Friday December 09, 2016
Latest Updates

പത്തിന ആവശ്യങ്ങള്‍ എഴുതി വാങ്ങി ഫിയനാഫാള്‍:മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവ്,വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കും,പുതിയ ശമ്പളകമ്മീഷന്‍..,മന്ത്രിസഭ രൂപീകരണം ഉടനെന്ന് സൂചനകള്‍

പത്തിന ആവശ്യങ്ങള്‍ എഴുതി വാങ്ങി ഫിയനാഫാള്‍:മോര്‍ട്ട്‌ഗേജ് പലിശയില്‍ ഇളവ്,വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കും,പുതിയ ശമ്പളകമ്മീഷന്‍..,മന്ത്രിസഭ രൂപീകരണം ഉടനെന്ന് സൂചനകള്‍

ഡബ്ലിന്‍: ലിയോ വരെദ്കര്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തള്ളികളഞ്ഞ് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഫിനഗേല്‍-ഫിയനാഫാള്‍ ചര്‍ച്ചകളില്‍ മേല്‍ കരാര്‍ ഉണ്ടായതായി ഇരു പാര്‍ട്ടി വൃത്തങ്ങളും വെളിപ്പെടുത്തിയതോടെ അടുത്ത ആഴ്ച്ച പുതിയ കാബിനറ്റ് നിലവില്‍ വന്നേക്കുമെന്ന സൂചനകള്‍. ഇപ്പോഴുള്ള ധാരണ അനുസരിച്ച് അടുത്ത ആഴ്ച്ച പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പില്‍ ഫിയനാ ഫാള്‍ വോട്ടു ചെയ്യാതെ മാറി നില്‍ക്കും.ഇതോടെ പോള്‍ ചെയ്ത വോട്ടില്‍ 58 പേരുടെ പിന്തുണ നേടി ഫിനഗേല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്‍ട കെന്നി വിജയിക്കും.

ഫിയനാഫാള്‍ നിക്ഷ്പക്ഷത പാലിച്ചു മാറി നിന്നാലും നിശ്ചിതഭൂരിപക്ഷമായ 58 വോട്ട് ഫിനഗേലിന് ഇപ്പോഴില്ല;ഫിനഗേലിന്റെ 50 ടി ഡി മാരുടെയും,രണ്ടു സ്വതന്ത്രരുടെയും പിന്തുണയെ അവര്‍ക്ക് ഉറപ്പായിട്ടുള്ളൂ.ബാക്കി ആവശ്യമായ 6 ടി ഡി മാര്‍ സ്വതന്ത്രപക്ഷത്ത് നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെന്നി കരുക്കള്‍ നീക്കുന്നത്.

ഇനി ഒന്നോ രണ്ടോ കാര്യങ്ങളില്‍ മാത്രമാണ് ഫിയനാഫാളുമായി ഒത്തു തീര്‍പ്പിലെത്താനുള്ളതെന്ന് ഫിനഗേലിന്റെ സിമോണ്‍ കൊവേനി പറഞ്ഞു. മറ്റ് കാര്യങ്ങളിലെല്ലാം യോജിപ്പിലെത്തിയതായും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ രൂപീകരിച്ചത്.
താഴെ പറയുന്നവ അംഗീകരിച്ചു കൊണ്ടുള്ള ഒരു കരാറാണ് ഇരു കക്ഷികളും ചേര്‍ന്നുണ്ടാക്കിയിരിക്കുന്നത്
1.മുമ്പുണ്ടായിരുന്ന മോര്‍ട്ട്‌ഗേജ് പലിശ ഇളവ് പദ്ധതി പുനരാരംഭിക്കും
2.15 %വരെ റെന്റ് സപ്ലിമെന്റ് കൌണ്ടികള്‍ തോറും നടപ്പില്‍ വരുത്തും.
3 വേരിയബിള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം കൊണ്ടുവരും.
4,ഗാര്‍ഡ സ്റ്റേഷനുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും.
5.ആശുപത്രികളിലെ വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കും.
6.ചൈല്‍ഡ് കെയര്‍ പദ്ധതികള്‍ക്ക് സബ്‌സിഡികള്‍
7.ശമ്പളഘടന പരിഷ്‌കരിക്കാന്‍ ശമ്പളക്കമ്മിഷനെ നിയോഗിക്കും.
8.ഗ്രാമ വികസനത്തിന് സമഗ്ര പദ്ധതി
9.വിദ്യാഭ്യാസമേഖലയില്‍ ഗൈഡന്‍സ് കൌണ്‍സിലര്‍മാരെ നിയോഗിക്കും.
10.വെള്ളത്തിന്റെ ചാര്‍ജ് പൂര്‍ണ്ണമായും എടുത്തുകളയും

ഇത് കൂടാതെ ഒട്ടേറെ ടാക്‌സ് ക്രഡിറ്റ് നിര്‍ദേശങ്ങളും നടപ്പാക്കി കൊള്ളാമെന്നു ഫിനഗേലിനെ കൊണ്ട് ഫിയനാഫാള്‍ സമ്മതിപ്പിച്ച് എഴുതി വാങ്ങിയിട്ടുണ്ട്.അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് നിലനില്‍ക്കത്തക വിധമുള്ള ഈ കരാര്‍ രാജ്യത്തിന്റെ ഉത്തമ താത്പര്യം പരിഗണിച്ചുള്ളതാണെന്ന് ഫിയനാഫാള്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

പൊതുമേഖലയിലെ പുതിയ ഉദ്യോഗസ്ഥരുടെ ശമ്പളത്തെപ്പറ്റി പഠിക്കാനായി ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയോഗിക്കാന്‍ ഫിനഗേല്‍ഫിയനാഫാള്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്.ആറു മാസത്തിനുള്ളില്‍ കമ്മീഷനെ നിയോഗിക്കാനാണ് തീരുമാനം. ഇത് പൊതുമേഖലയില്‍ ഉണ്ടായേക്കാവുന്ന സമരങ്ങളെ പ്രതിരോധിക്കാനും, അതുവഴി ഗവണ്‍മെന്റിനുണ്ടായേക്കാവുന്ന ഭീഷണികള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പാര്‍ട്ടികള്‍ കരുതുന്നത്.

രാജ്യത്തെ സാമ്പത്തികമേഖല കരുത്താര്‍ജ്ജിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഡ, അദ്ധ്യാപകര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഈയിടെ ജോലിയില്‍ ചേര്‍ന്നവരാണ് ഈ ആവശ്യം കൂടുതായും ഉന്നയിക്കുന്നത് എന്നതിനാല്‍ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം ഇവരെ തൃപ്തിപ്പെടുത്തും.

കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം സുപ്രധാനമാണെന്നാണ് ഫിയനാഫാള്‍ വക്താവ് പ്രതികരിച്ചത്. കമ്മീഷന്‍ ഇപ്പോഴത്തെ ശമ്പള വ്യവസ്ഥകള്‍ പഠിക്കുകയും, മറ്റ് രാജ്യങ്ങളിലെ ശമ്പളവ്യവസ്ഥകളുമായി അതിനെ താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മേഖലയിലും കരാര്‍ പൂര്‍ണ്ണമാവുകയും സ്വതന്ത്രര്‍ പിന്തുണ നല്കുകയും ചെയ്താല്‍ അടുത്ത ആഴ്ച്ച എന്‍ട കെന്നിയുടെ നേതൃത്വത്തില്‍ തന്നെയുള്ള പുതിയ മന്ത്രിസഭ നിലവിലെത്താനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിട്ടുള്ളത്.

Scroll To Top