Tuesday May 22, 2018
Latest Updates

ഖത്തര്‍ എയര്‍വേയ്സ്, ഡബ്ലിന്‍-ദോഹ റൂട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു:,എയര്‍ ലിംഗസ് ഖത്തറിലേക്ക് സര്‍വീസ് നടത്താനും സാധ്യത,ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താതെ എമറേറ്റ്‌സും,എത്തിഹാദും

ഖത്തര്‍ എയര്‍വേയ്സ്, ഡബ്ലിന്‍-ദോഹ റൂട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു:,എയര്‍ ലിംഗസ് ഖത്തറിലേക്ക് സര്‍വീസ് നടത്താനും സാധ്യത,ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താതെ എമറേറ്റ്‌സും,എത്തിഹാദും

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ദോഹയിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ 2017-2018 മുതല്‍ സര്‍വീസ് നടത്തിത്തുടങ്ങും.ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനി പുറത്തു വിട്ടത്.

ഏറെക്കാലമായി ഖത്തര്‍ എയര്‍വേയ്സ് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. എയര്‍ ലിംഗസ്, ബ്രിട്ടിഷ് എയര്‍വേയ്സ്, ഇബേറിയ, വ്യുവെലിങ് എന്നീ വിമാനക്കമ്പനികളുടെ ഉടമസ്ഥരായ ഐഎജിയുടെ 20% ഓഹരി ഖത്തര്‍ എയര്‍വേയ്സിന്റെ സ്വന്തമാണ്.

എയര്‍ ലിംഗസ് ദോഹയിലേയ്ക്ക് സര്‍വീസ് നടത്തുകയോ, ഖത്തര്‍ എയര്‍വേയ്സ് ഡബ്ലിനിലേയ്ക്ക് സര്‍വീസ് നടത്തുകയോ ചെയ്യുമെന്ന കാര്യം എയര്‍ ലിംഗസ് ചീഫ് എക്സിക്യുട്ടിവ് സ്റ്റീഫന്‍ കാവാനാഗ് ഈ വര്‍ഷമാദ്യം ഉറപ്പു നല്‍കിയിരുന്നു. ഖത്തര്‍ എയര്‍വേയ്സ് വെറുമൊരു ഓഹരി പങ്കാളി മാത്രമല്ല, ഖത്തറിലെ ബിസിനസ് പങ്കാളി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.അടുത്ത മെയ് മാസത്തില്‍ സര്‍വീസുകള്‍ ആരംഭിക്കും എന്ന സൂചനയാണ് മുമ്പ് അദ്ദേഹം നല്‍കിയിരുന്നത്.എന്നാല്‍ പുതിയ സാഹചര്യത്തില്‍ തിയതി പ്രഖ്യാപിച്ചിട്ടില്ല ബിസിനസ് പങ്കാളികള്‍ എന്ന നിലയില്‍ എയര്‍ ലിംഗസിന് ഖത്തറിലേക്ക് സര്‍വീസ് നടത്താനും ആഗ്രഹമുണ്ട്.അത് കൊണ്ട് തന്നെ ഇരു കമ്പനികളും തീരുമാനിയ്ക്കുന്നതിന് അനുസരിച്ച് ഷോര്‍ട്ട് നോട്ടീസിലും സര്‍വീസ് ആരംഭിക്കാനാവും.

ഡബ്ലിനിലേയ്ക്ക് സര്‍വീസ് തുടങ്ങാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് എംഡി വിന്‍സന്റ് ഹാരിസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മിഡില്‍ ഈസ്റ്റിലേയ്ക്ക് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുമെന്നും, ദോഹ വഴി കണക്ഷന്‍ ഫ്ളൈറ്റുകളില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലെ ടൂറിസം വളരാനും ഇത് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലുമായി 150ലേറെ എയര്‍പോര്‍ട്ടുകളുലേയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നുണ്ട്. ഡബ്ലിനു പുറമെ ലാസ് വേഗാസ്, കാന്‍ബറ, റയോഡി ജനീറോ തുടങ്ങിയ നഗരങ്ങളിലേയ്ക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.മറ്റു നാല് നഗരങ്ങളിലേക്ക് കൂടി കമ്പനി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍വീസ് തുടങ്ങാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചത് എതിരാളികളായ എത്തിഹാദ്, എമിറേറ്റ്സ് എന്നിവര്‍ക്ക് തിരിച്ചടിയാണ്. ഡബ്ലിനില്‍ നിന്നും അബുദാബിയിലേയ്ക്ക് എത്തിഹാദും, ദുബായിലേയ്ക്ക് എമിറേറ്റ്സും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.ഇവരുടെ ടിക്കറ്റ് നിരക്കുകളില്‍ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ്.ഗള്‍ഫ് റീജിയനിലേക്കുള്ള യാത്രക്കാരില്‍ നിന്നും പരമാവധി പണം പിഴിഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ഇരു കമ്പനികളും ഐക്യത്തിലാണ്.

യൂ കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്‍ ലാഭത്തില്‍ മലയാളികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് കൊച്ചിയിലേയ്ക്ക് വിമാന ടിക്കറ്റ് ലഭ്യമാകുമ്പോള്‍ ഡബ്ലിനില്‍ നിന്നും കൂടിയ നിരക്കുകളാണ് ഇപ്പോഴും നിലവിലുള്ളത്.ഖത്തര്‍ എയര്‍വേയ്‌സ് കൂടി എത്തുമ്പോള്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ട്രാവല്‍ മേഖലയിലെ വിദഗ്ദര്‍ പറഞ്ഞു.

സമ്മര്‍ അവധിക്കായുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചെങ്കിലും ഖത്തര്‍ എയര്‍വേയ്‌സ് കൂടി സര്‍വീസ് ആരംഭിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് കേരളത്തിലേയ്ക്കുള്ള യാത്രികര്‍.ഡബ്ലിന്‍ -കൊച്ചി റൂട്ടില്‍ രണ്ട് എയര്‍വേയ്‌സുകള്‍ക്കും ജൂണ്‍ 20 ന് ശേഷമുള്ള ഇപ്പോഴത്തെ ശരാശരി നിരക്ക് 720 യൂറോയാണ്.എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാന സര്‍വീസ് എന്ന് ആരംഭിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Scroll To Top