Wednesday September 20, 2017
Latest Updates

നെന്മാറയിലെ നാരങ്ങ മിഠായികള്‍ ( (കഥാനുഭവം )

നെന്മാറയിലെ നാരങ്ങ മിഠായികള്‍ ( (കഥാനുഭവം )

……വിന്ധ്യഹിമാചല് യമുനാ ഗംഗാ….

ഒന്നു കുനിഞ്ഞ് ഡസ്‌കിനു താഴെയുള്ള ബാഗെടുത്ത് മുകളില്‍ വെച്ചു. സെന്റ് ജോണ്‍സിന്റെ നീളന്‍ കുടയെടുത്ത് ബാഗിനരികില്‍ വെച്ചു. പിന്നെ അനങ്ങാതെ നിന്നു.

…..മംഗളദായക ജയഹേ ഭാരത ….

കുടയെടുത്ത് കയ്യില്‍പ്പിടിച്ചു. മൂന്നാമത്തെ ജയഹേ വന്നതും ബാഗെടുത്ത് തോളിലിട്ടു.

..…… ജയജയജയ ജയഹേ

ബാക്ക് ബെഞ്ചില്‍നിന്നും പുറത്തേയ്ക്ക് ഓടാനാഞ്ഞതും പ്രേമടീച്ചര്‍ എല്ലാരേം തടഞ്ഞു

‘ പോകാന്‍ വരട്ടെ. ഇന്ന് നമ്മുടെ സ്‌കൂള്‍ പരിസരമൊക്കെ വൃത്തിയാക്കണം.ഒക്‌റ്റോബര്‍ രണ്ടാണ് മറ്റന്നാള്‍ . ഗാന്ധിജയന്തി.എല്ലാരും ബാഗൊക്കെവെച്ച് പുറത്തിറങ്ങൂ. ‘

കൂട്ടബെല്ലിന് ഒരു മിനിറ്റ് മുന്‍പേ എന്ന സ്‌കൂള്‍ചൊല്ല് പതിരായിപ്പോയ സങ്കടത്തില്‍ രാവിലെ പോരുമ്പോള്‍ അമ്പലമുറ്റത്ത് ഗോട്ടി കളിക്കാന്‍ കുഴിച്ച മൂന്ന് സല്‍ഗുണസമ്പന്നമായ കുഴികളോട് വേയ്റ്റ് ചെയ്യാന്‍ പറഞ്ഞ് സ്‌കൂള്‍ മുറ്റത്തേയ്ക്കിറങ്ങി.

TheLeaderLeadsഗാന്ധിജിയും പുല്ലും തമ്മിലുള്ള ബന്ധമെന്തെന്ന് കണ്‍ഫ്യൂഷനടിച്ചെങ്കിലും
പുല്ലുപറി ഡേ ആഘോഷകരമാക്കാന്‍ തീരുമാനിച്ച് ഞങ്ങള്‍ സംഘങ്ങളായി ഇറങ്ങി. ചുമരിനരികില്‍ അഹങ്കാരത്തോടെ വളര്‍ന്ന് നില്‍ക്കുന്ന പുല്ലുകളെ താലോലിച്ച് പറിച്ചെടുത്ത് മുന്നേറുമ്പോഴാണ് കല്ലുകള്‍ക്കിടയില്‍ അര്‍മാദിച്ച് നില്‍ക്കുന്ന നീളന്‍പുല്ലുകളെ കണ്ടത്.നിക്കണ നിപ്പ് കണ്ടാല്‍ പഞ്ചവത്സരപദ്ധതിയുടെ ജാരസന്തതിപോലുണ്ട്.

പുല്ലുപറി മഹാമഹം കണ്‍ക്ലൂഷനിലെത്തിയ സമയത്ത് അതുകൂടിയങ്ങ് തീര്‍ക്കാമെന്ന അതിമോഹത്തില്‍ ആ നീളന്‍ പുല്ലുകളെ കൂട്ടിപ്പിടിച്ച് ഒരു വലി.

