Saturday December 03, 2016
Latest Updates

സര്‍ക്കാര്‍ രൂപീകരണം ഒരുമാസം വരെ നീണ്ടേക്കും:ഇടതു പക്ഷവും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും

സര്‍ക്കാര്‍ രൂപീകരണം ഒരുമാസം വരെ നീണ്ടേക്കും:ഇടതു പക്ഷവും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം ഒരുമാസംവരെ നീണ്ടേക്കും. മൈക്കല്‍ മാര്‍ട്ടിനും എന്‍ഡ കെന്നിയും പുതിയ സഖ്യത്തിനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്.തന്റെ പാര്‍ടിയുടെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്നവരോട് മാത്രമേ സഖ്യ ചര്‍ച്ചകള്‍ സാധ്യമാകൂ എന്നാണ് ഫിയാനഫെയില്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്റെ നിലപാട്.ഇത്തരത്തില്‍ പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖ്യപാര്‍ടികളുമായി ചര്‍ച്ചയ്ക്ക് തയാറാണ്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് മാര്ട്ടിന്‍ മുഖ്യ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തി. പെട്ടെന്ന് തന്നെ മറ്റ് പാര്‍ടികളുമായി ചര്‍ച്ചചെയ്യേണ്ടെന്നാണ് കൂടികാഴ്ചയ്ക്ക് ശേഷമുണ്ടായ തീരുമാനം.

പാര്‍ലിമെന്റ് പരിഷ്‌കാര വിഷയങ്ങള്‍ ഇരു വിഭാഗം ടിഡിമാരുമായും അടുത്ത മാസം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയം തിരുത്തിക്കുറിക്കണമെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഫിയാന ഫെയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഫലപ്രദമായ നയരൂപീകരണങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത് അധികാരം നഷ്ടപ്പെടുന്ന സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനമാകും. തന്റെ പാര്‍ട്ടിയുടെ നയങ്ങള്‍ക്കുള്ള ശക്തമായ ജനാംഗീകാരമാണ് തെരഞ്ഞെടുപ്പിലൂടെ ലഭിച്ചതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം പാലിക്കാന്‍ പാര്‍ലിമെന്റിലെ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ഫിയനാ ഫാളിന്റെ മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹെന്‍ പറഞ്ഞത് പുതിയ സര്‍ക്കാര്‍ അടുത്ത മാസമേ ഉണ്ടാവുകയുള്ളൂ എന്നാണ്.സെന്റ് പാട്രിക് ദിനവും,ഈസ്റ്ററും,സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികവും മാര്‍ച്ച് മാസത്തില്‍ നടക്കേണ്ടതുണ്ട്.ഇവയ്ക്ക് ശേഷമാവും പുതിയ സര്‍ക്കാര്‍ നിലവില്‍ വരിക എന്നാണ് അഹെന്റെ അഭിപ്രായം

അതേ സമയം ഇടതു പാര്‍ട്ടികളും മന്ത്രിസഭ ഉണ്ടാക്കാനുള്ള അവകാശം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.30 ശതമാനത്തോളം ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിനുള്ള അവകാശം ഇടതു കക്ഷികള്‍ക്ക് ഉണ്ടെന്നു സോഷ്യല്‍ ഡമോക്രാറ്റ്‌സ്,എഎ എ,ഷിന്‍ ഫെയിന്‍ എന്നീ കക്ഷികളുടെ ഉയര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top