Friday December 09, 2016
Latest Updates

നേപ്പാളിലേക്കു പോയ മലയാളികളടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ കാണാനില്ല

നേപ്പാളിലേക്കു പോയ മലയാളികളടങ്ങുന്ന ഇന്ത്യന്‍ സംഘത്തെ കാണാനില്ല

യുഎഇയില്‍ നിന്നും നേപ്പാളിലേയ്ക്ക് വിനോദയാത്ര പോയ നാലു മലയാളികള്‍ ഉള്‍പ്പെടെയുള്ള ആറംഗ ഇന്ത്യന്‍ സംഘത്തെ കാണാനില്ല. ബുധനാഴ്ച വൈകിട്ട് ദുബായില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോയ എറണാകുളം സ്വദേശി തന്‍വീര്‍ റാവുത്തര്‍, ഹാദില്‍ ഹനീഫ്, മസ്ഹര്‍ മൊഹ്യുദ്ദീന്‍, നിഹാദ് അഹ്മദ്, മുഹമ്മദ് അസ്ഹര്‍ അലി, സുനില്‍ ഗാന്ധി എന്നിവരെയാണ് കാണാതായത്. ഇവരെ കുറിച്ച് ഇതു വരെ വിവരങ്ങളൊന്നും ലഭ്യമല്ല.

കാഠ്മണ്ഡുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ടിബറ്റിനടുത്തുള്ള ദി ലാസ്റ്റ് റിസോര്‍ട്ട് എന്ന ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. തന്‍വീറിന്റെ സഹോദരി ഹോട്ടല്‍ മാനേജറെ സമീപിച്ചപ്പോള്‍ അതിഥികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇന്ത്യന്‍ സംഘവും കൂട്ടത്തിലുണ്ട്. എന്നാല്‍ ഇത് തന്‍വീറും സംഘവുമാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഹോട്ടലധികൃതര്‍ പറയുന്നു. തന്‍വീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.

തന്റെ മകനുമായി ഇന്നലെ രാവിലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അതിന് ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും സുനില്‍ ഗാന്ധിയുടെ പിതാവ് ചന്ദ്രശേഖരന്‍ ഗാന്ധി പറയുന്നു. ഇന്ത്യന്‍ എംബസിയുമായും കണ്‍ട്രോള്‍ റൂമുമായും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. സുരക്ഷിത കേന്ദ്രത്തിലാണ് ഇവരുള്ളതെന്നാണ് സൂചനയെങ്കിലും കനത്ത ഹിമപാതം കാരണം ഗതാഗതം തടസ്സപ്പെടുന്നതും ടെലഫോണ്‍ സര്‍വ്വീസുകള്‍ തകരാറാലായതും ആശങ്കയ്ക്കിടയാക്കുന്നു. തുടര്‍ചലനങ്ങള്‍ രക്ഷാ പ്രവര്‍ത്തനവും താറുമാറാക്കിയിരിക്കുന്നു.

വെള്ളിയാഴ്ച്ച രാവിലെയാണ് ഇവര്‍ കാഠ്മണ്ഡുവിലെത്തിയിരുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0097150 5287054, 0097150 4766011 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Scroll To Top