Sunday December 04, 2016
Latest Updates

ലോകം പുതിയ സാമ്പത്തിക ക്രമത്തിലേയ്ക്ക്:യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ചുവടു പിടിച്ച് ഏഷ്യന്‍ ബാങ്കുകളും

ലോകം പുതിയ സാമ്പത്തിക ക്രമത്തിലേയ്ക്ക്:യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ചുവടു പിടിച്ച് ഏഷ്യന്‍ ബാങ്കുകളും

ഡബ്ലിന്‍ :പണം ബാങ്കില്‍ സൂക്ഷിച്ചു വര്‍ദ്ധിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത അവസാനിപ്പിക്കാനുള്ള തന്ത്രങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ മുമ്പോട്ട് .ലോക ധനകാര്യ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും സ്വീഡന്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെയും ചുവടുപിടിച്ച് ബാങ്ക് ഓഫ് ജപ്പാനും നെഗറ്റീവ് പലിശ നിരക്ക് പ്രഖ്യാപിച്ചു.

വാണിജ്യ ബാങ്കുകളുടെ കരുതല്‍ ധനം കേന്ദ്ര ബാങ്കില്‍ സൂക്ഷിക്കുമ്പോള്‍ പലിശ ലഭിക്കുന്നതായിരുന്നു പതിവ്. നെഗറ്റീവ് പലിശ പ്രാബല്യത്തില്‍ വരുന്നതോടെ ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ പണം ഏല്‍പ്പിച്ചാല്‍ അങ്ങോട്ട് പലിശ നല്‍കേണ്ട അവസ്ഥയുണ്ടാകും.നിക്ഷേപകരുടെ പണം സൂക്ഷിക്കാന്‍ ബാങ്കുകളില്‍ ഏല്‍പ്പിച്ചാലും സമാനമായ അന്തരീക്ഷമാവും ഇതിനെ തുടര്‍ന്ന് ഉണ്ടാവുക.

വളര്‍ച്ചയുടെയും വിലക്കയറ്റത്തിന്റെയും പാതയില്‍ നിന്ന് രാജ്യങ്ങള്‍ വിലയിടിവിലേക്കും പണച്ചുരുക്കത്തിലേക്കും നീങ്ങാന്‍ തുടങ്ങിയതോടെയാണ് ‘നെഗറ്റീവ് പലിശ’ നിരക്കുകളെക്കുറിച്ച് കേന്ദ്ര ബാങ്കുകള്‍ ചിന്തിക്കാന്‍ തുടങ്ങിയത്.

സമൂഹത്തിലേക്ക് പണമൊഴുക്ക് കൂടാനും അതുവഴി ഉപഭോഗം വര്‍ധിക്കാനുമാണ് ഇത്തരമൊരു നീക്കം സാധാരണയായി നടത്തുന്നത്. ബാങ്കുകള്‍ കേന്ദ്രബാങ്കില്‍ പണം സൂക്ഷിക്കാതെ ആ പണം കൂടി വായ്പയായി നല്‍കുന്നതോടെ നാട്ടില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. കൂടുതല്‍ തൊഴിലവസരം ഉണ്ടാകാനും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കാനും ഇത് ഇടയാക്കും.സ്വാഭാവികമായി വ്യാവസായിക ഉത്പാദനം വന്‍തോതില്‍ ഉയരും. ഇതും ഫലത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാവും വഴിവെയ്ക്കുക. നെഗറ്റീവ് പലിശ നിരക്ക് നിലനില്‍ക്കുന്ന സമ്പദ്ഘടനകളില്‍ വായ്പകളുടെ പലിശ നിരക്കും വന്‍തോതില്‍ കുറയാറുണ്ട്.
ജപ്പാന്റെ കേന്ദ്ര ബാങ്കായ ‘ബാങ്ക് ഓഫ് ജപ്പാന്‍’ മുഖ്യ വായ്പാ നിരക്ക് പൂജ്യത്തിനും താഴെ 0.10 ശതമാനത്തിലേക്കാണ് പുതുക്കി നിശ്ചയിച്ചത്. 2014 ജൂണില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കാണ് (ഇ.സി.ബി.) നെഗറ്റീവ് പലിശ നിരക്കിന് തുടക്കമിട്ടത്. ബാങ്കുകള്‍ തങ്ങളെ ഏല്‍പിക്കുന്ന കരുതല്‍ ധനത്തിന് 0.30 ശതമാനം പലിശ ഈടാക്കിക്കൊണ്ടായിരുന്നു ഇത്.പിന്നീട്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും പൂജ്യത്തിന് താഴെ പലിശ ഏര്‍പ്പെടുത്തി. കൂടുതല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വരും മാസങ്ങളില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Scroll To Top