Friday December 09, 2016
Latest Updates

നേപ്പാളില്‍ രണ്ട് മലയാളി ഡോക്റ്റര്‍മാര്‍ മരിച്ചു,ഭൂകമ്പം 8 ദശലക്ഷം പേരെ ബാധിച്ചെന്ന് ഐക്യരാഷ്ട്ര സംഘടന

നേപ്പാളില്‍ രണ്ട് മലയാളി ഡോക്റ്റര്‍മാര്‍ മരിച്ചു,ഭൂകമ്പം 8 ദശലക്ഷം പേരെ ബാധിച്ചെന്ന് ഐക്യരാഷ്ട്ര സംഘടന

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ പെട്ട് മലയാളികളായ രണ്ട് ഡോക്റ്റര്‍മാര്‍ മരിച്ചു.കണ്ണൂര്‍ സ്വദേശി ദീപക് തോമസ്,കാസര്‍കോട് സ്വദേശി ഇര്‍ഷാദ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.കാഠ്മണ്ഡുവില്‍ തകര്‍ന്നു വീണ ഹോട്ടല്‍ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ അവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് മരണപെട്ടത് എന്നാണ് ത്രിഭുവന്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ അറിയിച്ചത് 

തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. ഭൂകമ്പത്തിനുശേഷം ദീപകിനെയും ഇര്‍ഷാദിനെയും പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇവരുടെ കൂടെയുണ്ടായിരുന്ന അബിന്‍ സൂരി ഇന്ന് ഡല്‍ഹിയിലെത്തിക്കും. ഇയാള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. ഇയാളുടെ തുടര്‍ ചികിത്സകള്‍ എയിംസ് ആസ്പത്രിയില്‍ നടത്തും.

മൂന്നുപേരടങ്ങുന്ന സംഘമാണ് നേപ്പാളില്‍ വിനോദയാത്രക്ക് പോയത്. മൂവ്വരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ബാച്ചിലെ സഹപാഠികളായിരുന്നു. 

കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പം എട്ടു ദശലക്ഷം പേരെ ബാധിച്ചെന്ന് ഐക്യരാഷ്ട്ര സംഘടന. ലോകരാഷ്ട്രങ്ങളുടെ സഹായം നേപ്പാളിനാവശ്യമാണ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതപ്പ്, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയ സാമഗ്രികള്‍ ആവശ്യമുള്ളതായും യു.എന്‍ അറിയിച്ചു. 1.4ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷണസാമഗ്രികള്‍ ആവശ്യമാണെന്നും യു.എന്‍ അറിയിച്ചു.

പ്രാഥമിക കണക്കനുസരിച്ച്, 39 ജില്ലകളിലെ എട്ട് ദശലക്ഷം പേര്‍ ഭൂകമ്പത്തിന് ഇരകളായി. ചെറിയ ചലനമുണ്ടായ 11 ജില്ലകളിലെ രണ്ടു ദശലക്ഷം പേര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും യു.എന്‍ ഓഫീസിന്റെ റെസിഡന്റ് കോഡിനേറ്റര്‍ അറിയിച്ചു.

അതേസമയം, ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4,310 ആയി. 8,000ത്തോളം പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ തുടര്‍ഭൂചലനവുമുണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ മൂന്നാമത്തെ രാത്രിയും തെരുവിലാണ് അന്തിയുറങ്ങിയത്.

Scroll To Top