Saturday April 29, 2017
Latest Updates

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് പുതിയ സഹായമെത്രാന്‍ നിയമിതനായി 

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് പുതിയ സഹായമെത്രാന്‍ നിയമിതനായി 

കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാനായി റവ. ഡോ. ജോസ് പുളിക്കല്‍ നിയമിതനായി. സീറോ മലബാര്‍ സിനഡിന്റെ തീരുമാനമനുസരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇന്നു വൈകുന്നേരം നാലിന് പ്രഖ്യാപനം നടത്തിയത്. സീറോ മലബാര്‍ സഭാ സിനഡിലെ എല്ലാ മെത്രാന്മാരും പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യൂ അറയ്ക്കലും ചേര്‍ന്ന് നിയുക്ത സഹായ മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.ara1

നിലവില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സിഞ്ചെല്ലൂസാണ് റവ. ഡോ. ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇഞ്ചിയാനി ഇടവക പുളിക്കല്‍ പരേതരായ ആന്റണി-മറിയാമ്മ ദമ്പതികളുടെ ഏക മകനായി 1964 മാര്‍ച്ച് മൂന്നിന് അദ്ദേഹം ജനിച്ചു. ഇഞ്ചിയാനി ഹോളി ഫാമിലി, മുണ്ടക്കയം സിഎംഎസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ പ്രീഡിഗ്രിയും പഠിച്ചശേഷം കാഞ്ഞിരപ്പള്ളി പൊടിമറ്റം മേരിമാതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1991 ജനുവരി ഒന്ന് വൈദികനായി. ബംഗളുരു ധര്‍മാരാമില്‍നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടി. രൂപത മതബോധന വിഭാഗത്തിന്റെയും മിഷന്‍ ലീഗിന്റെയും ഡയറക്ടറായി ഏഴു വര്‍ഷം സേവനമനുഷ്ഠിച്ചു. 2011 ഫെബ്രുവരി മുതല്‍ റാന്നി-പത്തനംതിട്ട മിഷന്‍ മേഖലയുടെ ചുമതലയുള്ള സിഞ്ചെല്ലൂസ്, പത്തനംതിട്ട ഫൊറോന വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014 മേയ് മുതല്‍ ഇടവകയുടെയും വൈദികരുടെയും സന്യസ്തരുടെയും ചുമതലയുള്ള രൂപതാ സിഞ്ചെല്ലൂസായി സേവനമനുഷ്ഠിച്ചുവരികയാണ്.

കുടുംബത്തിലെ ഏക മകനായ റവ. ഡോ. ജോസ് പുളിക്കല്‍ ഇഞ്ചിയാനിയിലെ കുടുംബവക സ്ഥലവും വീടും 1994ല്‍ സിസ്റ്റേഴ്‌സ് ഓഫ് ഹോളി സ്പിരിറ്റിന് ദാനം നല്‍കുകയായിരുന്നു. കുറ്റവാസനയുള്ള കുട്ടികളെ പാര്‍പ്പിച്ച് അവരെ നവീകരിക്കുന്ന സ്‌നേഹദീപം എന്ന ഭവനമായി കുടുംബവീട് ഹോളിസ്പിരിറ്റ് സിസ്റ്റേഴ്‌സിനെ ഏല്‍പിച്ചു. മരണം വരെ മാതാപിതാക്കളും ഈ ഭവനത്തില്‍ കുട്ടികള്‍ക്കൊപ്പം സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലായിരുന്നു.Pulickalara 2

Scroll To Top