ഇല്ല, വന്നില്ല. ഒന്നൂടി ആഞ്ഞു വലിച്ചു. പിന്നേം വന്നില്ല

ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ട്, ചിരിയും തുടങ്ങിയിരിയ്ക്കുന്നു. ഭാവിയില്‍ കെടാനുള്ള നാണം ഇപ്പൊഴേ വേസ്റ്റാക്കേണ്ടെന്നു കരുതി തിരിഞ്ഞു നോക്കാന്‍ മുതിര്‍ന്നില്ല.

അടുത്തുള്ള കല്ലില്‍ അമര്‍ത്തിച്ചവിട്ടി. പിന്നെ ആഞ്ഞൊരു വലി. ദാണ്ടെ കെടക്കണ് മിസ്‌പ്ലേസായി ഞാന്‍ മാത്രം. യാതൊരു മനസ്സാക്ഷിയുമില്ലാതെ കൂവലുയര്‍ന്നു. കാറ്റില്ലാതിരുന്നിട്ടും അനാവശ്യമായി തലയാട്ടിയ ആ ക്രൂരപുല്ലുകള്‍ക്ക് ഒരെല്ലു കൂടുതലല്ലേ എന്നു തോന്നി.
‘പോടാ പുല്ലേ ‘

മനസ്സമാധാനത്തിന് വേണ്ടി അത്രേം പറഞ്ഞ് വീണിടത്തൂന്ന് ഒരോട്ടം, പടികള്‍ കയറി നേരെ സ്‌കൂളിന്റെ ഓഫീസ് റൂമിന് മുന്നിലേയ്ക്ക്. അവിടെയാണ് ഗാന്ധിജിയുടെ വലിയ പ്രതിമ കുറെ കാലമായി നില്‍ക്കുന്നത്. പൊത്തിപ്പിടിച്ച് അതിനുമുകളില്‍ കയറി. താഴെ നിന്നും കൂട്ടുകാര്‍ തന്ന വെള്ളവും പാറകത്തിന്റെ ഇലയുമുപയോഗിച്ച് രാഷ്ട്രപിതാവിനെ കുളിപ്പിക്കാന്‍ തുടങ്ങി. പുറം തേയ്ക്കാന്‍ തിരിഞ്ഞു തരാതെ നില്‍ക്കുന്ന പ്രതിമയെ ഒന്നു വലംവെയ്ക്കാന്‍ ശ്രമിച്ചതും ദേഹം മുഴുവന്‍ സുലഭമായി ഉരഞ്ഞുകൊണ്ട് പൂഴിമണ്ണില്‍ സാഷ്ടാംഗം നമസ്‌കരിച്ചു.

അനുഭവസമ്പന്നമായ പുല്ലുപറി ഡേ അവിടെ അവസാനിച്ചു അതോടെ.

sevanaപിറ്റേന്ന് ആദ്യപിരീഡ് കഴിഞ്ഞപ്പോഴാണ് കണക്ക് ഹോംവര്‍ക്ക് ചെയ്തില്ലെന്നോര്‍ത്തത്. ഓണപ്പരീക്ഷയ്ക്ക് കണക്കിന് രണ്ട് മാര്‍ക്ക് കുറഞ്ഞതിന് പുഷ്പലതടീച്ചറുടെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ചൂട് ഒട്ടും ആറിയിട്ടില്ലാത്തതിനാല്‍ രക്ഷപ്പെടാനുള്ള വഴിയാലോചിച്ചു.

‘ഹോം വര്‍ക്ക് ചെയ്തില്ലെ?’ഉരഞ്ഞ് മുറിവ് പറ്റിയത് വയറിലായതുകൊണ്ട് എങ്ങനെ ഞൊണ്ടും എന്നാലോച്ചിച്ചിരിയ്‌ക്കെ കുരുട്ട്ബുദ്ധി വേഗമുണര്‍ന്നു

‘ഇല്ല്യ ടീച്ചറേ. ഇന്നലെ പുല്ലു പറിച്ചെന്റെ കൈ ക്ഷീണിച്ചു, അതോണ്ടാ ‘

ആവശ്യത്തിലധികം ഭവ്യത വരുത്തി.ഒന്നു നോക്കിയിട്ട് ടീച്ചര്‍ എന്നോടിരിയ്ക്കാന്‍ പറഞ്ഞു. വീഴ്ചകൊണ്ട് അങ്ങനെ ഒരുപകാരമുണ്ടായി.

