Friday December 09, 2016
Latest Updates

 ജലനിരക്കിനെതിരെ  ഡിസംബര്‍ 10 ന്  ദേശീയ പ്രതിഷേധ റാലി: നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

 ജലനിരക്കിനെതിരെ  ഡിസംബര്‍ 10 ന്  ദേശീയ പ്രതിഷേധ റാലി: നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി

ഡബ്ലിന്‍: ജലനിരക്കിനെതിരെ ഡിസംബര്‍ 10 ന് ഡബ്ലിനില്‍ നിശ്ചയിച്ചിരിക്കുന്ന  ദേശീയ പ്രതിഷേധ റാലി നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി.ഐറിഷ് പാര്‍ലിമെന്റിലെയ്ക്ക് നടത്തുന്ന റാലി നേരിടാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഗാര്‍ഡ റിപ്പബ്ലിക്കന്‍ ഗ്രൂപ്പുകളുടെ മേല്‍ നിരീക്ഷണം ശക്തമാക്കി. ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഗാര്‍ഡ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ജലനിരക്കിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള പ്രത്യേക ഗ്രൂപ്പുകളെയും ആളുകളെയും നിരീക്ഷിച്ചുവരികയാണെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഡിസംബര്‍ 10 ന്റെ റാലിയെക്കുറിച്ച് മാധ്യമ സ്ഥാപനങ്ങളില്‍ ഊമക്കത്ത് ലഭിച്ചിരുന്നു. ഈ കത്തുകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. കത്തിന്റെ ഉറവിടത്തെക്കുറിച്ചും ഗാര്‍ഡ അന്വേഷിക്കുന്നുണ്ട്.

റാലിയില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ആളുകളും നുഴഞ്ഞു കയറി റാലി ഹൈജാക്ക് ചെയ്യാതിരിക്കാന്‍ തീവ്രവാദ വിരുദ്ധ സേനയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ആയിരങ്ങള്‍ അണിനിരക്കുന്ന റാലിയില്‍ അക്രമ സ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയാല്‍ പ്രതിഷേധം അക്രമാസക്തമാകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് പ്രതിഷേധിക്കാനൊരുങ്ങുന്ന സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. അക്രമാസക്തരാകുന്ന പ്രതിഷേധക്കാരെയും മുമ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുള്ളവരെയും ഗാര്‍ഡ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.

അതേസമയം അക്രമ സ്വഭാവമുള്ള സംഘടനകളെയോ വ്യക്തികളെയോ സമരത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് സമരങ്ങള്‍ നേതൃപരമായ പിന്തുണ നല്കുന്ന സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫി പറഞ്ഞു. അക്രമത്തിലൂടെ സമരത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാര്‍ സമരത്തില്‍ പങ്കെടുക്കരുതെന്നും പോള്‍ മര്‍ഫി പറഞ്ഞു. 

വാട്ടര്‍ ചാര്‍ജിനെതിരെയുള്ള ദേശീയ സമരത്തിന്റെ ഭാഗമായി ഇന്ന് എന്നിസിലും,ക്ലോണ്‍മലിലും,താലയിലും അടക്കം പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിട്ടുണ്ട് 

Scroll To Top