Saturday December 10, 2016
Latest Updates

സിന്‍ഫിന്നിനെതിരെ ഫിനഗേലും ഫിനാഫാളും കൈകോര്‍ക്കുമെന്ന് സൂചനകള്‍,ഐറിഷ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നു.

സിന്‍ഫിന്നിനെതിരെ ഫിനഗേലും ഫിനാഫാളും കൈകോര്‍ക്കുമെന്ന് സൂചനകള്‍,ഐറിഷ് രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നു.

ഡബ്ലിന്‍;തിരഞ്ഞെടുപ്പിന് 9 മാസം മാത്രം അവശേഷിക്കുമ്പോള്‍ അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതായി സൂചനകള്‍.ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച സാന്നിധ്യം അറിയിച്ച് രാജ്യമൊട്ടകെ ആഞ്ഞടിച്ച സിന്‍ ഫിന്‍ കൊടുങ്കാറ്റിന് ഒരിക്കല്‍ കൂടി സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ പ്രാദേശിക തലങ്ങളില്‍ സിന്‍ ഫിന്‍ അടുത്ത തിരഞ്ഞെടുപ്പിലേയ്ക്ക് ഒരുങ്ങുന്നതില്‍ ബാക്കിയെല്ലാ പാര്‍ട്ടികളെക്കാള്‍ മുന്നിട്ടു നില്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അപ്രതീക്ഷിതമായ മുന്നേറ്റം സിന്‍ ഫിന്നിനു ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ ഫിനഗേലിനെയും ഫിനാഫാളിനെയും ആശങ്കയില്‍ ആഴ്ത്തിയിരിക്കുന്നതും ഇത് തന്നെയാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ സിന്‍ഫിന്‍ സ്വതന്ത്രരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്താല്‍ ഫിനഗേലിനെ പുറത്തു നിന്നും പിന്തുണച്ച് സിന്‍ ഫിന്നിനെ അകറ്റാന്‍ ഫിനാഫാള്‍ മടിക്കില്ലെന്ന് ഫിനാഫാളിന്റെ ജസ്റ്റീസ് സ്‌പോക്‌സ് മാന്‍ നെയില്‍ കോളിന്‍സ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു..

സിന്‍ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണ വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതായിയാണ് പുതിയതായി പുറത്തുവന്ന അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത്.കഴിഞ്ഞ ദിവസം സണ്‍ഡേ ഇണ്ടിപെന്‍ഡണ്ട് നടത്തിയ സര്‍വേയിലാണ് ഫിനഗേലിനൊപ്പം സിന്‍ ഫിന്‍ പാര്‍ട്ടിയുടെ ജനപിന്തുണയും ഉയരുന്നുവെന്ന് സൂചിപ്പിക്കുന്നത്.അയര്‍ലണ്ടില്‍ ശക്തമായ ഇടതുപക്ഷ സഖ്യം അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രൂപമെടുത്ത് പ്രവര്‍ത്തിക്കുമെന്ന് സൂചനകള്‍. റൈറ്റ് ടു വാട്ടര്‍ എന്ന സമര പ്രസ്ഥാനം ഇടത്പക്ഷത്തെ വിവിധങ്ങളായ രാഷ്ട്രീയ രാഷ്ട്രീയധാരകളിലുള്ളവരെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.അയര്‍ലണ്ടിലെ എല്ലാ പ്രദേശത്തും അടിവേരുകളുള്ള റൈറ്റ് ടു വാട്ടര്‍ ജലനിരക്കിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നവരാണ്.ഇവരുടെ സമര മുന്നേറ്റത്തില്‍ സര്‍ക്കാരിന് ആദ്യതീരുമാനം തിരുത്തി ജലനിരക്ക് പലകുറി കുറയ്‌ക്കേണ്ടി വന്നു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ഐറിഷ് പ്രവാസികള്‍ ഏറ്റവും അധികം പിന്തുണയ്ക്കുന്നതും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ നായകരായിരുന്ന സിന്‍ഫിനെ തന്നെയാണ്.അയര്‍ലണ്ടിലെ ഇടതുപക്ഷ സ്വഭാവമുള്ള ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനമായ സിന്‍ഫിന്‍ പാര്‍ട്ടി പുതിയ സഖ്യ നീക്കത്തിന് പിന്തുണയുമായി രംഗത്ത് വന്നു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. സിന്‍ഫിന്‍ പാര്‍ട്ടിയും റൈറ്റ് ടു വാട്ടര്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന ഇടതു പക്ഷ വിശാല ഐക്യവേദിയും ചേര്‍ന്നാല്‍ അയര്‍ലണ്ടില്‍ ഭരണം പിടിയ്ക്കും എന്നതില്‍ നിലവിലുള്ള അവസ്ഥയില്‍ സംശയമില്ല.

Scroll To Top