Wednesday December 07, 2016
Latest Updates

 5000 പോത്തുകളെ ബലി നല്‍കി; ലോകത്തിലേറ്റവും വലിയ മൃഗബലി 

 5000 പോത്തുകളെ ബലി നല്‍കി; ലോകത്തിലേറ്റവും വലിയ മൃഗബലി 

കാഠ്മണ്ഡു: നേപ്പാളില്‍ 5000 പോത്തുകളെ ബലി നല്‍കി. ഹൈന്ദവ ആഘോഷമായ ഗാന്ധിമായ് ഉത്സവത്തോട് അനുബന്ധിച്ചാണ് 5000 പോത്തുകളെ കൂട്ടക്കൊല ചെയ്തത്. ഗാന്ധിമായ് ആഘോഷത്തോട് അനുബന്ധിച്ച് ലോകത്ത് ഏറ്റവും വലിയ മൃഗബലി നടക്കുന്ന സ്ഥലമാണ് നേപ്പാള്‍. ശക്തിയുടെ ദേവതയായ ഗാന്ധിമായ്ക്ക് മൃഗങ്ങളെ ബലി നല്‍കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് നേപ്പാളിലെ ഹൈന്ദവരുടെ വിശ്വാസം. നേപ്പാളിലെ ബരിയാര്‍ പൂര്‍ ക്ഷേത്രത്തിലാണ് ദൈവ പ്രീതിക്കായി മൃഗങ്ങളെ കൂട്ടക്കൊല ചെയ്തത്. 

ക്ഷേത്രത്തിലെ പൂജാരി സ്വന്തം ശരീരം മുറിച്ച് ചോര ഇറ്റിച്ച് എലി, കോഴി, പ്രാവ്, ആട്, പന്നി എന്നിവയുടെ കൂടി രക്തം ചേര്‍ത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്. പോത്തുകള്‍ക്ക് പുറമേ ആയിരക്കണക്കിന് കോഴികളെയും പന്നികളെയും ആടുകളെയും ഭക്തര്‍ കൊണ്ട് വന്നു ബലി കഴിച്ചു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് മുന്നിലെ പ്രത്യേകം സജ്ജമാക്കിയ മൈതാനത്ത് പരിശീലനം ലഭിച്ച ആളുകള്‍ പോത്തുകളെ കൂട്ടമായി തലയറുക്കുകയായിരുന്നു. 

കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ ബാര ജില്ലയിലാണ് ദൈവപ്രീതിക്കായി ഈ ക്രൂരത അരങ്ങേറുന്നത്. ആദ്യ ദിനം തന്നെ 5000 പോത്തുകളെ തലയറുത്ത് കൊന്നു. രണ്ടാം ദിനവും ആയിരക്കണക്കിന് പോത്തുകളെ കൂട്ടക്കൊല ചെയ്യാന്‍ കൊണ്ട് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. 2009 ല്‍ നടന്ന ഗാന്ധിമായ് ആഘോഷങ്ങളുടെ ഭാഗമായി 200,000 മൃഗങ്ങളെയും പക്ഷികളെയും ബലി നല്‍കിയതായാണ് കണക്ക്. ഇത്തരത്തില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് മൃഗങ്ങളെയാണ് ദൈവ പ്രീതിക്കായി ബലി കഴിക്കുന്നത്. 

നേപ്പാളിലെ മൃഗ സ്‌നേഹികളുടെ സംഘടനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് വര്‍ഷം തോറും ഈ ക്രൂരകൃത്യം അരങ്ങേറുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ബലി കഴിക്കുന്ന മൃഗങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നിരക്ക് കുറഞ്ഞ് ഈ ആചാരം ഇല്ലാതാകുമെന്നാണ് പ്രതീക്ഷയെന്ന് ആനിമല്‍ വെല്‍ഫെയര്‍ നെറ്റ്‌വര്‍ക്ക് നേപ്പാള്‍ പ്രവര്‍ത്തകയായ സൃഷ്ടി സിംഗ് ശ്രേഷ്ഠ പറഞ്ഞു.

Scroll To Top