Tuesday May 22, 2018
Latest Updates

പിസാ ഡെലിവറിയ്ക്ക് പോയ മലയാളിയുടെ കാര്‍ ക്ലാമ്പ് ചെയ്ത സംഭവം ദേശീയമാധ്യമങ്ങളില്‍ വിവാദമാകുന്നു

പിസാ ഡെലിവറിയ്ക്ക് പോയ മലയാളിയുടെ കാര്‍ ക്ലാമ്പ് ചെയ്ത സംഭവം ദേശീയമാധ്യമങ്ങളില്‍ വിവാദമാകുന്നു

ഡബ്ലിന്‍:പിസ വിതരണം ചെയ്യാനെത്തിയ മലയാളിയുടെ കാര്‍ ക്ലാമ്പ് ചെയ്ത സംഭവം വിവാദമാകുന്നു.ആര്‍ ടി ഇ യും ഐറിഷ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.ഇന്നലെ ആര്‍ ടി ഇ യിലെ ജോ ടഫിയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ഗ്രാന്‍ഡ് കനാല്‍ റോഡിലെ ഷര്‍ലെറ്റ് ക്വിയില്‍ പിസ ഡെലിവറിയ്ക്കായി എത്തിയ ഡബ്ലിന്‍ മലയാളിയായ ജസ്റ്റിന്റെ വാഹനമാണ് അനധികൃത പാര്‍ക്കിങ്ങ് ആരോപിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തന്നെ NCPC ക്ലാമ്പ് ചെയ്തത്. ഇതിനുപുറമേ ജസ്റ്റിനില്‍ നിന്നും 120 യൂറോ പിഴ ഈടാക്കുകയും ചെയ്തു.

പിസ നല്‍കാനെത്തിയപ്പോള്‍ അപ്പാര്‍റ്റ്‌മെന്റിന്റെ രണ്ടാം നിലയില്‍ താമസിക്കുന്ന കസ്റ്റമര്‍ ജസ്റ്റിനോട് പിസ മുകളിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വെറും രണ്ട് മിനിട്ട് മാത്രമാണ് ഇദ്ദേഹത്തിന്റെ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത്.പിസ നല്‍കി തിരിച്ചെത്തിയ ജസ്റ്റിന്റെ മുമ്പില്‍ വച്ചാണ് ഒരു പ്രൈവറ്റ് ക്ലാമ്പിങ്ങ് കമ്പനി അധികൃതര്‍ വാഹനത്തിന് ക്ലാമ്പിട്ടത്.

പിസ വാങ്ങിയ ആളും അപ്പോഴേയ്ക്കും ജസ്റ്റിന്റെ സഹായത്തിന് അവിടെയെത്തിയെങ്കിലും പ്രൈവറ്റ് ക്ലാംബിംഗ് കമ്പനി വിട്ടു വീഴ്ചയ്ക്ക് തയാറായില്ല.’വെറും രണ്ട് മിനിട്ട് മാത്രമാണ് ഞാന്‍ അവിടെ ചിലവഴിച്ചത് അതിനാല്‍ ഈ പിഴയീടാക്കിയ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒരു രാത്രിജോലിക്കൊണ്ട് 50 യൂറോ മാത്രം സമ്പാദിക്കുന്ന എനിക്ക് ബാക്കി തുക തുക കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും’ ജസ്റ്റിന്‍ ആര്‍ ടി ഇ അവതാരകന്‍ ജോ ടഫിയോട് പറഞ്ഞു.

പബ്ലിക് റോഡിനും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനുമിടയിലുമായാണ് ജസ്റ്റിന്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്.യെല്ലോ ലൈന്‍ ഉണ്ടെങ്കിലും പൊതു ഗതാഗതത്തിന് തടസമുണ്ടാകാത്ത ഈ സ്ഥലത്ത് പിസാ ഡെലിവറിക്കാര്‍ സാധാരണ ഏതാനം മിനുട്ടുകള്‍ക്ക് മാത്രമായി പാര്‍ക്ക് ചെയ്യാറുള്ളതാണെന്ന് ദൃക്‌സാക്ഷികളായ സമീപവാസികള്‍ ജോ ടഫിയോട് പറഞ്ഞു.ഞങ്ങള്‍ നോക്കി നില്‍ക്കെയാണ് ക്ലാമ്പിങ്ങ് നടന്നത്.വെറും അമ്പതടി ദൂരെ ജസ്റ്റിന്‍ നില്‍പ്പുണ്ടായിരുന്നു.ക്ലാമ്പ് ചെയ്യരുതെന്ന ഞങ്ങളുടെ അഭ്യര്‍ഥനയും കരാറുകാരന്‍ ഗൌനിച്ചതേയില്ല.’വൈകുന്നേരങ്ങളില്‍ മാത്രം ജോലി ചെയ്യുന്ന ഒരാളെന്ന പരിഗണന പോലും നല്കിയില്ല അയാള്‍’ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

നീതി ആവശ്യപ്പെട്ട് ജസ്റ്റിന്‍ NCPC യെ സമീപിച്ചിട്ടുണ്ട്.ജസ്റ്റിന്റെ കമ്പനിയായ അപ്പാച്ചെ പിസയുടെ ഓഫിസില്‍ നിന്നും ക്ലാമ്പിങ്ങ് കമ്പനിയെ വിളിച്ചു വാഹനം പിഴയില്ലാതെ ഒഴിവാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടയിയില്ല.

ജസ്റ്റിനെപ്പോലെ നിരവധി പേര്‍ക്ക് ക്ലാമ്പിങ്ങ് കമ്പനികളുടെ ക്രൂരത ദിനം തോറും അനുഭവപ്പെടുന്നുണ്ട്.എങ്കിലും സംഭവം ദേശീയ ശ്രദ്ധയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത് ഇതാദ്യമാണ്. സാധാരണ ഡെലിവറി ജോലിക്കാര്‍ക്ക് താങ്ങാവുന്നതല്ല ഇത്തരം പിഴയും മറ്റ് ശിക്ഷാ നടപടികളും.എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള വമ്പന്‍മാര്‍ തന്നെ ബിനാമികളുടെ പേരില്‍ നടത്തുന്ന NCPC പോലെയുള്ള കമ്പനികളുടെ മാനുഷികമായ പരിഗണന പോലും പുലര്‍ത്താത്ത നടപടികള്‍ക്കെതിരെ ജനമുന്നേറ്റവും ശക്തമായ മാര്‍ഗ നിര്‍ദേശങ്ങളും ഉണ്ടായേ തീരു എന്ന ആവശ്യത്തിലാണ് മലയാളികള്‍ അടക്കമുള്ള സാധാരണക്കാര്‍.

 

Scroll To Top