Thursday February 23, 2017
Latest Updates

നെഹ്രു സര്‍ക്കാര്‍ നേതാജിയുടെ കുടുംബത്തിനു രഹസ്യ നിരീക്ഷണം ഏര്‍പെടുത്തി: ഐബി രേഖകള്‍ പുറത്ത്

നെഹ്രു സര്‍ക്കാര്‍ നേതാജിയുടെ കുടുംബത്തിനു രഹസ്യ നിരീക്ഷണം ഏര്‍പെടുത്തി: ഐബി രേഖകള്‍ പുറത്ത്

1948 മുതല്‍ 1968 വരെയുള്ള രണ്ടു ദശാബ്ദത്തോളം കാലം നെഹ്‌റു സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിന് രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതായി തെളിയിക്കുന്ന രഹസ്യ രേഖകള്‍ പുറത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞിടെ പുറത്തുവിട്ട ഇന്റെലിജന്‍സ് ബ്യൂറോയുടെ രേഖകളിലാണ് ഇക്കാര്യം ഉള്ളത്.

ബ്രിട്ടീഷ് ഭരണ കാലത്ത് നേതാജിക്ക് മേല്‍ ഉണ്ടായിരുന്ന നിരീക്ഷണം നെഹ്രു സര്‍ക്കാര്‍ തുടരുകയായിരുന്നു. പ്രസ്തുത കാലയളവില്‍ 16 വര്‍ഷവും നെഹ്‌റുവായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹം നേരിട്ടായിരുന്നു ഈ കാലയളവില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

ബോസിന്റെ കുടുംബാംഗങ്ങളുടെ കത്തുകള്‍ പകര്‍ത്തിയെഴുതി സൂക്ഷിക്കുകയും, അവരുടെ യാത്രകളും, ആരുമായെല്ലാം ബന്ധപ്പെടുന്നു എന്നും നിരീക്ഷിച്ചിരുന്നു. കുടുംബാംഗങ്ങളുടെ എല്ലാവിധ ചെയ്തികളും ഐബി രേഖപ്പെടുത്തിയിരുന്നു. എന്തിനു വേണ്ടിയായിരുന്നു നിരീക്ഷണം എന്നു വ്യക്തമല്ല. സഹോദര പുത്രന്മാരായ ശിശിര്‍ കുമാര്‍, ആമിയ നാഥ് ബോസ് എന്നിവരെയാണ് പ്രധാനമായും നിരീക്ഷിച്ചത്. നേതാജിയുടെ ഭാര്യയായ ഓസ്ട്രിയക്കാരി എമിലി ഷങ്കിലിന് ഇവര്‍ കത്തുകള്‍ അയച്ചിരുന്നു.

തങ്ങളുടെ കുടുംബം ദീര്‍ഘകാലം രഹസ്യ നിരീക്ഷണത്തിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് കൊല്‍ക്കത്തയില്‍ വ്യവസായിയായ നേതാജിയുടെ പിന്‍തലമുറക്കാരന്‍ ചന്ദ്രകുമാര്‍ ബോസും, ജര്‍മ്മിനിയില്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ നേതാജിയുടെ ഏകപുത്രി അനിത ബോസ് പഫും പറഞ്ഞു. നിരീക്ഷണം എന്തിനായിരുന്നെന്ന് മനസിലാകുന്നില്ലെന്നും, വെളിപ്പെടുത്തല്‍ തന്നെ ഭീതിയിലാക്കുന്നുവെന്നും അനിത പറഞ്ഞു.

ബോസിന്റെ മരണം സംബന്ധിച്ച് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നില്ല. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കൊല്‍ക്കത്തയിലെ കുടുംബാംഗങ്ങളുമായി അദ്ദേഹം തീര്‍ച്ചയായും ബന്ധപ്പെട്ടേനെ. ബോസിന്റെ തിരിച്ചുവരവ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുമ്പോഴും കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നു. ഇതു തന്നെയായിരിക്കാം രഹസ്യ നിരീക്ഷണത്തിന് കാരണമെന്ന് എഴുത്തുകാരനും ബിജെപി ദേശീയ വക്താവുമായ എം ജെ അക്ബര്‍ അഭിപ്രായപ്പെട്ടു.

 

Scroll To Top