Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി കോടതിയെ കബളിപ്പിക്കാനാവില്ല,നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ചാല്‍ അത് തെളിയിക്കേണ്ടിവരും …

അയര്‍ലണ്ടിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി കോടതിയെ കബളിപ്പിക്കാനാവില്ല,നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ചാല്‍ അത് തെളിയിക്കേണ്ടിവരും …

ഡബ്ലിന്‍:ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചില്ല എന്നു കാരണം പറഞ്ഞ് ഇനി കോടതിയെ കബളിപ്പിക്കാനാവില്ല. പിഴയടയ്ക്കാനോ കോടതിയില്‍ ഹാദരാകാനോ കാണിച്ച് അധികൃതര്‍ അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റിയിട്ടില്ല എന്ന് വാക്കാല്‍ പറയുന്നതിനു പകരം തെളിവു നല്‍കണമെന്നാണ് കോടതി പുതിയ വിധിയില്‍ പറയുന്നത്. നോട്ടീസ് ലഭിച്ചില്ല എന്ന കാരണം പറഞ്ഞ് ആയിരക്കണക്കിന് ഡ്രൈവര്‍മാരാണ് മുന്‍വര്‍ഷങ്ങളിലായി ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം നോട്ടീസ് അയച്ചു എന്നതിന് അധികൃതരുടെ പക്കലും തെളിവു വേണം.

പോസ്റ്റല്‍ പ്രൂഫ് ഇനിമുതല്‍ നോട്ടീസ് അയച്ചു എന്നതിന് തെളിവായി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കോനര്‍ ഫോഗ്‌നാന്‍ വ്യക്തമാക്കി. നിയമത്തിലെ പഴുത് പലരും രക്ഷപ്പെടാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പലര്‍ക്കും നോട്ടീസ് ലഭിച്ചില്ല എന്നത് സത്യമാണെന്നും അതിന്റെ ഉത്തരം ആന്‍ പോസ്റ്റ് പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്നവര്‍ ഇനിമുതല്‍ 28 ദിവസത്തിനകം നിശ്ചിത തുക പിഴയടയ്ക്കണം. അല്ലെങ്കില്‍ ഈ പിഴയുടെ ഇരട്ടി 56 ദിവസത്തിനുള്ളില്‍ അടയ്ക്കണം. ഇവ രണ്ടും ചെയ്തില്ലെങ്കില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്യും.

Scroll To Top