ഒക്‌റ്റോബര്‍ 2. രാവിലത്തെ ഫോര്‍മാലിറ്റീസ് കഴിഞ്ഞ് ആലിന്‍ചുവട്ടില്‍ നിന്നും റാലി തുടങ്ങി. പോസ്റ്റോഫീസ് എത്താന്‍ ഏകദേശം പതിനഞ്ച് മിനിറ്റെടുത്തു. അവിടെയുള്ള ടൈലര്‍ കണ്ണന്റെ കടയ്ക്കു മുന്നിലൂടെ ടേണ്‍ ചെയ്യണം, നെന്മാറ റൂട്ടിലേയ്ക്ക്.

‘ഒക്‌റ്റോബര്‍ 2 ഗാന്ധി ജയന്തിഗാന്ധിജി നമ്മുടെ രാഷ്ട്രപിതാ’ എന്ന മുദ്രാവാക്യവുമായി ഞങ്ങളുടെ സംഘം പിന്‍വരിയില്‍ നിന്നും മുന്നോട്ട് ചാടുന്ന വളവാണത്. എന്നുവെച്ചാല്‍ റാലിയുടെ ടേണിങ് പോയന്റ്. പിന്നീടങ്ങോട്ട് വഴിയ്ക്കരികിലെ വേലിയില്‍ നിന്നും തെച്ചിക്കായ കടിച്ചോണ്ടാണ് റാലി. ഇരുപതുമിനിറ്റ് കഴിഞ്ഞ് മില്ലിനരികിലെ അടുത്ത ടേണിങ് എത്തുമ്പോഴേയ്ക്കും വീണ്ടും മുന്നോട്ടൊരു ചാട്ടമാണ്. ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണെന്നു തോന്നുന്നു ടീച്ചര്‍മാര്‍ ഞങ്ങളുടെ സംഘത്തെ എന്നും പിറകിലാണ് നിര്‍ത്താറ് . ചാട്ടത്തില്‍ പിഴയ്ക്കാറില്ലെന്നു കരുതീട്ടാവും.

അവിടുന്നങ്ങോട്ട്, അരികിലുള്ള കൊട്ടാരക്കാട്ടില്‍ ഉച്ചയ്ക്ക് മാത്രമിറങ്ങുന്ന പ്രേതങ്ങളെക്കുറിച്ചുള്ള കഥകളും പറഞ്ഞാണ് യാത്ര. അതങ്ങനെ സ്‌കൂളിനടുത്ത് എത്താറാകുമ്പോഴെയ്ക്കും ഞങ്ങള്‍ ജാഗരൂകരാകും. കാരണം പ്രധാനാധ്യാപകനായ വാസുമാഷ് ആരൊക്കെയാണ് മുദ്രാവാക്യം വിളിക്കുന്നവരെന്നും അല്ലാത്തവരെന്നും നോക്കി നില്‍പ്പുണ്ടാവും. പിന്നെ മിഠായി വിതരണമാണ്. നടന്നു ക്ഷീണിച്ച ശേഷം കിട്ടുന്ന ചുവപ്പും ഓറഞ്ചും നിറമുള്ള ആ നാരങ്ങ മിഠായികള്‍ തന്നെയാണ് ഒക്‌റ്റോബര്‍ 2 എന്ന ദിവസത്തിന്റെ എന്നത്തേയും ഓര്‍മ്മ.

പ്രിയാ ഉണ്ണികൃഷ്ണന്‍
(പുന:പ്രസിദ്ധീകരണം,2014 ഒക്ടോബര്‍ 2 ന് ‘ഐറിഷ് മലയാളി’യില്‍ പ്രസിദ്ധീകരിച്ചത്)

 

Scroll To Top