്‍ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം ഫിയനാഫാളും ഫിനഗേലും തമ്മില്‍ ധാരണയിലെത്തുകയാണെങ്കില്‍, ഒരു തരത്തിലുള്ള കരാറും എഴുതി നല്‍കരുത് എന്ന് മാര്‍ട്ടിന്‍ ടി.ഡിമാര്‍ക്ക് താക്കീതു നല്‍കി. ഫിയനാഫാളില്‍ നിന്നും കരാര്‍ എഴുതി വാങ്ങണമെന്ന് കഴിഞ്ഞ ദിവസം ഒരു ഫിനഗേല്‍ ടി.ഡി അഭിപ്രായപ്പെട്ടിരുന്നു.

കെന്നിക്ക് നിലവില്‍ രണ്ട് സ്വതന്ത്രരുടേതടക്കം 52 ടി.ഡിമാരുടെ പിന്തുണയാണുള്ളത്. ബജറ്റ്, വാട്ടര്‍ ചാര്‍ജ്ജ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ഫിനഗേലിനെ പിന്തുണയ്ക്കണോ എന്ന് ഫിയനാഫാള്‍ തീരുമാനിക്കുക.

ലേബര്‍ പാര്‍ട്ടിയെ സര്‍ക്കാരില്‍ എടുക്കാതെ സ്വതന്ത്രരുടെ പിന്തുണയോടെ കെന്നിയ്ക്ക് പ്രധാനമന്ത്രിയാവാന്‍ അടുത്ത ബുധനാഴ്ചയും സാധിച്ചില്ലെങ്കില്‍ മേയ് മാസത്തില്‍ അയര്‍ലണ്ട് വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും.

Scroll To Top