Monday August 21, 2017
Latest Updates

കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ്, അദിലാബാദിന് പുതിയ ബിഷപ്പ് 

കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ്, അദിലാബാദിന് പുതിയ ബിഷപ്പ് 

കൊച്ചി: സീറോ മലബാര്‍ സഭയയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വഴിത്തിരിവായി രൂപത സ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായി കാനഡയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ടൊറന്റോയിലെ മിസിസൗഗാ ആസ്ഥാനമാക്കി അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിച്ചു. പാലക്കാട് രൂപതയില്‍ നിന്നുള്ള വൈദികനായ ഫാ. ജോസ് കല്ലുവേലിലിനെ ഇവിടുത്തെ ആദ്യത്തെ എക്‌സാര്‍ക്കായും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫാ. ജോസ് കല്ലുവേലിക്ക് തബാല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവിയുമുണ്ടാകും.

സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയ്ക്കു പുറത്തു ലഭിച്ച ആദ്യത്തെ എക്‌സാര്‍ക്കിയാണ് മിസിസൗഗാ. പുതിയ എക്‌സാര്‍ക്കി ഉദ്ഘാടനവും എക്‌സാര്‍ക്കിന്റെ അഭിഷേകവും സ്ഥാനാരോഹണവും പിന്നീട് തീരുമാനിക്കും. 

രൂപതാ സംവിധാനമില്ലെങ്കിലും എക്‌സാര്‍ക്കേറ്റിനു പ്രത്യേക ഭരണസംവിധാനമുണ്ട്. വിശ്വാസികളുടെയും ഇടവകകളുടെയും എണ്ണക്കുറവും മറ്റു അപര്യാപ്തതകളു മുള്ളിടത്താണു എക്‌സാര്‍ക്കികള്‍ സ്ഥാപിക്കുന്നത്. ഭാവിയില്‍ രൂപതയായി ഉയര്‍ത്തപ്പെടാം. സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് ഇന്ത്യയില്‍ ഇപ്പോഴുള്ള പല രൂപതകളും പ്രാരംഭത്തില്‍ എക്‌സാര്‍ക്കികളായിരുന്നു

തെലങ്കാനയിലെ അദിലാബാദ് സീറോ മലബാര്‍ രൂപതാ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടനെ നിയമിച്ചു..

സ്ഥാനമൊഴിഞ്ഞ മാര്‍ ജോസഫ് കുന്നത്തിന്റെ പിന്‍ഗാമിയായാണ് രൂപതാ പ്രോട്ടോസിന്‍ചെല്ലൂസും കത്തീഡ്രല്‍ വികാരിയുമായ ഫാ. പാണേങ്ങാടനെ നിയമിച്ചത്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഇന്നലെ കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും അദിലബാദ് രൂപതാ ആസ്ഥാനത്ത് മാര്‍ ജോസഫ് കുന്നത്തും പ്രസിദ്ധപ്പെടുത്തി.

മാര്‍ ജോസഫ് കുന്നത്ത് നിയുക്ത മെത്രാനെ സ്ഥാനചിഹ്‌നങ്ങള്‍ അണിയിച്ചു. തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ ജനിച്ച ഫാ. ആന്റണി പ്രിന്‍സ്, സി.എം.ഐ. സന്യാസ സമൂഹാംഗമായി സെമിനാരി പരിശീലനത്തിന്റെ ആദ്യഘട്ടം പിന്നിട്ടശേഷം മിഷന്‍ രൂപതയായ അദിലാബാദില്‍ ചേര്‍ന്നു. ബംഗളുരു ധര്‍മ്മാരാം വിദ്യാക്ഷേത്രം, ഉജ്ജയിന്‍ റൂഹാലയ എന്നിവിടങ്ങളില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി 2007 ഏപ്രില്‍ 25 ന് വൈദികനായി. അദിലാബാദ് കത്തീഡ്രലില്‍ അസി. വികാരിയും സാലിഗോണ്‍ ഇടവകയില്‍ വികാരിയുമായിരുന്നു.റോമിലെ  ഉര്‍ബാനിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി.

ഛാന്ദാ രൂപതയുടെ ആന്ധ്രാപ്രദേശിലെ ഭൂപ്രദേശം വേര്‍തിരിച്ച് 1999 ലാണ് അദിലാബാദ് രൂപത സ്ഥാപിച്ചത്.മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.

Scroll To Top